Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിർമിതബുദ്ധിക്ക് പിന്നിലെ ബുദ്ധി  നിർമാണം

ലോകം ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന നിർമിത ബുദ്ധിക്കു പിന്നാലെയാണ്. മനുഷ്യന്റെ വ്യവഹാരങ്ങളെല്ലാം യന്ത്രങ്ങൾക്ക് വിട്ടുകൊടുക്കുന്നതിനെ ചൊല്ലി സന്ദേഹിച്ചിരുന്ന വിദൂരമല്ലാത്ത ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്. ഈ യന്ത്രങ്ങൾ ഇപ്പോൾ മനുഷ്യന്റെ ബുദ്ധിയെ കൂടി കടമെടുത്ത് സർവ മേഖലകളിലും ഇടപെടാൻ പോകുകയാണ്. അല്ല, ഇടപെട്ടു തുടങ്ങി എന്നതാണ് ശരി. മനുഷ്യൻ ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ കൃത്രിമ ബുദ്ധി സൃഷ്ടിച്ച് യന്ത്രങ്ങൾക്ക് നൽകി അവയെക്കൊണ്ട് ജോലി ചെയ്യിക്കുക എന്ന് ലളിതമായി ഇതിനെ പറയാം. 
ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടു പരിചയിച്ച ഈ പ്രതീതിലോകം ഇന്നൊരു യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ ഭാവി നിർമിത ബുദ്ധിയാണെന്ന് നാം ആവർത്തിച്ചാവർത്തിച്ച് കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. നിർമിത ബുദ്ധിയുടെ പിന്നാമ്പുറത്ത് നടക്കുന്ന മെഷീൻ ലേണിങ് എന്ന പ്രക്രിയ ശരവേഗത്തിൽ വികസിച്ചു വരികയും ചെയ്യുന്നു. നിർമിത ബുദ്ധിയെ പഠിപ്പിക്കുക എന്ന ഈ പ്രക്രിയക്കു പിന്നിൽ നടന്നു വരുന്നത് മനുഷ്യ തൊഴിലാളികളുടെ കഠിന ജോലികളാണെന്ന ഒരു യാഥാർഥ്യം കൂടിയുണ്ട്. നിർമിത ബുദ്ധി എല്ലാ കാര്യങ്ങളും പഠിച്ചെടുക്കുന്നത് മനുഷ്യരിൽ നിന്നാണ്. കോടാനുകോടി മനുഷ്യരിൽ നിന്ന്. നാം ഓരോരുത്തരുടേയും പേഴ്‌സണൽ ഡാറ്റയിൽ നിന്ന്! ഈ പിന്നാമ്പുറ കഥകളാണ് ന്യൂയോർക്ക് ടൈംസ് ടെക്‌നോളജി ലേഖകൻ കെയ്ഡ് മെറ്റ്‌സ് ഇന്ത്യയിലെ ഏതാനും പട്ടണങ്ങളിലടക്കം പല രാജ്യങ്ങളിലൂടെയും നടത്തിയ യാത്ര പറയുന്നത്. ടെക്‌നോളജി വിദഗ്ധർ പലപ്പോഴും പുറത്തു പറയാത്ത, മടുപ്പിക്കുന്ന ജോലികളാണ് ഭുവനേശ്വറിലും കൊൽക്കത്തയിലുമുള്ള കൗമാരക്കാരും യവതീയുവാക്കളും ലോകത്തെ നിയന്ത്രിക്കുന്ന ടെക് ഭീമൻമാരായ ആമസോൺ, മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികൾക്കു വേണ്ടി ചെയ്തു വരുന്നതെന്ന് വെളിപ്പെടുത്തുന്നതാണ് മെറ്റ്‌സിന്റെ യാത്ര. 

