രാത്രിയുടെ മറവില്‍ കാമുകിയെ തേടിയെത്തി; നാട്ടുകാര്‍ പിടികൂടി വിവാഹം നടത്തിക്കൊടുത്തു

പട്‌ന- പ്രണയം ഒരു പക്ഷെ കൊലപാതകത്തിലേക്കു വരെ നയിച്ചേക്കാവുന്ന സാമൂഹിക ചുറ്റുപാടാണ് കേരളമുള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലുള്ളത്. ദുരഭിമാനത്തിന്റെ പേരിലും മാതാപിതാക്കളുടെ എതിര്‍പ്പിന്റെ പേരിലും ഇഷ്ട ഇണകളെ കൈവിട്ടു പോയ നിരവധി യുവതീയുവാക്കളുടെ വാര്‍ത്തകള്‍ക്ക് ഒരു ദാരിദ്ര്യവുമില്ലാത്ത നാടാണ്. കേട്ടുപഴകിയ ഈ കഥകള്‍ക്ക് നേര്‍വിപരീതമായി ഒരു പ്രണയ സാഫല്യം ബിഹാറില്‍ സംഭവിച്ചു. മോഠിഹാരി ജില്ലയിലെ കോനിയ ഗ്രാമത്തില്‍ നിന്നാണ് അപൂര്‍വ വാര്‍ത്ത. സമീപ ഗ്രാമമായ സാഹിബ്ഗഞ്ച് സ്വദേശിയായ യുവാവ് ചൊവ്വാഴ്ച രാത്രി ആരും കാണാതെ പാത്തും പതുങ്ങിയും തന്റെ കാമുകിയെ കാണാന്‍ കോനിയയില്‍ എത്തിയതായിരുന്നു. രഹസ്യമായി കാമുകിയെ തേടിയെത്തിയ യുവാവ് നാട്ടുകാരില്‍ ഒരാളുടെ കണ്ണില്‍പ്പെട്ടു. ഇദ്ദേഹം വിവരം നല്‍കിയതനുസരിച്ച് നൂറോളം നാട്ടുകാര്‍ എത്തി കാമുകനേയും കാമുകിയേയും കയ്യോടെ പിടികൂടുകയായിരുന്നു. പിന്നീട് നടന്ന സംഭവങ്ങള്‍ നാം ഇതുവരെ കേട്ടതു പോലെ അല്ലെന്നതാണ് ഈ സംഭവത്തിന്റെ ക്ലൈമാക്‌സ്.

യുവാവിനെ പിടിച്ചുവച്ച നാട്ടുകാര്‍ ഉടന്‍ തന്നെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു ഈ വിഷയം ചര്‍ച്ച ചെയ്തു. വിവാഹത്തിനു സമ്മതമാണോ എന്ന് നാട്ടുകോടതി ആദ്യം പെണ്‍കുട്ടിയോട് ചോദിച്ചു. പെണ്‍കുട്ടി സമ്മതം മൂളിയപ്പോള്‍ യുവാവിനോടും ചോദിച്ചു. ഇരുവരും തയാറായതോടെ വിവാഹം നടത്താന്‍ നാട്ടുകോടതി തീരുമാനിക്കുകയായിരുന്നു. നാട്ടുപഞ്ചായത്ത് തീരുമാനം വന്നതോടെ ഗ്രാമീണര്‍ പുരോഹിതനെ വിളിച്ചുവരുത്തി വിവാഹ ചടങ്ങുകള്‍ നടത്തുകയും ചെയ്തു. സംഭവങ്ങള്‍ക്കെല്ലാം മൂക സാക്ഷിയായി പോലീസും സ്ഥലത്തുണ്ടായിരുന്നു.
 

Latest News