Sorry, you need to enable JavaScript to visit this website.

സൗദിയിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് കൂടുതൽ സ്വാതന്ത്ര്യം

റിയാദ് - മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന വനിതകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും അവസരങ്ങളും ലഭ്യമാക്കാൻ സൗദി സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി വനിതാ മാധ്യമ പ്രവർത്തകർക്ക് പൊതുസ്ഥലങ്ങളിൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു. വനിതാ ശാക്തീകരണ മേഖലയിൽ സൗദി അറേബ്യ നടത്തുന്ന പുതിയ ചുവടുവെപ്പാണിത്. പുരുഷ സാന്നിധ്യമുള്ള പൊതുസ്ഥലങ്ങളിൽ തങ്ങളുടെ സ്ഥാപനങ്ങൾ സ്വന്തം നിലക്ക് നടത്തുന്നതിനാണ് മീഡിയ ലൈസൻസ് ലഭിച്ച വനിതാ മാധ്യമ പ്രവർത്തകർക്ക് അനുമതി നൽകിയിരിക്കുന്നത്. വനിതകൾക്കു മാത്രമുള്ള സ്ഥലങ്ങളിൽ സ്ഥാപനങ്ങൾ നടത്തുന്നതിനാണ് വനിതാ മാധ്യമ പ്രവർത്തകർക്ക് ഇതുവരെ അനുമതിയുണ്ടായിരുന്നത്. 
സുപ്രീം മീഡിയ കമ്മിറ്റി സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിൽ ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്.
മീഡിയ ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷകരുടെ പ്രായം 25 ൽ കുറവാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അപേക്ഷകർ സൗദി പൗരന്മാരോ ഗൾഫ് പൗരന്മാരോ രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് ലൈസൻസ് ലഭിച്ച വിദേശ നിക്ഷേപകരോ ആയിരിക്കണം. അപേക്ഷകർ സർക്കാർ ജീവനക്കാരായിരിക്കരുതെന്നും വ്യവസ്ഥയുണ്ട്. മാധ്യമ പഠന, കൺസൾട്ടൻസി, പത്രസേവന മേഖലയിലെ ലൈസൻസുകൾക്ക് അപേക്ഷകർ യൂനിവേഴ്‌സിറ്റി ബിരുദധാരികളായിരിക്കണമെന്നും നിബന്ധനയുണ്ട്. ഇവർക്ക് അഞ്ചു വർഷത്തെ പരിചയ സമ്പത്തുമുണ്ടായിരിക്കണം. സെക്കണ്ടറിയും അതിൽ താഴെയും യോഗ്യതയുള്ളവർക്ക് മാധ്യമ മേഖലയുമായി ബന്ധപ്പെട്ട പതിനാറു മേഖലകളിൽ ലൈസൻസ് ലഭിക്കും. 
സൗദിയിൽ വനിതാ ശാക്തീകരണ മേഖലയിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ സമീപ കാലത്ത് പ്രഖ്യാപിച്ച് നടപ്പാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ആയി ഇബ്തിസാം ബിൻത് ഹസൻ അൽശഹ്‌രിയെ വിദ്യാഭ്യാസ മന്ത്രി ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ആയി വനിതയെ നിയമിക്കുന്നത്. സൗദി വനതികൾക്കുള്ള ഡ്രൈവിംഗ് അനുമതി, നഗരസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് വനിതകൾക്കുള്ള അനുമതി, ശൂറാ കൗൺസിൽ അംഗങ്ങളായി വനിതകളെ നിയമിക്കൽ, സൗദി വിമാന കമ്പനികളിൽ കോ-പൈലറ്റുമാരായും എയർ ഹോസ്റ്റസുമാരായും സൗദി യുവതികളെ നിയമിക്കുന്നതിനുള്ള തീരുമാനം തുടങ്ങി വനിതാ ശാക്തീകരണ മേഖലയിൽ നിരവധി സുപ്രധാന ചുവടുവെപ്പുകൾ സമീപ കാലത്ത് സൗദി അറേബ്യ നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ വനിതകൾക്കുള്ള വിദേശ യാത്രാ നിയന്ത്രണവും പാസ്‌പോർട്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണവും എടുത്തുകളഞ്ഞിട്ടുണ്ട്. 
ഇരുപത്തിയൊന്ന് വയസ്സിൽ കൂടുതൽ പ്രായമുള്ള സൗദി വനിതകൾക്കാണ് പുരുഷ രക്ഷാകർത്താക്കളുടെ അനുമതി കൂടാതെ വിദേശ യാത്ര നടത്തുന്നതിനും പാസ്‌പോർട്ട് നേടുന്നതിനും അവകാശം നൽകിയിരിക്കുന്നത്. 

 

Latest News