ബോട്‌സ്വാന റിപ്പബ്ലിക്കിലെ ഛോബെ വനചാരുതയിലലിഞ്ഞ് സഫാരിയുടെ സുഖം നുകരുമ്പോഴായിരുന്നു സാംബിയയിലേക്കുള്ള വിസ കിട്ടിയെന്നും ഉടൻ പോയില്ലെങ്കിൽ അന്നത്തെ ഫെറി സർവീസിന്റെ സമയം തീരുമെന്നും ബോട്‌സ്വാനയുടെ മൂന്നാമത്തെ വലിയ നഗരമായ കസാനെയിൽ കഴിഞ്ഞ ഏഴു വർഷമായി ജോലി ചെയ്യുന്ന സുഹൃത്ത് മധു പറഞ്ഞത്. അറ്റം കാണാത്ത കാടും കാടിനെ പൊതിഞ്ഞ ഇരുട്ടും വകഞ്ഞു മാറ്റി ഛോബെ യാത്ര മുഴുമിക്കും മുമ്പേ അവസാനിപ്പിക്കേണ്ടി വന്ന നിരാശ മനസ്സിലുണ്ടായിരുന്നു. പക്ഷേ സാംബിയയിലേക്കുള്ള അന്നത്തെ ഒടുവിലത്തെ കൂറ്റൻ ചങ്ങാടത്തിൽ കയറിപ്പറ്റി വിക്‌ടോറിയാ വെള്ളച്ചാട്ടം കാണാനുള്ള സുവർണാവസരം കൈവന്നപ്പോൾ ഛോബെ കാഴ്ചയിൽ ബാക്കി നിന്ന നഷ്ടബോധമത്രയും അകന്നു. സ്വപ്നങ്ങളിലേക്ക് തുഴയുന്ന സ്‌നേഹ നൗക പോലെയായിരുന്നു ഛോബെ നദിയെ പകുത്ത് നീങ്ങിയ ചങ്ങാടം. ബോട്‌സ്വാനയിലെ കസാംഗുള എന്ന ചെറുനഗരത്തിൽ നിന്നാണ് ചങ്ങാടത്തിൽ കയറിയത്. വാഹനങ്ങൾ ആദ്യം കയറ്റിയ ശേഷമാണ് യാത്രക്കാരെ കയറ്റുക. സാംബിയൻ പോലീസുകാർ കൈക്കൂലിയുടെ ഉസ്താദുമാരാണ്. 80 ഡോളറിന് മൾട്ടിപ്പിൾ എൻട്രി വിസ. പെട്ടെന്ന് പാസ്‌പോർട്ട് തിരികെക്കിട്ടാൻ ഒരാൾക്ക് ബോട്‌സ്വാനാ കറൻസിയായ 20 പുല (ഒരു പുല സമം ഒരു ഡോളർ) കൈക്കൂലി. സാംബിയൻ പോലീസ് കൈക്കൂലി നേരിട്ട് ചോദിക്കും. എന്നിട്ടും മൂന്ന് മണിക്കൂർ നീണ്ട എമിഗ്രേഷൻ ഫോർമാലിറ്റിക്ക് ശേഷമാണ് സാംബിയ വിസ അടിച്ചുകിട്ടിയത്. കെന്നത്ത് കൗണ്ടയുടെ ആ പഴയ സാംബിയ തന്നെ. ലിവിംഗ്സ്റ്റൺ നഗരമാണ് ലക്ഷ്യം. നാൽപത് കിലോമീറ്റർ ഇപ്പുറത്ത് എത്തിയപ്പോഴേ ലോകത്തിലെ ഏറ്റവും നീളം കൂടിയ വിക്‌ടോറിയാ വെള്ളച്ചാട്ടത്തിന്റെ ഭീകരാരവമുയർന്നു. സ്‌കോട്ടുലാന്റുകാരനായ മതപ്രചാരകൻ ഡേവിഡ് ലിവിംഗ്സ്റ്റണാണ് 1855 ൽ ഈ വെള്ളച്ചാട്ടത്തിന്റെ മുഴക്കം ആദ്യം കേട്ടതത്രേ. അദ്ദേഹമാണ് ഈ വെള്ളച്ചാട്ടം കണ്ടുപിടിച്ചത്. ആ ഓർമയ്ക്ക് ലിവിംഗ്‌സറ്റൻെറ വലിയൊരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ലിവിംഗ്‌സറ്റന്റെ പേരുള്ള നഗരത്തിലിറങ്ങി. സാംബിയയേയും സിംബാബ്‌വേയെയും പ്രചണ്ഡ താളത്താൽ വിറപ്പിക്കുന്ന വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യം അവിസ്മരണീയ ദൃശ്യം. 400 മീറ്റർ ഉയരവും 20 കിലോമീറ്റർ നീളവുമുള്ള ഈ വെള്ളച്ചാട്ടത്തെ ഭൂമിയിലെ ഏഴ് വിസ്മയങ്ങളിലൊന്നായാണ് സി.എൻ.എൻ വിശേഷിപ്പിക്കുന്നത്. ഇടിമുഴക്കുന്ന വെള്ളപ്പുക അഥവാ 'മോസി ഓൻ തുയ' എന്നാണ് സാംബിയക്കാരും സിംബാബ്‌വെക്കാരും വിക്‌ടോറിയാ വെള്ളച്ചാട്ടത്തെ വിളിക്കുന്നത്. തലസ്ഥാനമായ ലുസാക്കയാണ് ഇനി സാംബിയയിൽ കാണാനുള്ളത്.
