20 വര്‍ഷം മുറിയിലടച്ചിട്ട സ്ത്രീയെ മോചിപ്പിച്ചു

പനാജി- ഇരുപത് വര്‍ഷമായി ഒരു മുറിയില്‍ അടച്ചിട്ട സ്ത്രീയെ ഗോവ വനിതാ പോലീസ് വീട് റെയ്ഡ് ചെയ്ത് മോചിപ്പിച്ചു. വിവസ്ത്രയായി കാണപ്പെട്ട ഇവര്‍ മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.
ബീച്ച് റിസോര്‍ട്ടുകള്‍ക്ക് പേരുകേട്ട ഗോവയിലെ കന്‍ഡോളിം ഗ്രാമത്തിലാണ് സംഭവം. ജനലിലൂടെയാണ് രണ്ട് സഹോദരങ്ങള്‍ സ്ത്രീക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഭര്‍ത്താവിന് വേറൊരു ഭാര്യയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈയില്‍നിന്ന് മടങ്ങി എത്തിയ ഇവര്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് ബന്ധുക്കള്‍ മുറിയില്‍ പൂട്ടിയിട്ടതെന്ന് അന്വേഷണത്തില്‍ അറിവായി. വനിതാ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി. അന്വേഷണം തുടരുകയാണെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Latest News