ജയ്പൂർ- കുടിവെള്ളം ശേഖരിക്കുന്നതിടെയുണ്ടായ തർക്കത്തിനിടെ ഭർതൃ സഹോദരന്റെ അടിയേറ്റ യുവതി കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ബാറാൻ ജില്ലയിലാണ് സംഭവം. പൊതു ടാപ്പിൽ നിന്നും കുടിവെള്ളം ശേഖരിക്കുന്നതിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 24 കാരിയായ ശീല ഭൈരവയാണ് ഭർതൃ സഹോദരൻ മുകേഷ് ഭൈരവയുടെ അടിയേറ്റ് മരിച്ചത്. വെള്ളം ശേഖരിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് ഇഷ്ടിക കൊണ്ട് യുവതിയുടെ തലക്കടിക്കുകയായിരുന്നു. ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ യുവതിയുടെ തലക്ക് മാരക മുറിവേറ്റതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് യുവതി മരണത്തിനു കീഴടങ്ങി. സംഭവത്തിൽ പ്രതിയായ ഭർതൃ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുകയാണെന്ന് പോലീസ് സംഘം അറിയിച്ചു.