വീട്ടുപകരണങ്ങള്‍ പാഴ്‌സല്‍ അയച്ച പെട്ടി തുറന്നപ്പോള്‍ മൂര്‍ഖന്‍ പാമ്പ്!

ഭുവനേശ്വര്‍- ഒരു സ്വകാര്യ കുറിയര്‍ കമ്പനി വഴി പാഴ്‌സലായി എത്തിയ വീട്ടുപകരണങ്ങളുടെ പെട്ടി തുറന്നപ്പോള്‍ അതിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്. ഒഡീഷയിലെ മയുര്‍ഭജ്ഞ് ജില്ലയിലെ റായ്‌രംഗൂപൂരില്‍ താമസിക്കുന്ന ആന്ധ്ര സ്വദേശിയായ എസ് മുത്തുകുമരനാണ് മൂര്‍ഖനെ പാഴ്‌സലായി ലഭിച്ചത്. രണ്ടാഴ്ച മുമ്പ് മുത്തുകുമരന്‍ ബുക്ക് ചെയ്തതായിരുന്നു കുറിയര്‍. ഇതു വീട്ടിലെത്തി തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും അവരെത്തി മൂര്‍ഖനെ കാട്ടില്‍ വിടുകയും ചെയ്തു.

ആന്ധ്രയിലെ ഗുണ്ടൂരില്‍ നിന്ന് ഓഗസ്റ്റ് ഒമ്പതിനാണ് കുറിയര്‍ കമ്പനി ഈ പാഴ്‌സല്‍ മുത്തുകുമരന്റെ വിലാസത്തിലേക്ക് അയച്ചത്. ഇതിനിടെ ഏതെങ്കിലും കേന്ദ്രത്തില്‍ വച്ച് പെട്ടിക്കകത്തു കയറിയതാകാം മൂര്‍ഖനെന്നാണ് സംശയിക്കുന്നത്.
 

Latest News