Sorry, you need to enable JavaScript to visit this website.

പാലാരിവട്ടം മേൽപ്പാലം അഴിമതി; ടി.ഒ സൂരജ് അറസ്റ്റിൽ

കൊച്ചി- പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജടക്കം നാല് പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു. കിറ്റ്‌കോ മുൻ എം.ഡി ബെന്നി പോൾ, നിർമ്മാണ കമ്പനി എം.ഡി സുമിത് ഗോയൽ ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജർ പി.ഡി തങ്കച്ചൻ എന്നിവരും അറസ്റ്റിലായി. വഞ്ചന, അഴിമതി, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.  സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാർ നൽകിയത്. അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ചോദ്യംചെയ്യലിന് ശേഷം ടി.ഒ സൂരജ് പറഞ്ഞിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ടെൻഡർ നടപടിക്രമങ്ങളിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തിയിരുന്നു. ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം ഉണ്ടെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ നിർമാണക്കമ്പനിയായ ആർ ഡി എസ് പ്രൊജക്ട്‌സ് മാനേജിംഗ് ഡയറക്ടർ സുമിത് ഗോയലിനെയും മുൻ പൊതുമരാമത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ ഒന്നാം പ്രതിയാണ് സുമിത് ഗോയൽ. 
കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്‌സ് ആൻറ് ബ്രി!ഡ്ജസ് ഡെവലപ്‌മെൻറ് കോർപറേഷന് പാലത്തിൻറെ നിർമ്മാണ ചുമതല നൽകിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയർന്നിരുന്നു.
 

Latest News