ഡേറ്റ ലേബലിങ്
നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഒരു സംവിധാനത്തിന് നിയുക്തമായ ഒരു ജോലി പഠിച്ചെടുക്കണമെങ്കിൽ അതിന് ഡേറ്റ വേണം. ടെക് ലോകം ബിഗ് ഡേറ്റ എന്നൊക്കെ വിശേഷിപ്പിക്കുന്ന വിവരങ്ങളുടെ വൻശേഖരം തന്നെ ആവശ്യമാണിതിന്. ഈ ഡേറ്റാ ശേഖരത്തിൽനിന്ന് ഓരോന്നും ചികഞ്ഞെടുത്ത് അടയാളപ്പെടുത്തി വേർതിരിച്ചെടുത്താണ് നിർമിത ബുദ്ധിയെ പഠിപ്പിക്കുന്നത്. ഈ ഡേറ്റ ചികഞ്ഞെടുത്ത് കൃത്യമായി അടയാളപ്പെടുത്തുകയും വിവരണം നൽകുകയും ചെയ്യലാണ് ഈ പ്രക്രിയ. ഇതാണ് ഡേറ്റ ലേബലിങ് എന്ന ജോലി. വേർതിരിച്ചെടുക്കുന്ന ഡേറ്റ ഉപയോഗിച്ചുണ്ടാക്കുന്ന നിർമിത ബുദ്ധിയാണ് സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകൾ, സർവെയ്‌ലൻസ് സംവിധാനങ്ങൾ, നിർമിത ബുദ്ധി ഉപയോഗിക്കുന്ന സ്മാർട് ആരോഗ്യ രക്ഷാ സംവിധാനങ്ങൾ തുടങ്ങിയവക്കു പിന്നിൽ പ്രവർത്തിക്കുന്നത്. ഈ ജോലികളെ കുറിച്ച് ടെക് കമ്പനികൾ അധികമൊന്നും പുറത്തു പറയാറില്ല. പല രാജ്യങ്ങളിലും ഇതു സ്വകാര്യതാ ലംഘനമെന്ന വലിയ നിയമ പ്രശ്‌നമുണ്ടാക്കിയേക്കാം എന്നതാണ് കാരണം. സ്മാർട്ട് ഫോണുകളും മറ്റു സ്മാർട്ട് ഡിവൈസുകളും ഉപയോഗിക്കുന്ന കോടിക്കണക്കിന് വ്യക്തികളിൽ നിന്നും അവരുടെ സമ്മതത്തോടെയും അല്ലാതെയും എടുക്കുന്ന പേഴ്‌സണൽ ഡേറ്റയാണ് ഈ വിവരശേഖരത്തിലെ വലിയൊരു ഭാഗവും. ഇത് ശേഖരിച്ചു വെക്കുന്നതും അത് പുറത്തുള്ള കമ്പനികൾക്ക് മറിച്ചു വിൽക്കുന്നതുമെല്ലാം പലപ്പോഴും രഹസ്യമായി നടക്കുന്ന ഇടപാടുകളാണ്.
വിവിധയിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന വീഡിയോകളും ചിത്രങ്ങളും രേഖകളും മാപ്പുകളും സൂക്ഷ്മമായി പരിശോധിച്ചാണ് ഈ ജോലിക്കാർ ഡേറ്റ ലേബലിങ് ചെയ്യുന്നത്. ഏതോ കമ്പനിക്കു വേണ്ടി നിർമിക്കുന്ന ആരോഗ്യ പരിരക്ഷാ രംഗത്ത് ഉപയോഗിക്കുന്നതിനുള്ള ഒരു നിർമിത ബുദ്ധി സാങ്കേതിക വിദ്യക്കു വേണ്ടി ഭുവനേശ്വറിലെ ഒരു കമ്പനിയിൽ യുവതീ യുവാക്കൾ ചെയ്യുന്ന ജോലിയെ കുറിച്ച് മെറ്റ്‌സ് പറയുന്നു. ഇവിടെ ഇരുന്ന്, വൻകുടലിന്റെ പ്രവർത്തനം കാണിക്കുന്ന ഒരു വീഡിയോയിൽ കണ്ണുംനട്ട്, പിന്നോട്ടും മുന്നോട്ടും ഓടിച്ച് ആവർത്തിച്ച് കണ്ട് കുടലിലെ ശ്ലേഷ്മ പടലങ്ങൾ അടയാളപ്പെടുത്തുന്നത് ഡോക്ടർമാരോ ശരീരഘടനാ ശാസ്ത്രത്തിൽ വൈദഗ്ധ്യമുള്ളവരോ ആന്തരികാവയവങ്ങളുടെ പ്രവർത്തനം അറിയാവുന്ന വിദഗ്ധരോ ഒന്നുമല്ല. വെറും ബിരുദം മാത്രമുള്ള യുവതീയുവാക്കളാണ്. ഒരു നല്ല ചുമയേയും രോഗ ലക്ഷണമായ ചുമയേയും വേർതിരിച്ചറിയുന്നവർ ഇവരിലുണ്ട്.  ഇവർ ലേബൽ ചെയ്ത ഡേറ്റകളിലൂടെയാണ് നിർമിത ബുദ്ധി ആരോഗ്യ രക്ഷാ സംവിധാനം ഭാവിയിൽ ഒരാളിൽ രോഗ നിർണയം നടത്താൻ പോകുന്നതെന്ന വസ്തുത ഒരു പക്ഷേ ഞെട്ടലുണ്ടാക്കിയേക്കാം.
