Sorry, you need to enable JavaScript to visit this website.

ബി.സി.സി.ഐയുടെ ധാരണ തെറ്റ്; ശ്രീശാന്തുമായി അഭിമുഖം...

 നന്ദി... ദൈവത്തിനും കുടുംബത്തിനും.  
സഞ്ജു സാംസൺ കേരളാ ക്രിക്കറ്റ് ടീമിൽ അരങ്ങേറുമ്പോൾ ശ്രീശാന്തിൽ നിന്ന് ക്യാപ് സ്വീകരിക്കുന്നു.
ശ്രീശാന്ത്...വീഴ്ചകളിൽ നിന്ന് കരകയറും

ഇപ്പോഴും മനോഹരമായി ഔട്‌സ്വിംഗറുകളും ഇൻസ്വിംഗറുകളുമെറിയാൻ കഴിയുന്നുവെന്ന് ശ്രീശാന്ത്.  

വിലക്ക് കഴിഞ്ഞ് തിരിച്ചെത്താനൊരുങ്ങുന്ന ശ്രീശാന്തുമായി അഭിമുഖം...

ഉജ്വലമായ സ്വിംഗ് ബൗളിംഗിലൂടെയാണ് കൊച്ചിയിൽ നിന്ന് ശ്രീശാന്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയരങ്ങളിലേക്ക് ചുവടുവെച്ചത്. ഏത് എതിരാളിയെയും വകവെക്കാത്ത കൂസലില്ലായ്മ ഉയരങ്ങളിലേക്കുള്ള വഴിയിൽ ശ്രീശാന്തിന് ചതിക്കുഴികളൊരുക്കി. ഒടുവിൽ ഐ.പി.എൽ ഒത്തുകളിയുടെ പേരിൽ ആ കരിയർ എന്നെന്നേക്കുമായി വഴിയടക്കപ്പെട്ടു. നീണ്ട നിയമ യുദ്ധത്തിനൊടുവിൽ ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ വഴിയൊരുങ്ങുകയാണ്. പുതിയ വഴി തുറക്കുമ്പോൾ ശ്രീശാന്തിന്റെ പദ്ധതികളെന്തൊക്കെയാണ്...

 

ചോ:  ആഹ്ലാദമോ ആശ്വാസമോ?
ഉ: ദൈവത്തിനും കുടുംബത്തിനും നന്ദി. ഒപ്പം സുഹൃത്തുക്കൾക്കും പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നവർക്കും. സെപ്റ്റംബറിൽ തിരിച്ചുവരുമ്പോഴേക്കും പൂർണ ഫോമിലെത്താനുള്ള പദ്ധതി തയാറാക്കുകയാണ്. എന്നെത്തേക്കാളും ആത്മവിശ്വാസമുണ്ട് എനിക്ക്. എവിടെയാണ് ശ്രദ്ധയൂന്നേണ്ടതെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇപ്പോഴുണ്ട്. തിരിച്ചുവരാനാവുമെന്ന് ഉറപ്പാണ്. ആദ്യം രഞ്ജി ട്രോഫി കളിക്കണം. മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ സെലക്ടർമാരുടെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കണം. അത് ഏതാണ്ട് അസാധ്യമാണ്, അദ്ഭുതം സംഭവിക്കണം. കാരണം ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. പക്ഷേ പരിചയ സമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തും. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പരാജയം സമ്മതിക്കില്ലെന്ന സന്ദേശമാണ് എനിക്ക് നൽകാനുള്ളത്.

ചോ:  എപ്പോഴാണ് ആയുഷ്‌കാല വിലക്ക് നീക്കുന്ന കാര്യം അറിഞ്ഞത്?
ഉ: ഓഗസ്റ്റ് ഏഴിന്. ബി.സി.സി.ഐയുടെ ഓംബുഡ്‌സ്മാൻ ഉത്തരവ് പുറത്തുവിട്ട അതേ ദിനത്തിൽ. അതിന്റെ കോപ്പി എനിക്കും അയച്ചു തന്നിരുന്നു.

 

