ന്യൂദല്‍ഹി- കോളേജ് മാനേജ്മെന്റിലെ പ്രബലര്‍ ചൂഷണം ചെയ്യുകയാണെന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത നിയമ വിദ്യാര്‍ഥിനിയെ കാണാതായി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 23 കാരി ശനിയാഴ്ചയാണ് അപ്രത്യക്ഷയായത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആരുടേയും പേര് പറഞ്ഞിട്ടില്ലെങ്കിലും കോളേജ് മാനേജ്മെന്റ് പ്രസിഡന്റായ മുന്‍ ബി.ജെ.പി എം.പി സ്വാമി ചിന്മയാനന്ദാണ് മകളുടെ തിരോധനാനത്തിനു പിന്നിലെന്ന് പിതാവ് പരാതി നല്‍കിയിട്ടുണ്ട്.
പിതാവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ മന്ത്രിയായിരുന്ന മുന്‍ എം.പിയില്‍നിന്ന് പണം തട്ടാനുള്ള അടവാണെന്ന് ആരോപിച്ച് ചിന്മയാനന്ദിന്റെ അഭിഭാഷകന് കുറ്റപ്പെടുത്തി.
ലഖ്നൗവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഷാജഹാന്പൂരിലുളള സ്വാമി സുഖ്ദേവനന്ദ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിലെ വിദ്യാര്‍ഥിനിയെയാണ് കാണാതായത്. കോളേജ് മാനേജിംഗ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്വാമി ചിന്മയാനന്ദാണെന്ന് വെബ്സൈറ്റില്‍ പറയുന്നു. കാമ്പസിലെ ഹോസ്റ്റലിലായിരുന്നു മകള്‍ താമസമെന്ന് പിതാവ് പരാതിയില്‍ പറഞ്ഞു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും സഹായം അഭ്യര്‍ഥിക്കുന്ന യുവതിയുടെ വീഡിയോ കഴിഞ്ഞ മൂന്ന് ദിവസമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സന്ത് സമാജിലെ വലിയ ഒരു നേതാവ് കോളേജിലെ നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുകയും തെന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. തുടര്‍ന്ന് യോഗി ജി, മോഡി ജി എന്നിവരോട് സഹായിക്കാന്‍ അഭ്യര്‍ഥിക്കുന്നു.
തന്റെ കുടുംബത്തെ കൊല്ലുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പോലീസും ജില്ലാ മജിസ്ട്രേറ്റും തന്റെ പോക്കറ്റിലാണെന്നാണ് സന്യാസിയായ അയാള്‍ പറയുന്നത്. പക്ഷേ, എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും ഈ മാസം 24 ന് വൈകിട്ട് നാല് മണിക്ക് ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. കാറലിരുന്നാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്.
വീഡിയോ കണ്ട ശേഷം മുന്‍ ബി.ജെ.പി എം.പി ചിന്മയാനന്ദുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ചിന്മയാനന്ദാണ് മകളുടെ തിരോധാനത്തിനു പിന്നിലെന്നും യുവതിയുടെ പിതാവ് രേഖാമൂലം നല്കിയ പരാതിയില്‍ പറയുന്നു. തന്റെ മകളെ തട്ടിക്കൊണ്ടുപോയതാകാമെന്ന് ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. മകളും കോളേജിലെ മറ്റ് പെണ്‍കുട്ടികളും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നാണ് വീഡിയോയില്‍നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനസ്സില്‍ പല ഭയങ്ങളും ഉയര്‍ന്നുവരികയാണ്. ഇതിനു പിന്നില്‍ സ്വാമി ചിന്മയാനന്ദയാണ് -അദ്ദേഹം ഷാജഹാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബന്ധുക്കള്‍ക്കിടയിലും സാധ്യമാകുന്ന സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ സ്വാധീനമുള്ള ആളുകളാണ്. സംസ്ഥാനത്തും കേന്ദ്രത്തിലും അവരുടെ സര്‍ക്കാരാണ്. അവര്‍ക്ക് എന്തും ചെയ്യാന്‍ കഴിയും. യോഗി ജിയും മോഡി ജിയുമിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
യുവതിയുടെ വീഡിയോ വൈറലായി മണിക്കൂറുകള്‍ക്ക് ശേഷം ഷാജഹാന്‍പൂരിലുള്ള ചിന്മയാനന്ദ് ആശ്രമത്തിന്റെ അഭിഭാഷകന് വാട്സ്ആപ്പിലൂടെ പണം ആവശ്യപ്പെട്ട അജ്ഞാതര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ എഫ്.ഐ.ഐര് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. അഞ്ച് കോടി രൂപ തന്നില്ലെങ്കില്‍ ആശ്രമത്തിന്റെ പ്രതിഛായ തകര്‍ക്കുമെന്ന് മൊബൈല്‍ നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം വന്നുവെന്നാണ് പരാതി. ഈ ഫോണ്‍ നമ്പര്‍ ചിന്മയാനന്ദയുടേതാണെങ്കിലും അക്കാര്യം പരാതിയില്‍ പറഞ്ഞിട്ടില്ല.
സ്വാമിയില്‍നിന്ന് ഒറ്റ രാത്രി കൊണ്ട് പണം തട്ടി ധനികരാകാനുള്ള ശ്രമമാണ് യുവതിയുടെയും പിതാവിന്റെയും പരാതികള്‍ക്ക് പിന്നിലെന്ന് ചിന്മയാനന്ദിന്റെ വക്താവ് ഓം സിംഗ് പറഞ്ഞു.
2011 ല്‍ ചിന്മയാനന്ദിനെതിരെ ഉയര്‍ന്ന ഒരു ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഷാജഹാന്‍പൂരിലെ കോടതി അനുവദിച്ചിരുന്നില്ല. വിര്‍ഷങ്ങളായി ചിന്മയാനന്ദയുടെ ആശ്രമത്തില്‍ കഴിഞ്ഞ സ്ത്രീയാണ് ഈ കേസിലെ പരാതിക്കാരി. വര്‍ഷങ്ങളോളം തന്നെ തടവിലാക്കി പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. 2012 ല്‍ പോലീസ് കുറ്റപത്രം ഫയല്‍ ചെയ്തുവെങ്കിലും മൂന്ന് തവണ എം.പിയായ ചിന്മയാനന്ദിനെ ഒരിക്കലും അറസ്റ്റ് ചെയ്തിട്ടില്ല.