'അമ്മ'യിൽ പൊട്ടിത്തെറിക്ക് സാധ്യത

കോഴിക്കോട് - നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അറസ്റ്റോടെ 'അമ്മ'യിൽ പൊട്ടിത്തെറിക്ക് സാധ്യത.
പ്രസിഡന്റ് ഇന്നസെന്റ്, സഹഭാരവാഹികളായ മുകേഷ്, ഗണേഷ് കുമാർ എന്നിവരോട് രാജിവെക്കാൻ ഇടതുമുന്നണിയിൽ നിന്ന് സമ്മർദ്ദമുണ്ട്. അമ്മ ജനറൽ ബോഡിക്ക് ശേഷം തങ്ങൾ നടത്തിയ വാർത്താസമ്മേളനത്തിലെ പ്രതികരണം അമിതമായിപ്പോയെന്നാണ് ഇവർ ഇടതുമുന്നണി നേതാക്കളോട് തന്നെ പറഞ്ഞിരിക്കുന്നത്. ഇവരടക്കം ഭരണ സമിതിയിലെ എല്ലാവരും രാജിവെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ മുന്നോടിയായാണ് കഴിഞ്ഞ ആഴ്ച തന്റെ വീട്ടിൽ തന്നെ വാർത്താസമ്മേളനം നടത്തി ഇന്നസെന്റ് ഖേദപ്രകടനവും മറ്റും നടത്തിയത്. തങ്ങൾ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിയാമെന്ന് ഇവർ ബന്ധപ്പെട്ടവരെയെല്ലാം അറിയിച്ചിരുന്നെങ്കിലും തൽക്കാലം ഇത്തരം നീക്കങ്ങൾ ഉണ്ടാകരുതെന്ന് സൂപ്പർ സ്റ്റാർ അടക്കമുള്ളവർ ഇവരോട് അഭ്യർത്ഥിക്കുകയായിരുന്നു. എന്നാൽ ദിലീപിന്റെ അറസ്റ്റോടെ 'അമ്മ' കളങ്കിതനായ ദിലീപിനെ അനാവശ്യമായി പിന്തുണച്ചുവെന്ന ആക്ഷേപം ശരിയായതായി പൊതുവെ എല്ലാവരും അംഗീകരിച്ചിരിക്കുകയാണ്. ഇതുകൊണ്ടു തന്നെ ഇപ്പോഴുള്ള ഭരണ സമിതി ഒന്നാകെ സ്ഥാനമൊഴിയുമെന്ന തരത്തിലുള്ള ആലോചനയാണ് നടക്കുന്നത്. ഒന്നുരണ്ട് ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമുണ്ടാകുമെന്നറിയുന്നു. പാർലമെന്റംഗമായ ഇന്നസെന്റും എം.എൽ.എമാരായ മുകേഷും ഗണേഷ്‌കുമാറും ആ സ്ഥാനങ്ങൾ ഒഴിയണമെന്ന അഭിപ്രായവും ഇടതുമുന്നണിയുടെ പല നേതാക്കളും ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമ്മയുടെ ഭാരവാഹികൾ ഒന്നാകെ ഒഴിയണമെന്ന അഭിപ്രായത്തിന് മുൻതൂക്കം കിട്ടുന്നത്. അമ്മയിലെ നല്ലൊരു ശതമാനം അംഗങ്ങളും ഇത്തരമൊരു അഭിപ്രായത്തെ പിന്തുണക്കുമെന്നാണറിയുന്നത്.
മുതിർന്ന നടൻ ബാലചന്ദ്രമേനോൻ പ്രസിഡന്റും കുഞ്ചാക്കോ ബോബനെപ്പോലെ ഒരാളെ സെക്രട്ടറിയുമാക്കി താൽക്കാലിക കമ്മിറ്റി രൂപീകരിക്കുവാനാണ് നീക്കം. എന്നാൽ മഞ്ജുവാര്യറോട് ഏറെ അടുപ്പം പുലർത്തുന്ന കുഞ്ചാക്കോ ബോബനെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരാൻ പൂർണ പിന്തുണ കിട്ടുമോയെന്നറിയില്ല. അങ്ങനെയെങ്കിൽ മറ്റൊരാളെ അന്വേഷിക്കാനാണ് സാധ്യത.

Latest News