ചോ: എന്നിട്ടും എന്തിനാണ് രണ്ടാഴ്ച മൗനം പാലിച്ചത്? ആവേശം അടക്കിവെച്ചത്?
ഉ: മൗനം മുനിയുടെ അടയാളമാണ്. മുമ്പ് പല ഘട്ടങ്ങളിലും വിലക്ക് അവസാനിച്ചുവെന്ന് ലോകത്തോട് വിളിച്ചു പറയാൻ ഞാൻ ധിറുതി കാട്ടി. അത് ഇപ്പോൾ സംഭവിച്ചത് നല്ലതിനായിരിക്കാം. നല്ലൊരു ചൊവ്വാഴ്ച. ചൊവ്വാഴ്ച എന്റെ ഭാഗ്യദിനമാണ്. അതിനാൽ ദുഃഖമില്ല. ആരോടും പരാതിയോ പരിഭവമോ ഇല്ല. ആരെയെങ്കിലും കുറ്റപ്പെടുത്തണമോയെന്ന് പലരും ചോദിക്കുന്നുണ്ട്. ആർക്കുമെതിരെ പരാതിയില്ലെന്നായിരുന്നു മറുപടി. ഇത് വലിയൊരു അവസരമാണ് എന്ന് എനിക്ക് തെളിയിക്കണം. ഈ അവസരം ഉപയോഗിച്ച് കൂടുതൽ മികച്ച ക്രിക്കറ്ററാവണം. കൂടുതൽ നല്ല വ്യക്തിയാവണം. അടുത്ത അഞ്ചു വർഷമെങ്കിലും എനിക്ക് ക്രിക്കറ്റ് കളിക്കണം. ഒരിക്കലും വിട്ടുകൊടുക്കാതെ പൊരുതണം. 

ചോ: എങ്ങനെയാണ് ഈ വിജയം ആഘോഷിച്ചത്?
ഉ: ആഘോഷമില്ലായിരുന്നു. വെള്ളക്കുപ്പായമിട്ട് വീണ്ടും ആദ്യ മത്സരം കളിക്കുമ്പോഴായിരിക്കും യഥാർഥ ആഘോഷം. ഔദ്യോഗികമായി 2020 സെപ്റ്റംബർ 14 ന്. ആ ദിനത്തിലായിരിക്കും എനിക്ക് ആഘോഷം. 

ചോ: ഓംബുഡ്‌സ്മാന്റെ ഉത്തരവ് പൂർണമായി വായിച്ചോ?
ഉ:  അതെ. 

ചോ: ശിക്ഷ ഇളവ് ചെയ്യുന്നതിൽ താങ്കളുടെ പ്രായം ഒരു ഘടകമായി ഓംബുഡ്‌സ്മാൻ പരിഗണിച്ചിട്ടുണ്ട്. മുപ്പതുകളുടെ അവസാനത്തോടടുക്കുകയാണ് താങ്കൾ. പെയ്‌സ്ബൗളറെന്ന നിലയിൽ താങ്കളുടെ കാലം കഴിഞ്ഞുവെന്ന് ഓംബുഡ്‌സ്മാൻ നിരീക്ഷിക്കുന്നു. അത് ശരിയാണോ?
ഉ: തീർച്ചയായും അല്ല. ഞാൻ ലിയാൻഡർ പെയ്‌സിന്റെ വലിയ ആരാധകനാണ്. ഈ പ്രായത്തിലും ഫിറ്റ്‌നസ് നിലനിർത്തി ലിയാൻഡർ വഴി കാട്ടുകയാണ്. അതിനാൽ ഞാനും വിട്ടുകൊടുക്കില്ല. മുപ്പത്തെട്ടാം വയസ്സിൽ ആശിഷ് നെഹ്‌റ 2016 ലെ ട്വന്റി20 ലോകകപ്പ് കളിച്ചിരുന്നു. എനിക്ക് മുപ്പത്താറേ ആയിട്ടുള്ളൂ. തിരിച്ചുവരാൻ എനിക്ക് ഒരു വർഷം മുമ്പിലുണ്ട്. പ്രായം ഒരു ഘടകമാവില്ലെന്നാണ് പ്രതീക്ഷ. ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല, കഴിഞ്ഞ ആറേഴു വർഷമായി ഞാൻ ക്രിക്കറ്റ് കളിച്ചിട്ടേയില്ല. എന്റെ ശരീരത്തിന് 6-7 വർഷത്തെ കളി ബാക്കിയുണ്ട്. പ്രായമായിട്ടുണ്ടാവാം. എന്നാൽ ക്രിക്കറ്റും ബൗളിംഗും എന്നിൽ അവശേഷിക്കുന്നുണ്ട്. അതിനാൽ ഉർവശീ ശാപം പോലെയാണ് വിലക്കിനെ കാണുന്നത്. നിരന്തരമായ പെയ്‌സ്ബൗളിംഗിലൂടെ എന്റെ ശരീരം തളർന്നിട്ടില്ല. ഇപ്പോൾ അണ്ടർ-19 കളിക്കാരനെ പോലെയാണ് തോന്നുന്നത്. ഇപ്പോഴും 140 മൈൽ വേഗത്തിൽ പന്തെറിയാൻ കഴിയും. പെയ്‌സ്ബൗളിംഗ് എനിക്ക് ജന്മനാ കിട്ടിയ വരദാനമാണ്. എപ്പോഴും ഞാനൊരു പെയ്‌സ്ബൗളറായിരിക്കും. അടുത്ത അഞ്ചു വർഷത്തേക്ക് ഞാൻ ക്രിക്കറ്റ് വിടില്ല. 