വീഡിയോയിൽ കാണുന്ന ശ്ലേഷ്മ പടലങ്ങളും രോഗ ലക്ഷണങ്ങളും രക്തം കട്ടപിടിച്ചതുമെല്ലാം കണ്ടെത്തി അവയ്ക്കു ചുറ്റും നൂറുകണക്കിന് ബൗണ്ടിങ് ബോക്‌സുകൾ വരച്ചാണ് ലേബൽ ചെയ്യുന്നത്. ഇതെല്ലാം പേരു വെളിപ്പെടുത്താത്ത ഒരു യു.എസ് കമ്പനിക്കു വേണ്ടിയാണ് ഭുവനേശ്വറിലെ കമ്പനി ചെയ്യുന്നത്. സ്വയം രോഗാവസ്ഥകളെ കണ്ടെത്തുന്ന അവരുടെ ഏറ്റവും പുതിയ നിർമിത ബുദ്ധി സംവിധാനത്തിലേക്ക് ഇവ ഫീഡ് ചെയ്യപ്പെടും. ഈ വീഡിയോകളും ചിത്രങ്ങളും എവിടെ നിന്നാണ് ലഭിക്കുന്നത് ഈ ജോലി ചെയ്യുന്നവർക്കോ ചെയ്യിക്കുന്ന കമ്പനിക്കോ അറിയില്ലെന്ന വസ്തുത ഇതിലെറെ ആശ്ചര്യപ്പെടുത്തുന്നതാണ്.

മടുപ്പിക്കുന്ന ജോലി
മെഡിക്കൽ വീഡിയോകളിൽനിന്ന് രോഗലക്ഷണങ്ങൾ കണ്ടെത്താൻ ഇവരെ പഠിപ്പിക്കുന്നത് കാലിഫോർണിയയിലെ ഒരു പ്രാക്ടീസ് ചെയ്യാത്ത ഡോക്ടറാണെന്ന് മെറ്റ്‌സിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജോലിക്കെടുത്ത ആദ്യ ആഴ്ച വീഡിയോകോളിലൂടെ ഈ ഡോക്ടർ ജോലി പഠിപ്പിച്ചു തരുമെന്ന് ഭുവനേശ്വറിൽ ഡേറ്റ ലേബൽ ജോലിയിലേർപ്പെട്ട നമിത പ്രധാൻ പറയുന്നു. മെഡിക്കൽ വിദ്യാർത്ഥികളോ ഡോക്ടർമാരോ  ചെയ്യേണ്ട ഈ ജോലി നമിതയെ പോലുള്ളവർ ചെയ്യുന്നതിലെ ആശങ്കയും അപകടവും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, നിരന്തരം മെഡിക്കൽ വീഡിയോകളും പോൺ വീഡിയോകളും കാണേണ്ടി വരുന്ന ഈ ചെറുപ്രായക്കാരുടെ മാനസികാരോഗ്യത്തെ കുറിച്ചും ആശങ്കകൾ ഇവർ പങ്കുവെക്കുന്നുണ്ട്. 
