പോലീസ് തിരച്ചില്‍ ബഹുവിശേഷം; റഹീമിന്റെ ഫോട്ടോ അയാള്‍ക്ക് തന്നെ കാണിച്ചു

കൊച്ചി- ഭീകര ബന്ധം ആരോപിച്ച് പോലീസ് വലവീശിയിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി റഹീമിനെ രണ്ടു തവണ പോലീസ് പരിശോധിച്ചെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
തന്നെ തീവ്രവാദ കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പരിഭ്രാന്തനായ റഹിം സ്വയരക്ഷക്കായി കോഴിക്കോട്ടേക്ക് കടന്നു. ഇതിനിടെ വയനാട് സ്വദേശിനിയെ കസ്റ്റഡിയിലെടുത്ത പോലീസ് റഹീമിനെ ഫോണില്‍ വിളിച്ച് ഉടന്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് റഹീം കോഴിക്കോട്‌നിന്ന് കൊച്ചിയിലേക്ക് ബസില്‍ പുറപ്പെട്ടു.
റഹീമിന് വേണ്ടി ബസുകളില്‍ പരിശോധന നടക്കുന്ന സമയമായിരുന്നു. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് റഹീം വരാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളിലും ദേശീയപാതയിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ബസുകളും കാറുകളും പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചു. റഹീം സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ രണ്ട് തവണയാണ് പോലീസ് തടഞ്ഞ് പരിശോധന നടത്തിയത്.
ഒരു തവണ റഹീമിന്റെ ഫോട്ടോ കാണിച്ച് റഹീമിനോട് തന്നെ ഇയാളെ എവിടെങ്കിലും കണ്ടിരുന്നോ എന്നും പോലീസ് ചോദിച്ചു. ഇല്ല... എന്നായിരുന്നു റഹീമിന്റെ മറുപടി.
റഹീമിന്റെ പത്ത് വര്‍ഷത്തോളം പഴക്കമുള്ള ഫോട്ടോയും വെച്ചാണ് പോലീസ് തിരച്ചില്‍ നടത്തിയത്. കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ട് കോടതിയില്‍ എത്തിയ ശേഷമാണ് പോലീസ് റഹീമിനെ കസ്റ്റഡിയിലെടുത്തിരുന്നത്.

 

Latest News