Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തുഷാറുമായുള്ള കേസിൽ നാസിൽ അബ്ദുള്ളക്ക് യൂത്ത് ലീഗ് പിന്തുണ

കോഴിക്കോട്- ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി സാമ്പത്തിക വഞ്ചന നടത്തിയെന്നാരോപിച്ച് ദുബായ് പ്രവാസി നാസിൽ അബ്ദുള്ള നൽകിയ കേസിൽ നാസിലിന് പിന്തുണയുമായി യൂത്ത് ലീഗ് സംസ്ഥാന സമിതി. നാസിൽ അബ്ദുള്ള നടത്തുന്ന നിയമപോരാട്ടത്തെ യൂത്ത് ലീഗ് പിന്തുണക്കുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു. നാസിൽ അബ്ദുള്ളയുമായി സംസാരിച്ച ശേഷമാണ് തീരുമാനം. നാസിലിന് കി്ട്ടാനുള്ള പണം ലഭ്യമാക്കാതെ തുഷാറിനെ നാട്ടിലെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് നാസിൽ സങ്കടപ്പെടുന്നുവെന്നും ഫിറോസ് പറഞ്ഞു.
ഫിറോസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

ദുബായിൽ നിന്നും നാസിൽ അബ്ദുള്ള വിളിച്ചിരുന്നു. അധികാരവും പണവുമുള്ളവർ ചേർന്ന് ഇത് രണ്ടും ഇല്ലാത്ത ഒരു സാധാരണ മനുഷ്യന്റെ ജീവിതം തകർത്തതിനെ കുറിച്ച് പറഞ്ഞു. ഇപ്പോഴും തനിക്ക് കിട്ടാനുള്ള പണം നൽകി കേസ് ഒത്തുതീർപ്പാക്കുന്നതിനു പകരം തുഷാർ വെള്ളാപ്പള്ളിയെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരിഭവിച്ചു.

രണ്ട് വ്യക്തികൾ തമ്മിലുള്ള പണമിടപാട് കേസിൽ മുഖ്യമന്ത്രി എന്തിനാണ് ഒരു പക്ഷം പിടിക്കുന്നത്? ആരുടെയെങ്കിലും പക്ഷത്ത് നിൽക്കുകയാണെങ്കിൽ സർക്കാർ നിൽക്കേണ്ടത് ഇരയുടെ പക്ഷത്താണ്. പിന്നെന്തിനാണ് തുഷാർ വെള്ളാപ്പള്ളിയുടെ മാത്രം ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് മുഖ്യമന്ത്രി കത്തയച്ചത്? മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതി എന്ന് വി.എസ് അച്ചുതാനന്ദൻ ഇപ്പോഴും ആരോപിക്കുന്ന ഒരാൾക്ക് വേണ്ടി വ്യവസായിയായ എം.എ യൂസഫലിയെ വിളിച്ച് മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്?

ചെക്ക് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന ഏതെങ്കിലും പ്രവാസിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് മുഖ്യമന്ത്രി ഇതിനു മുമ്പ് കേന്ദ്ര സർക്കാറിന് കത്തയച്ചിരുന്നോ? ആർക്കെങ്കിലും വേണ്ടി ഇടപെടാൻ യൂസഫലിയോട് ആവശ്യപ്പെട്ടിരുന്നോ(ബിനോയ് കോടിയേരിയുടെ കാര്യമല്ല)!?

ശ്രീ. പിണറായി വിജയൻ തുഷാർ വെള്ളാപ്പള്ളിയുടെ മാത്രം മുഖ്യമന്ത്രിയല്ല. നാസിൽ അബ്ദുള്ളയുടെ കൂടി മുഖ്യമന്ത്രിയാണ്. നാസിൽ അബ്ദുള്ള നടത്തുന്ന നിയമപോരാട്ടത്തെ അധികാരവും പണവും ഉപയോഗിച്ച് തളർത്താൻ ശ്രമിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. അദ്ദേഹം നടത്തുന്ന നിയമ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നു.
 

Latest News