ഇവരിൽ ഭാഷാ സ്‌പെഷ്യലിസ്റ്റുകളുമുണ്ട്. തെരുവു കാഴ്ചകൾ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തുന്നവരുണ്ട്. ആരാണ് ഒരു കാൽനട യാത്രക്കാരൻ? റോഡിൽ കാണുന്നത് മഞ്ഞ വരയാണോ അതോ ഡോട്ടഡ് വെള്ള വരകളാണോ എന്നൊക്കെ സ്വയം ഡ്രൈവ് ചെയ്യുന്ന ഒരു കാറിന് അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇവയ്ക്കാവശ്യമായ വിവരങ്ങളാണ് ഡേറ്റ ലേബലിങിലൂടെ വീഡിയോകളിൽ നിന്നും ചിത്രങ്ങളിൽ നിന്നും മാപ്പുകളിൽ നിന്നും ഈ ജോലിക്കാർ വേർതിരിച്ചെടുത്ത് അടയാളപ്പെടുത്തുന്നത്. ആവർത്തന വിരസവും ഒടുക്കമില്ലാത്തതുമായ ജോലികളാണ് ഇവർ ചെയ്യുന്നത്. ഈ സാങ്കേതിക വിദ്യയുടെ ഭാവിയെ കുറിച്ച് കേൾക്കുന്നതൊന്നുമല്ല ഇവരുടെ ജോലിയുടെ സ്വഭാവം എന്നതാണ് വൈരുധ്യം. ഒാഫീസുകൾക്കു പുറമെ ആമസോണിന്റെ മെക്കാനിക്കൽ ടർക്ക് (എംടർക്ക്) പോലുള്ള ക്രൗഡ് സോഴ്‌സിങ് പ്ലാറ്റ് ഫോമുകൾ വഴിയും പല രാജ്യങ്ങളിലായി പതിനായിരക്കണക്കിനാളുകൾ വീടുകളിലിരുന്നു ഈ ജോലികൾ ചെയ്തു വരുന്നുണ്ട്. ടെക്‌നോളജി, ഓട്ടോ മൊബൈൽ കമ്പനികൾക്കു വേണ്ടിയുള്ള നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾക്കു വേണ്ടിയുള്ള ഡേറ്റ ലേബലിങ് ചെയ്തു നൽകുന്ന ഇന്ത്യയിലെ ഒരു കമ്പനിയാണ് ഐമെരിറ്റ്. സ്വകാര്യതാ കരാറുകൾ ചൂണ്ടിക്കാട്ടി ആർക്കു വേണ്ടിയാണ് ഈ ജോലി ചെയ്തു നൽകുന്നതെന്ന് ഇവർ വെളിപ്പെടുത്താറില്ല. എന്നാൽ വിവിധ രാജ്യങ്ങളിലായുള്ള ഒമ്പതു ഓഫീസുകളിലായി  ഇവരുടെ 2000 ജോലിക്കാർ ആമസോൺ, മൈക്രോസോഫ്റ്റ് എന്നീ ടെക്ക് ഭീമൻമാർക്ക് വേണ്ടി ഡേറ്റ ലേബലിങ് നടത്തിയിട്ടുണ്ടെന്ന് ഈയിടെ വെളിപ്പെടുകയുണ്ടായെന്നും മെറ്റ്‌സ് പറയുന്നു.ഒരു വീഡിയോ അല്ലെങ്കിൽ സ്‌കാൻ റിപ്പോർട്ട് കണ്ട് അതിൽ നിന്നും ഒരു മനുഷ്യന്റെ രോഗ ലക്ഷണങ്ങൾ തിരിച്ചറിയുക, തെരുവിലെ ട്രാഫിക് അടയാളങ്ങൾ കൃത്യമായി വരച്ചു കാട്ടുക തുടങ്ങി ഈ ജോലിക്കു വേണ്ട അറിവുകളെല്ലാം ഇതു ചെയ്യാനെത്തുന്ന വെറും ബിരുദധാരികൾ മാത്രമായ യുവ ജോലിക്കാർ പഠിച്ചെടുക്കേണ്ടതുണ്ട്. മെഡിക്കൽ വീഡിയോകൾ, പോൺ വീഡിയോകൾ, വയലൻസ് നിറഞ്ഞ ചിത്രങ്ങൾ എന്നിവയടക്കം ഇതു പോലെ സൂക്ഷ്മമായി പരിശോധിച്ച് ലേബൽ ചെയ്യുന്നത് ഭീകരവും അലോസരപ്പെടുത്തുന്നതുമായ ജോലിയാണ്. പലപ്പോഴും ഈ ജോലി ചെയ്യുന്നവരെ ഇതു മാനസിക തകരാറിലേക്കു വരെ നയിച്ചേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തിൽ സന്ദേഹങ്ങൾ നിറഞ്ഞ ഒരു ഭാവിയിലേക്കാണോ നിർമിത ബുദ്ധി മനുഷ്യനെ നയിക്കുന്നത്? 

Latest News