Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ ഫാമിലി വിസ ലഭിക്കാന്‍ കുറഞ്ഞത് 500 ദിനാര്‍ ശമ്പളം വേണം

കുവൈത്ത് സിറ്റി- കുവൈത്തില്‍ ഫാമിലി വിസലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 450 ല്‍നിന്ന് 500 ദിനാര്‍ ആയി ഉയര്‍ത്തി. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജാറ അല്‍ സബാഹ് ആണ് ഉത്തരവിറക്കിയത്. 450 ദിനാറില്‍ കുറഞ്ഞ ശമ്പളക്കാരുടെ നിലവില്‍ കുവൈത്തിലുള്ള കുടുബാംഗങ്ങളുടെ ഇഖാമ പുതുക്കണോ വേണ്ടേ എന്ന കാര്യം റെസിഡന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ തീരുമാനിക്കും.

കുറഞ്ഞ ശമ്പള പരിധി നിയമത്തില്‍നിന്ന് ഏതാനും വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ഉപദേശകര്‍, ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, നിയമവിദഗ്ധര്‍, നിയമ ഗവേഷകര്‍. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, സര്‍വകലാശാല/കോളജ് പ്രൊഫസര്‍മാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൊതുമേഖലയിലെ ലാബ് അറ്റന്‍ഡര്‍മാര്‍. സര്‍വകലാശാലകളിലെ സാമ്പത്തിക ഉപദേഷ്ടാക്കള്‍, എന്‍ജിനീയര്‍മാര്‍, പള്ളി ഇമാമുമാര്‍, മുഅദ്ദിനുകള്‍, പ്രഭാഷകര്‍, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവര്‍, ലൈബ്രേറിയന്മാര്‍, നഴ്‌സിംഗ് അതോറിറ്റി ജീവനക്കാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍, പൊതുമേഖലയിലെ മനഃശാസ്ത്ര വിദഗ്ധര്‍, കായിക താരങ്ങള്‍, പരിശീലകര്‍, പൈലറ്റുമാര്‍, എയര്‍ഹോസറ്റസുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ശ്മശാന ജീവനക്കാര്‍ എന്നിവര്‍ക്ക് കുറഞ്ഞ ശമ്പള പരിധി ബാധകമല്ല.

 

Latest News