ഗാസിയാബാദ്- കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതായി ആരോപിച്ച് ഉത്തർ പ്രദേശിൽ യുവതിയെ കൂട്ട മർദനത്തിരയാക്കി. യുപിയിലെ ഗാസിയാബാദിലെ ലോണി പ്രദേശത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെന്നാരോപിച്ചാണ് മധ്യവയസ്കയായ യുവതിയെ ആൾകൂട്ടം മർദനത്തിനിരയാക്കിയത്. എന്നാൽ, സ്വന്തം പേരക്കുട്ടിയുമായി പോകുന്ന സമയത്താണ് യുവതി ആക്രമണത്തിനിരയായത്. സംഭവത്തിൽ കേസെടുത്ത പോലീസ് മർദിച്ചവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ട് പോകുന്നുവെന്ന തരത്തിൽ യുവതിയെ ആൾകൂട്ടം ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് അധികൃതർ കേസെടുക്കാൻ തയ്യാറായത്. തന്നെ ആക്രമിക്കരുതെന്നു കരഞ്ഞു പറയുന്ന യുവതിയെ ചുറ്റും കൂടിയവർ യുവതിയുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ കടുത്ത മർദനത്തിനിരയാക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.
അതേസമയം, യുവതി പേരക്കുട്ടിയുമായി ഷോപ്പിംഗിനു പോകവെയാണ് ആളുകൾ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതെന്ന് ആരോപിച്ച് ആക്രമണത്തിനിരയാക്കിയത്. സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് സൂപ്രണ്ടന്റ് നീരജ് കുമാർ ജാദുവാൻ പറഞ്ഞു. ഇത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടാകുകയാണെങ്കിൽ സ്വന്തമായി ഇടപെടാതെ 100 എന്ന അത്യാഹിത നമ്പറിൽ ബന്ധപ്പെട്ട് പോലീസിനെ വിവരമറിയിക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും പോലീസ് ആവശ്യപ്പെട്ടു.