തുഷാര്‍ ശരിക്കും കുടുങ്ങി, ജാമ്യവ്യവസ്ഥ ഇളവു ചെയ്യില്ല, കേസ് തീരും വരെ യു.എ.ഇയില്‍ തുടരണം

അബുദാബി- ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉടനെ നാട്ടിലേക്ക് മടങ്ങാനാവില്ല. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി തുഷാര്‍ വെള്ളാപ്പള്ളി സമര്‍പ്പിച്ച അപേക്ഷ അജ്മാന്‍ കോടതി തള്ളി.
രണ്ട് സ്വദേശി പൗരന്മാരുടെ പാസ്‌പോര്‍ട്ടുകള്‍ ജാമ്യമായി നല്‍കി മടക്കയാത്രക്ക് അനുമതി നല്‍കാനാണ് തുഷാര്‍ ശ്രമിച്ചത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. ഇപ്രകാരം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്ന പൗരന്മാര്‍, തുഷാര്‍ ഉള്‍പ്പെട്ട കേസിലെ മുഴുവന്‍ പണവും അടക്കാന്‍ കഴിവുള്ളവരായിരിക്കണം. കൂടാതെ തുഷാര്‍ മടങ്ങിവന്നില്ലെങ്കില്‍ എല്ലാ പ്രത്യാഘാതങ്ങളും ഇവര്‍ക്കായിരിക്കും. ഇത് മനസ്സിലാക്കി തുഷാറിനായി പാസ്‌പോര്‍ട്ട് നല്‍കാന്‍ തയാറായ  യു.എ.ഇ സ്വദേശികള്‍ ആരാണെന്ന് വ്യക്തമല്ല.
സ്വദേശികളുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവു നേടാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. ഇതിനായി അജ്മാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഇനി കേസില്‍ ഒത്തുതീര്‍പ്പുണ്ടാകുന്നതു വരെയോ കേസ് തീരും വരെയോ തുഷാറിന് യു.എ.ഇ വിടാനാകില്ല എന്നാണ് സൂചന.

 

Latest News