കൊണ്ടോട്ടി- യു.ഡി.എഫ് ഭരണ സമിതിയുള്ള കൊണ്ടോട്ടി നഗരസഭയിൽ മുസ്‌ലിം ലീഗിന്റെ വികസന സമിതി അധ്യക്ഷനെതിരെ കോൺഗ്രസ് അംഗവും മൂന്ന് ഇടത് അംഗങ്ങളും ചേർന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകി. ലീഗിലെ യു.കെ.മമ്മദിശക്കെതിരെയാണ് കോൺഗ്രസിലെ പറമ്പാടൻ സൈതലവി, സി.പി.എമ്മിലെ പി.അബ്ദുറഹ്മാൻ, പുലാശ്ശേരി മുസ്തഫ, സി.പി.ഐയിലെ അഡ്വ. കെ.കെ.സമദ് എന്നിവർ ചേർന്ന് കോഴിക്കോട് നഗരകാര്യ ജോയന്റ് ഡയറക്ടർ വിനയൻ മുമ്പാകെ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇതിൽ വോട്ടെടുപ്പ് നടത്തണം.
കഴിഞ്ഞ വർഷമാണ് കോൺഗ്രസും ലീഗും യു.ഡി.എഫ് ആയി മതേതര വികസന മുന്നണിയിൽ നിന്ന് ഭരണം പിടിച്ചെടുത്തത്. ഭരണം യു.ഡി.എഫിനായതോടെ വികസന സമിതി അധ്യക്ഷ സ്ഥാനം ലീഗിന് ലഭിച്ചു. നിലവിലെ ഏഴംഗ വികസന സമിതിയിൽ ലീഗ്-മൂന്ന്, സി.പി.എം-രണ്ട്, സി.പി.ഐ-ഒന്ന്, കോൺഗ്രസ്-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇടത് പിന്തുണ ലഭിച്ചതോടെ കോൺഗ്രസ് അംഗത്തിന്റെ നിലപാടിന് അനുസരിച്ചാവും കാര്യങ്ങൾ മാറിമറിയുക.
നഗരസഭയിലെ കോൺഗ്രസ്-ലീഗ് പടലപ്പിണക്കം ഇതോടെ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ദിവസങ്ങളായി നഗരസഭയിലെ അംഗനവാടി അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസ്-ലീഗ് മെമ്പർമാർ തമ്മിൽ കൊമ്പുകോർത്തിരുന്നു. അങ്കണവാടി പ്രശ്‌നവുമായി ബന്ധപ്പെട്ട നഗരസഭയുടെ മുൻ ചെയർമാനും ഭരണ സമിതിക്കെതിരെ രംഗത്തു വന്നിരുന്നു. കോൺഗ്രസ് അംഗം കൂടി ഉൾപ്പെട്ട് വികസന സമിതിയധ്യക്ഷനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയതോടെ നഗരസഭയിലെ രാഷ്ട്രീയ വിവാദത്തിന് വീണ്ടും വേദിയൊരുങ്ങി. പ്രശ്‌നം സങ്കീർണമാവാതെ പരിഹരിക്കാൻ യു.ഡി.എഫ് മുന്നിട്ടിറങ്ങിയേക്കും. കോൺഗ്രസ് കൗൺസിലർമാരുടെ യോഗം ഇന്ന് ചേരുന്നുമുണ്ട്. എന്നാൽ യു.ഡി.എഫിനെ ആഞ്ഞടിക്കാനുളള അവസരം മുതലെടുക്കാനാണ് ഇടതു മുന്നണിയുടെ ശ്രമം.