ശ്രീനഗർ- കശ്‌മീരിൽ ആവശ്യത്തിന് മരുന്നില്ലെന്നും അത്യാവശ്യത്തിനുള്ള മരുന്നെത്തിക്കണമെന്നും ആവശ്യപ്പെട്ട ഡോക്‌ടർ അറസ്‌റ്റിൽ. ഉപരാഷ്‌ട്രപതിയിൽ നിന്നും പുരസ്‌കാരം നേടിയ ഡോ. ഒമര്‍ സലിം അക്തറാണ് അറസ്‌റ്റിലായത്. ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടതിനാണ് ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്‌തു വരുന്ന ഇദ്ദേഹം ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കാനാവുന്നില്ലെന്ന് അധികൃതര്‍ക്ക് മുന്നില്‍ പരാതി പറയുകയും മരുന്നുകള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് "ഇതൊരു പ്രതിഷേധമല്ല, അഭ്യര്‍ഥനയാണ്" എന്ന തലക്കെട്ടുള്ള പ്ലക്കാര്‍ഡ് കയ്യിലേന്തിയാണ് ഒമര്‍ ജോലിക്കെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്‌റ്റ്.
യൂറോളജിയില്‍ സ്വര്‍ണ്ണ മെഡലോടെ വിജയം നേടിയതിന് ദൽഹി വിജ്ഞാന്‍ ഭവനില്‍ വച്ച് ഉപരാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം നേടിയ വ്യക്തി കൂടിയാണ് ഡോ. ഒമര്‍. മരുന്നുകളൊന്നും ലഭ്യമല്ല. ഇന്‍ഷുറന്‍സ് പോലുള്ള സൗകര്യങ്ങള്‍ നല്‍കുന്നില്ല. ഡയാലിസിസ് പോലും നിര്‍ത്തിവച്ചിരിക്കുന്നു. കാന്‍സര്‍ രോഗികള്‍ പോലും ചികിത്സയ്‌ക്കെത്തുന്നില്ല. ദയവായി മരുന്നുകളും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. ഇതൊരു മനുഷ്യസ്‌നേഹിയുടെ അഭ്യര്‍ഥനയാണ്, എന്നായിരുന്നു പ്ലക്കാര്‍ഡിലുണ്ടായിരുന്നത്. കശ്മീരില്‍ ആശുപത്രികളില്‍ മരുന്നുകളും മതിയായ ചികിത്സയും ലഭ്യമാകുന്നില്ലെന്ന് രണ്ടാഴ്ചകള്‍ക്ക് മുമ്പ് തന്നെ വാര്‍ത്തകളുണ്ടായിരുന്നു. അവശ്യമരുന്നുകള്‍ക്ക് ക്ഷാമമാണെന്നും വാര്‍ത്തകള്‍ ഉണ്ടായി. എന്നാല്‍ രണ്ടാഴ്ചത്തേയ്ക്കുള്ള മരുന്നുകള്‍ ശേഖരിച്ചിട്ടുണ്ടെന്നായിരുന്നു ഗവര്‍ണ്ണറുടെ വിശദീകരണം. അതും മതിയായതല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിലപാട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടേണ്ടുവരുമെന്നതിനാല്‍ കുറച്ചുമാസത്തേക്കുള്ള മരുന്നുകളെങ്കിലും ശേഖരിക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലും പതിവാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെയും നിലപാട്.