രണ്ടാം നാളിലെ ഞങ്ങളുടെ ഷെഡ്യൂൾ ലുസാക്കയാണ്. പക്ഷേ മുമ്പിൽ ഒരു പകലിന്റെ പാതിയും ഒരു മുഴുവൻ രാത്രിയും അവശേഷിക്കുന്നുണ്ടല്ലോ. അത് ഗോഹാ ഹിൽസിലേക്കുള്ള രാത്രിസഞ്ചാരത്തിന് മാറ്റി വെച്ചത് അങ്ങനെയാണ്. സാംബിയയുടെയും ബോട്‌സാനയുടെയും അതിര് പങ്കിട്ടാണ് ഗോഹാ കുന്നുകൾ നീണ്ടു നിവർന്ന് ശയിക്കുന്നത്.
പന്ത്രണ്ടു നാൾ നീണ്ട ആഫ്രിക്കൻ സഞ്ചാരക്കാഴ്ചകളിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ദൃശ്യഭംഗിയാണ് ഗോഹാ ഹിൽസിന്റെ ഭൂപ്രകൃതി സമ്മാനിച്ചത്. കാവിമ്പ, കാച്ചിക്കാവ് തുടങ്ങി കേരളീയ സപ്ർശമുള്ള പേരുകളുള്ള ഗ്രാമങ്ങളും ഗോത്രവർഗക്കാരുടെ കുടിലുകളും പിറകിലാക്കി കാടും മലയും പങ്കിട്ട നീണ്ട ഊടുവഴികളിലൂടെയാണ് ഞങ്ങളേയും കൊണ്ട് സഫാരി നീങ്ങിയത്. വലിയ തോതിൽ ആൾപാർപ്പില്ലെങ്കിലും അങ്ങിങ്ങായി ചെറിയ ചില ചെക്‌പോസ്റ്റുകളും തോക്ക് ചൂണ്ടിയ സുരക്ഷാഭടന്മാരും നിലയുറപ്പിച്ചിരുന്നു. സംശയമുള്ള വാഹനങ്ങൾ മാത്രമേ പരിശോധിക്കൂവെന്ന് ഡ്രൈവർ സിംബാബ്‌വെക്കാരൻ മോസസ് പറഞ്ഞു.
