ന്യൂദല്‍ഹി- ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ അനുഛേദം 370 റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത നടപടിക്കെതിരായ മുഴുവന്‍ ഹരജികളും ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. അനുച്ഛേദം 370 റദ്ദാക്കിയത്, സുരക്ഷ നിയന്ത്രണങ്ങള്‍, വീട്ടുതടങ്കല്‍ എന്നിവ ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് സുപ്രീം കോടതിക്ക് മുമ്പാകെയുള്ളത്. ജമ്മു കശ്മീരില്‍ മാധ്യമ പ്രവര്‍ത്തനം ദുഷ്കരമായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മാധ്യമ സ്ഥാപനങ്ങളും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസ്നയിന്‍ മസൂദി, പൊതുപ്രവര്‍ത്തകരായ മനോഹര്‍ലാല്‍ ശര്‍മ, തഹ്സീന് പൂനെവാല എന്നിവരാണ് അനുച്ഛേദം 370 എടുത്തു കളഞ്ഞതിനെതിരെ ഹരജി സമര്‍പ്പിച്ചവര്‍.
സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയും ഇന്ന് പരിഗണിക്കുന്നവയില്‍ ഉള്‍പ്പെടും.






