Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അക്കൗണ്ടന്റുമാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി; ഇഖാമ പുതുക്കില്ല

റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന  വിദേശി അക്കൗണ്ടന്റുമാർ സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സിൽ ഉടൻ രജിസ്റ്റർ ചെയ്യണം.  അല്ലെങ്കിൽ ഇവരുടെ ഇഖാമ മുഹറം ഒന്നു മുതൽ പുതുക്കാനാകില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. അക്കൗണ്ടന്റുമാർക്ക് രജിസ്‌ട്രേഷനും അക്രഡിറ്റേഷനും നിർബന്ധമാക്കിയ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ഉദ്ഘാടനം ചെയ്തു. 


തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സും സഹകരിച്ചാണ് പ്രോഗ്രാം നടപ്പാക്കുന്നത്. സൗദിയിൽ അക്കൗണ്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ ആളുകളും സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. https://eservice.socpa.org.sa എന്ന വെബ്‌സൈറ്റ് വഴിയാണ് സ്ഥാപനങ്ങൾ അക്കൗണ്ടന്റുമാരെ രജിസ്റ്റർ ചെയ്ത് സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് അംഗത്വം നേടേണ്ടത്. 


അക്കൗണ്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശികളുടെയും വർക്ക് പെർമിറ്റിനും വർക്ക് പെർമിറ്റ് പുതുക്കുന്നതിനും പ്രൊഫഷൻ മാറ്റത്തിനും അടുത്ത ശനിയാഴ്ച മുതൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കും. അക്കൗണ്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ യോഗ്യതകൾ അന്വേഷിച്ച് ഉറപ്പു വരുത്തുന്നതിനും ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് സഹായകമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണിത്. 


വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് അക്കൗണ്ടന്റുമാരായി വിദേശികൾ ജോലിയിൽ പ്രവേശിക്കുന്ന പ്രവണത ഇല്ലാതാക്കാൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുന്നവരുടെ സർട്ടിഫിക്കറ്റുകൾ ഒറിജിനലാണെന്ന് സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് അന്വേഷിച്ച് ഉറപ്പു വരുത്തും. അക്കൗണ്ടന്റുമാരുടെ യോഗ്യതക്കുള്ള അംഗീകാരമായി സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് രജിസ്‌ട്രേഷൻ കണക്കാക്കും. 
അക്കൗണ്ടിംഗ് മേഖലയിൽ ഇരുപതിനായിരം തൊഴിലുകൾ 2022 അവസാനത്തോടെ സൗദിവൽക്കരിക്കാനാണ് ലക്ഷ്യമിടുന്നത്.  സൗദിവൽക്കരണം നടപ്പാക്കുന്നതിനും ജീവനക്കാരുടെ ശേഷിയും ഗുണമേന്മയും ഉയർത്തുന്നതിനും പുതിയ തീരുമാനം അക്കൗണ്ടിംഗ് മേഖലയെ പ്രോത്സാഹിപ്പിക്കും. 
വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് അക്കൗണ്ടന്റുമാരായി ജോലി ചെയ്യുന്നവരെയും ജോലി നേടാൻ ശ്രമിക്കുന്നവരെയും കണ്ടെത്തുന്നതിനും ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും രജിസ്‌ട്രേഷൻ പദ്ധതി സഹായിക്കും. 

 

Latest News