ഇടതൂർന്ന് കിടന്ന ഛോബെ കാടുകളിൽ കണ്ട കാഴ്ചയിൽ നിന്ന് വലിയ വ്യത്യാസമൊന്നും ഗോഹാ ഹിൽസിലേക്കുള്ള കാട്ടുവഴിയിൽ ഇല്ലെങ്കിലും 180 കിലോമീറ്റർ പിന്നിട്ടപ്പോൾ മാനം മുട്ടുന്ന മലമുടിയുടെ മനോഹാരിത തീർത്തും അവിസ്മരണീയാനുഭവമായി. സീബ്രകൾ വഴിയോരങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നുണ്ട്. സീബ്ര ബോട്‌സ്വാനയുടെ ദേശീയ മൃഗമാണ്. പരിസ്ഥിതി ഇത്രയും സൂക്ഷ്മതയോടെ പരിപാലിക്കുന്ന നാട്ടുകാരും ഭരണകൂടവും കുറവായിരിക്കുമെന്ന് ഓരോ ചെടിയും മരവും ഭൂനിരപ്പിന്റെ ആവാസ വ്യവസ്ഥിതിയും കണ്ടാൽ വ്യക്തമാകും. അക്കേഷ്യകൾക്കിടയിലൂടെ നാട്ടുപാത നീളുന്നത് മലമുകളിൽ ടൂറിസ വികസനത്തിന്റെ ഭാഗമായി പണിതുയർത്തിയ മനോഹരവും അത്യാധുനികവുമായ ഹട്ടുകളിലേക്കാണ്. കയറിച്ചെല്ലുമ്പോൾ വാദ്യഘോഷത്തോടെയാണ് എന്നെയും സുഹൃത്ത് റഷീദിനെയും ഗോഹാ ഹിൽസിലെ സവുട്ടി ലോഡ്ജധികൃതർ വരവേറ്റത്. ദക്ഷിണാഫ്രിക്കക്കാരായ നാനെറ്റ്, ഭർത്താവ് അബ്രഹാം എന്നിവരാണ് ലോഡ്ജിന്റെ നടത്തിപ്പുകാരെങ്കിലും യഥാർഥ ഉടമസ്ഥൻ ഗുജറാത്തിൽ നിന്ന് പണ്ട് കേപ്ടൗണിലേക്ക് കുടിയേറിയ ഹനീഫ് മുഹമ്മദാണ്.
കസാനെ പട്ടണത്തിൽ നിന്ന് ഇരുന്നൂറോളം കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിക്കുന്നതിനു പകരം സവുട്ടി എയർസ്ട്രിപ്പിൽ ചെറുവിമാനത്തിലിറങ്ങി ഗോഹാ ഹിൽസിലെത്താം. എയർ സ്ട്രിപ്പിൽ നിന്ന് നാൽപത് മിനിട്ട് കൊണ്ട് ഈ മലമുകളിലെത്താം. പക്ഷേ അന്നേരം വനനീലിമയുടെ സൗന്ദര്യം പൂർണമായും ആസ്വദിക്കാനാവില്ല. തണൽ മരങ്ങൾക്ക് താഴെ പ്രകൃതി ഹരിത ചാമരം വീശി നിൽക്കുകയാണ് ഗോഹാ കുന്നുകളിൽ. അത്യപൂർവമായ ദൂരക്കാഴ്ച. അകലെ സാംബെസി നദിയുടെ ഒരു ഭാഗം കാണാം. ഞങ്ങൾ ഇരുവർക്കും പുറമെ പത്ത് മുപ്പത് ടൂറിസ്റ്റുകൾ ഇതേ ഹട്ടുകളിലുണ്ട്. എല്ലാവരും വെള്ളക്കാർ. അമേരിക്കക്കാരും ഫ്രഞ്ചുകാരും ഇറ്റലിക്കാരും. തനിച്ച് ലോകം കാണാനിറങ്ങിയ ബ്രിട്ടീഷുകാരിയുമുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരായ സ്വിസ് കമിതാക്കൾ ഗിറ്റാർ മീട്ടി. രാവുദിച്ചതോടെ എല്ലാവരും പുറത്തിറങ്ങി. പക്ഷിക്കരച്ചിലുകളടങ്ങി. നിതാന്തനിശ്ശബ്ദതയിൽ വിനോദ സഞ്ചാരികളുടെ ആട്ടവും പാട്ടും. കാടിന് നടുവിലെ കുടിലുകൾക്ക് മുമ്പിൽ ക്യാമ്പ് ഫയർ. പതിനാലു ഡിഗ്രി സെൽഷ്യസിന്റെ താപനിലയിൽ ക്യാമ്പ് ഫയർ ആവേശമായി. ആഫ്രിക്കൻ സംഗീതവും മുഴങ്ങി. ആതിഥേയ നാനെറ്റ് വെള്ളക്കാരായ വിനോദ സഞ്ചാരികൾക്കൊപ്പം നൃത്തച്ചുവടുകൾ വെച്ചപ്പോൾ മുഖ്യ പാചകക്കാരി അന്നത്തെ മെനുവിനെക്കുറിച്ച് ലഘു വിവരണം നൽകി. പിന്നാലെ ഹേയ്ക്ക് ഫില്ലെറ്റും സലാഡും ബീഫ് സാൻഡ്‌വിച്ചുമായി വെയിറ്റർമാർ അണി നിരന്നു. സംഗീതസാന്ദ്രമായ അത്താഴ വിരുന്ന്. (സാംബിയയുടേയും ബോട്‌സ്വാനയുടേയും ഒഴിവാക്കാനാവാത്ത വിഭവമാണ് ബീഫ്. ലോകത്തിലെ ഏറ്റവും സ്വാദേറിയ ബീഫ് ഇവിടെയാണ് കിട്ടുകയെന്ന് ബോട്‌സാനാ ടൂറിസം ഗൈഡ് അവകാശപ്പെടുന്നു).
