അവിഹിത ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; അറുത്തെടുത്ത തലയുമായി കീഴടങ്ങി

പുരി- ഒഡീഷയിലെ പുരി ജില്ലയില്‍ അവിഹിത ബന്ധം ആരോപിച്ച് യുവാവ് സ്വന്തം ഭാര്യയെ കൊലപ്പെടുത്തി. ശേഷം അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനില്‍ രാവിലെ നേരിട്ടെത്തി കീഴടങ്ങുകയും ചെയ്തു. അസ്തരംഗ ബ്ലോക്കിലെ റായ്‌ബെറുവാന്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഈ ദാരുണ കൊലപാതകം നടന്നത്. പ്രതി ഗണേഷ് ബെഹറയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഗണേഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. അവിഹിത ബന്ധം സംശയിച്ച് ഇയാള്‍ ഭാര്യയുമായി ഇടക്കിടെ വഴക്കിട്ടിരുന്നതായും റിപോര്‍ട്ടുണ്ട്. 

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ഉണ്ടായ വഴക്കിനിടെയാണ് ഗണേഷ് ഭാര്യയെ കൊന്ന് തലയറുത്തത്. എട്ടു കിലോമീറ്റര്‍ യാത്ര ചെയ്താണ് രാവിലെ ഗണേഷ് അറുത്തെടുത്ത തലയുമായി അസ്തരംഗ പോലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഗണേഷിന്റെ അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദര ഭാര്യ എന്നിവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ് പോലീസ്.
 

Latest News