ചോ: തെറ്റ് സംഭവിച്ചുവെന്ന് എപ്പോഴെങ്കിലും അംഗീകരിക്കുമോയെന്നറിയില്ല. എങ്കിലും യുവ താരങ്ങളോട് എന്താണ് പറയാനുള്ളത്?
ഉ: ജീവിതം മാറിമറിയാൻ ഏതാനും സെക്കന്റുകൾ മതിയെന്നത് വലിയ അനുഭവ ജ്ഞാനമാണ്. മറ്റൊരു കാര്യവും ഞാൻ മനസ്സിലാക്കി. എത്ര പ്രതിസന്ധി ഘട്ടത്തിലും, ലോകം മുഴുവൻ എതിരായാലും ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന്, മാതാപിതാക്കളും ഭാര്യയും കുട്ടികളും ചിരിക്കുകയും നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ കൂടുതൽ മികവിനായി അധ്വാനിക്കണമെന്ന്. പൊരുതിക്കൊണ്ടിരിക്കണമെന്ന്. 
നിങ്ങൾ ഏത് തൊഴിലിലായാലും, കലയോ ബിസിനസോ സ്‌പോർട്‌സോ എന്തുമാവട്ടെ, ഒന്നോ രണ്ടോ തടസ്സങ്ങൾ നിങ്ങളെ പിന്തിരിപ്പിക്കരുത്. എപ്പോഴും സ്വയം വിശ്വസിക്കണം. പൊരുതുകയും ജയിക്കുകയും വേണം. 2020 ൽ മത്സരങ്ങളിൽ തിരിച്ചെത്തുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം വിജയം. എനിക്ക് അതു സാധിക്കുമെങ്കിൽ മറ്റെല്ലാവർക്കും സാധിക്കും. ഒരുപാട് പ്രയാസങ്ങൾ അഭിമുഖീകരിച്ചു. പക്ഷേ കുടുംബം എന്നോട് ഒന്നേ പറഞ്ഞുള്ളൂ. ഇത് വലിയ അനുഭവമാണ്. അത് ഉപയോഗിക്കുക, നല്ല വ്യക്തിയാവുക, നല്ല മനുഷ്യനാവുക.  

 

ചോ: ആരോപണങ്ങളൊക്കെ പോകട്ടെ, എന്തു തെറ്റാണ് താങ്കൾ ചെയ്തത്?
ഉ: ഏറ്റവും മോശമായ രീതിയിൽ ജീവിതം വലുതായി ആസ്വദിച്ചുവെന്നതാണ് എന്റെ തെറ്റ്. അത് തിരിച്ചടിച്ചിട്ടുണ്ടാവാം. രാത്രി ആഘോഷങ്ങളും പാർട്ടികളും. പലരും അതൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ എല്ലാം ശ്രീശാന്തിന്റെ തലയിൽ വീണു. അതിലൊന്നും പരിഭവമില്ല. ക്രിക്കറ്റിന്റെ കാര്യത്തിൽ ഒരു തെറ്റും ചെയ്തതായി തോന്നുന്നില്ല. 2015 ൽ തന്നെ ഞാൻ കളിക്കളത്തിൽ തിരിച്ചെത്തേണ്ടതായിരുന്നു. ഇപ്പോൾ 2019 ആയി. ബി.സി.സി.ഐയെ പോലെ വലിയൊരു അസോസിയേഷനെതിരെ ഒറ്റക്ക് പൊരുതേണ്ടി വന്നു. എങ്കിലും അവരോട് നന്ദിയുണ്ട്. അതെന്നെ കരുത്തനാക്കി മാറ്റി. 

ചോ: അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ബി.സി.സി.ഐയോ ഐ.സി.സിയോ നിർദേശിച്ചാൽ സന്തോഷത്തോടെ മുന്നോട്ടു വരുമോ?
ഉ: തീർച്ചയായും. യുവ താരങ്ങളെ ഏതു രീതിയിലും സഹായിക്കാൻ അതിയായ ആഹ്ലാദമേയുള്ളൂ. 

ചോ: ഫാസ്റ്റ് ബൗളിംഗ് ഒരിക്കലും തന്നെ വിട്ടുപോവില്ലെന്ന് താങ്കൾ പറയുന്നു, ഇപ്പോഴും ആ കണങ്കൈ ഉരുക്കുപോലെ സ്‌ട്രെയ്റ്റാണോ?
ഉ: കണ്ടാലേ നിങ്ങളത് വിശ്വസിക്കൂ. ഇപ്പോഴും മനോഹരമായി ഔട്‌സ്വിംഗറുകളും ഇൻസ്വിംഗറുകളുമെറിയാൻ എനിക്ക് കഴിയുന്നുണ്ട്. ബാറ്റിംഗും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 

Latest News