അവാച്യമായ അനുഭൂതി പകർന്ന ഈ രാത്രിയിൽ പക്ഷേ എന്നെ ഏറ്റവുമധികം ആകർഷിച്ചത് ഗോഹാ കുന്നുകളെ ഉമ്മ വെച്ച് നീണ്ടുകിടക്കുന്ന ആകാശത്തിൽ പൊട്ടിവിരിഞ്ഞ,എണ്ണിയാലൊടുങ്ങാത്ത നക്ഷത്രക്കൂട്ടത്തെയാണ്. ഇത് ചില രാജ്യങ്ങളിലെ. ചില കാലത്തെ ആകാശക്കാഴ്ചയുടെ മാത്രം സവിഷേതയാണെന്ന് ജ്യോതിശാസ്ത്രത്തിൽ അറിവുള്ള അബ്രഹാമും നാനെറ്റും പറഞ്ഞു. അവർ തന്ന ടെലിസ്‌കോപ്പിൽ ആഫ്രിക്കൻ ആകാശത്ത് വിരിഞ്ഞ ഗാലക്‌സി വലുതായി കാൺകെ, പ്രകൃതിയുടെ അനുഗൃഹീതമായ വരദാനം എത്രമേൽ വിശാലവും വൈവിധ്യപൂർണവുമാണെന്ന് വ്യക്തമായി. ആകാശ പ്രതലത്തിൽ അത്യുജ്വലമായി വെട്ടിത്തിളങ്ങുന്ന നക്ഷത്രത്തെ ചൂണ്ടി അബ്രഹാം പറഞ്ഞു:
- സൂര്യനേക്കാൾ പതിനായിരമടങ്ങ് വലിപ്പമുള്ള ജൂപിറ്ററാണത്.
താരനിബിഡ രാവുകളിൽ അപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്ന ജൂപിറ്റർ.
(ആയിരിക്കാം. സത്യമെന്തായാലും സൂര്യന്റേയും ചന്ദ്രന്റേയും പ്രഭയെ പിന്നിലാക്കുന്ന തരത്തിലാണ് അന്നത്തെ രാത്രിയിൽ ആ ഒറ്റത്താരകം കത്തിനിന്നത്. മനോഹരമായി മിഴി തുറന്ന നക്ഷത്രക്കൂട്ടങ്ങൾക്ക് മുഴുവൻ വഴികാട്ടിയായി അത് പ്രകാശം പൊഴിച്ചു നിന്നു. കാട്ടുമരച്ചില്ലകളിൽ നക്ഷത്ര വെളിച്ചം നീല ചില്ലുകഷ്ണങ്ങളെപ്പോലെ പ്രതിബിംബിച്ചു നിന്നു). രാവേറെച്ചെല്ലും വരെ പരിചാരികമാരായ ആഫ്രിക്കൻ യുവതികൾ ക്യാമ്പ് ഫയറിനു ചുറ്റും താളച്ചുവടുകൾ വെച്ചു. പ്രസിദ്ധ ആഫ്രിക്കൻ ഗായകൻ ആൽഫ്രെഡോ മോസിന്റെ സംഗീതത്തിനനുസരിച്ചാണ് നൃത്തരാത്രി പൂത്തുലഞ്ഞത്. (ഗലഗാഡി എന്ന പേരിൽ ഈ കാടിന്റെ മറുകരയിൽ ഒരു നൃത്തഗ്രാമം തന്നെയുണ്ടത്രേ).
പിറ്റേന്ന് പുലരിയിൽ നാനെറ്റിന്റെ വെയ്ക്അപ് കോൾ.
- അവർ ചോദിച്ചു: ഇന്ന് പുലർച്ചെ നാലു മണിക്ക് നമ്മുടെ ഹട്ടിന് താഴെ ഒരതിഥി വന്നിരുന്നു. നിങ്ങളൊക്കെ നല്ല ഉറക്കമായത് കൊണ്ട് ആ കാഴ്ച നഷ്ടപ്പെട്ടു.
