കോട്ടയം - പാലാ നിയമസഭ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും ആദ്യ ദിനം പത്രിക നൽകി ഇലക്ഷൻ വീട്ടിൽ ഡോ. കെ പത്മരാജൻ. സ്വതന്ത്ര സ്ഥാനാർഥിയായാണ് തമിഴ്നാട് മേട്ടൂർ സ്വദേശി ഡോ. കെ. പത്മരാജൻ കോട്ടയം കലക്ടറേറ്റിൽ പത്രിക നൽകിയത്.
'ഇലക്ഷൻ പത്മരാജന്' തെരഞ്ഞെടുപ്പ് മത്സരം പതിവ് സംഭവമാണ്. സേലം മേട്ടൂർ ഡാം സ്വദേശിയായ ഡോ. കെ. പത്മരാജൻ എന്ന ഇലക്ഷൻ പത്മരാജൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖർക്ക് എതിരെ മത്സരിച്ചാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. നരേന്ദ്ര മോഡി, നരസിംഹറാവു, വാജ്പേയി, രാഹുൽ ഗാന്ധി തുടങ്ങി ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങളോടൊക്കെ പത്മരാജൻ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. എങ്കിലും എതിരാളികൾ എല്ലാം വി.വി.ഐ.പികളായിരുന്നു എന്നത് അഭിമാനത്തോടെയാണ് അദ്ദേഹം പറയുന്നത്. അഞ്ചു രാഷ്ട്രപതിമാർക്കെതിരെ മത്സരിച്ചിട്ടുണ്ട് എന്നത് വലിയ ബഹുമതി ആണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
1988 ലെ മേട്ടൂർ ഡാം തെരഞ്ഞെടുപ്പിൽ ശ്രീരംഗനോട് മത്സരിച്ചാണ് തെരഞ്ഞെടുപ്പ് ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് 204 തെരഞ്ഞെടുപ്പുകളിലായി നിരവധി പ്രമുഖ വ്യക്തിത്വങ്ങളോട് അദ്ദേഹം ഏറ്റുമുട്ടി. ഏറ്റവുമൊടുവിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയോട് മത്സരിച്ചു. 1858 വോട്ടുകളാണ് പത്മരാജന് ലഭിച്ചത്. കണ്ണൂർ കുഞ്ഞിമംഗലം കുടുംബാംഗമായ പത്മരാജൻ ഹോമിയോ ഡോക്ടറാണ്. കേരളത്തിൽ ആദ്യമായാണ് ഒരു ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാലാണ് പാലായിൽ ഒരു കൈ നോക്കാൻ ഇറങ്ങുന്നത് എന്ന് എന്ന് അദ്ദേഹം പറയുന്നു. പത്രിക നൽകാനായി തലേന്ന് തന്നെ പാല സിവിൽ സ്റ്റേഷനിലെത്തി. ഇനിയുള്ള ദിവസങ്ങളിൽ നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രാമങ്ങളിലും ഒറ്റക്ക് പ്രചാരണം നടത്തി വോട്ട് നേടുമെന്നാണ് പത്മരാജൻ പറയുന്നത്.
ഭാര്യ ഷീജ നമ്പ്യാർ. ഏക മകൻ ശ്രീജേഷ് പത്മരാജൻ എംബിഎ ബിരുദധാരിയാണ്. അദ്ദേഹത്തിന്റെ വീടിന്റെ പേരും ഇലക്ഷൻ വീട് എന്നാണ്.






