ഗോകുലം ഗോപാലന്റെ മകന്‍ പിടിയിലായത് രാജ്യദ്രോഹ കേസില്‍, മോചനം കീറാമുട്ടി

അല്‍ഐന്‍- പാസ്‌പോര്‍ട്ടില്‍ വ്യാജ എക്‌സിറ്റ് സീല്‍ പതിച്ച് അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച കേസിലാണ് പ്രമുഖ ബിസിനസുകാരന്‍ ഗോകുലം ഗോപാലന്റെ മകന്‍ ബൈജു അല്‍ഐനില്‍ ജയിലിലായത്. ദുബായിലെ ചെക്കുകേസില്‍നിന്ന് രക്ഷപ്പെടാനാണ് അനധികൃത മാര്‍ഗത്തില്‍ ഒമാന്‍ വഴി ഇന്ത്യയിലേക്ക് കടക്കാന്‍ ബൈജു ശ്രമിച്ചത്. ഇതിനിടെ ഒമാന്‍ പൊലീസ് പിടികൂടി യു.എ.ഇ പൊലീസിന് കൈമാറുകയായിരുന്നു. യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള അല്‍ഐന്‍ മഖാമിലെ എമിഗ്രേഷന്‍ ജയിലിലാണ് ഇദ്ദേഹം ഇപ്പോള്‍.
കടുത്ത കുറ്റമാണ് ബൈജു ചെയ്തിരിക്കുന്നത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത്. തുഷാര്‍ പാസ്‌പോര്‍ട്ട് ജാമ്യം നല്‍കി പുറത്തിറങ്ങിയെങ്കിലും നാട്ടില്‍ പോകാനുള്ള ശ്രമത്തിലാണ്. രണ്ട് യു.എ.ഇ പൗരന്മാരുടെ പാസ്‌പോര്‍ട്ട് ജാമ്യം നല്‍കി നാട്ടിലേക്ക് പോകാനുള്ള തുഷാറിന്റെ ശ്രമം കോടതി തള്ളിയെന്നാണ് സൂചന. ഇപ്പോള്‍ അറസ്റ്റിലായ ബൈജുവിന്റെ പിതാവ് ഗോകുലം ഗോപാലനും എസ്.എന്‍.ഡി.പി നേതാവ് തന്നെയാണ്. വെള്ളാപ്പള്ളിയുടെ വിരുദ്ധ ഗ്രൂപ്പിലാണ് ഇദ്ദേഹം.

യു.എ.ഇയില്‍ ബിസിനസ് നടത്തുന്ന ബൈജു ഗോപാലനെതിരെ ദുബായില്‍ ചെക്ക് കേസ് നിലവിലുള്ളതിനാല്‍ യാത്രാ വിലക്കുണ്ട്. ഇതു മറികടക്കാനാണ് നിയമവിരുദ്ധ വഴിയിലൂടെ നീങ്ങിയത്. യു.എ.ഇയില്‍നിന്ന് അതിര്‍ത്തി കടക്കുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ പതിക്കുന്ന എക്‌സിറ്റ് സീല്‍ വ്യാജമായി ഉണ്ടാക്കി പതിപ്പിച്ചത് ചെക് പോസ്റ്റില്‍ പിടികൂടുകയായിരിന്നു. റോഡ് മാര്‍ഗം ഒമാനിലേക്ക് കടക്കവെയായിരുന്നു സംഭവം. വ്യാജരേഖ ചമയ്ക്കല്‍ രാജ്യദ്രോഹ കുറ്റമായതിനാല്‍ മോചനത്തിന് കടമ്പളേറെയാണ്.

 

Latest News