ചെന്നൈ- തമിഴ്‌നാട്ടിൽ ക്ഷേത്രകുളത്തിനുള്ളില്‍ നടന്ന സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. കാഞ്ചിപുരം ജില്ലയിലെ ഒരു ക്ഷേത്രത്തിലെ കുളത്തിലാണ് അജ്ഞാത വസ്‌തു പൊട്ടിത്തെറിച്ചത്. സംഭവത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. തിരുപത്തൂരിനടുത്ത് മാനമ്പതിയിലുള്ള ഗംഗൈ അമ്മന്‍ കോവിലിലാണ് സ്‌ഫോടനമുണ്ടായത്. ഗംഗൈ അമ്മന്‍ കോവിലിന്റെ അധീനതയിലുള്ള കുളം ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. എന്നാല്‍ കുറച്ചുദിവസം മുമ്പ് സമീപവാസികള്‍ ചേര്‍ന്ന് കുളം വൃത്തിയാക്കുന്നതിടെ അജ്ഞാതമായ വസ്‌തു കണ്ടെടുത്തിരുന്നു. അത് തുറക്കാന്‍ ശ്രമിക്കവെയാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
അതേസമയം സംഭവത്തിന് പിന്നില്‍ ഭീകരബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നല്‍കിയ ജാഗ്രതാ നിര്‍ദേശവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നു. അതിനിടെയാണ് കാഞ്ചിപുരത്തെ ക്ഷേത്രത്തില്‍ പൊട്ടിത്തെറിയുണ്ടായത്.