ആകാംക്ഷയോടെ കാര്യം തിരക്കിയപ്പോൾ നാനെറ്റ് പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു:
- ഒരു പെൺസിംഹമായിരുന്നു അത്.
ഞങ്ങൾ താമസിച്ച ഹട്ടിൽ നിന്ന് വിളിപ്പാടകലെയാണ് സിംഹം വന്നു നിന്നതെന്നും അലർച്ച കേട്ട് പുറത്ത് വന്ന ഹട്ടിലെ താമസക്കാരി ബ്രിട്ടീഷുകാരിയായ ജുഡിത്ത്, സിംഹത്തിന്റെ പടമെടുത്തിട്ടുണ്ടെന്നും നാനെറ്റ് പറഞ്ഞു. ബോട്‌സ്വാനാ ടൂറിസത്തെക്കുറിച്ച് തടിച്ചൊരു സചിത്ര ഗ്രന്ഥം നാനെറ്റ് എനിക്ക് തന്നു. ഗോഹാ ഹിൽസിൽ നിന്നുള്ള മടക്കയാത്രക്കൊരുങ്ങുകയായിരുന്നു ഞങ്ങൾ. നാനെറ്റ് സ്‌നേഹപൂർവം കൈത്തലമർത്തി. അബ്രഹാം, പുലർച്ചെ തന്നെ നഗരത്തിലേക്ക് പോയിരുന്നു. അദ്ദേഹത്തിന് നഗരത്തിൽ സാമാന്യം വലിയൊരു കാറ്റ്ൽഫാം ഉണ്ട്- അറുന്നൂറോളം പശുക്കുട്ടികളുള്ള ഫാം. അങ്ങോട്ടാണ് അബ്രഹാം പോയിരിക്കുന്നത്. കാടുകൾക്കും ഉൾക്കാടുകൾക്കുമകലെ, ഉഷ:സൂര്യൻ വീണ് പിടഞ്ഞ് തിളങ്ങുന്ന സാംബെസി നദിയുടെ ഒരു ഭാഗം മടക്കയാത്രയിൽ ഞങ്ങൾക്ക് കാണാനായി. ഡ്രൈവർ മോസസ് വണ്ടി നിർത്തി. അത്യന്തം മനോഹരമായിരുന്നു ആ ദൃശ്യം. പുഴയോരം ചേർന്ന് സാംബിയയുടേയും ബോട്‌സ്വാനയുടെയും അതിര് കടന്ന് നമീബിയയുടെ വനാതിർത്തിയിലേക്ക് കൂട്ടം കൂട്ടമായി നീങ്ങുന്ന നിരവധി ആനകളും കാട്ടുപോത്തുകളും.
(ബോട്‌സ്വാനയിലെ ജനസംഖ്യ ഇരുപത് ലക്ഷം. അവിടെയുള്ള ആനകളുടെ എണ്ണം ഏതാണ് രണ്ടു ലക്ഷം). അതെ, ആനകളുടേയും ഡയമണ്ടിന്റേയും നാടാണ് ദക്ഷിണാഫ്രിക്കയുടെ വജ്രഖനിയായ ബോട്‌സ്വാന. സാംബിയയിൽ കുറ്റകൃത്യങ്ങളുണ്ടെന്ന് കേൾക്കുന്നു. എന്നാൽ നൂറു ശതമാനവും സുരക്ഷിതമാണ് ബോട്‌സ്വാന എന്ന് അനുഭവസ്ഥരുടെ സാക്ഷ്യം. കാടുകളുടേയും നദിയുടേയും മൃഗങ്ങളുടേയും ആഫ്രിക്കൻ താളമേളങ്ങളുടേയും അതീവ ഹൃദ്യമായ ദൃശ്യവിരുന്ന് സമ്മാനിച്ച ആ രാത്രിയെക്കുറിച്ചുള്ള ഓർമ മനസ്സിൽ നിന്ന് മാഞ്ഞുപോകില്ല. ഒരു വേള ചില ചിത്രങ്ങൾക്ക് കാലാന്തരത്തിൽ മങ്ങലേറ്റാലും, ഇരുണ്ട ഭൂഖണ്ഡത്തെയാകെ വെളിച്ചത്തിൽ കുളിപ്പിച്ച ഗോഹാ കുന്നുകളുടെ ആകാശത്തേയും ആ ഒറ്റ നക്ഷത്രത്തേയും പക്ഷേ ഒരിക്കലും മറക്കാനാവില്ല.






