Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വർണ്ണക്കടത്ത് കരിയറെ തട്ടികൊണ്ടു പോയി  കവർച്ച നടത്തിയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ  

സ്വർണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പ്രതികൾ-

കൊണ്ടോട്ടി- ഷാർജയിൽനിന്ന് സ്വർണം കടത്തിയ യുവാവിനെ വിമാനത്താവളത്തിൽനിന്ന് തട്ടികൊണ്ടു പോയി മർദ്ദിച്ച്  സ്വർണ്ണം കവർന്ന് വഴിയിയിൽ ഉപേക്ഷിച്ച സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. വയനാട് മീനങ്ങാടി പടിക്കൽ കരണി അസ്‌കറലി(24),മീനങ്ങാടി കരണി പുളളാർകുടിയിൽ പ്രവീൺ(24),മീനങ്ങാടി കരണി തെക്കെയിൽ ഹർഷാൽ(25)എന്നിവരെയാണ്  കൊണ്ടോട്ടി സി.ഐ എൻ.ബി  ഷൈജുവിന്റെ നേതൃത്വത്തിൽ  പ്രത്യേകസംഘം പിടികൂടിയത്. ഇയാളെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പിടികൂടി. 
കഴിഞ്ഞ ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. പോലീസ് പറയുന്നത് ഇങ്ങിനെ. കൊണ്ടോട്ടി സ്വദേശിയായ യുവാവ് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണക്കടത്തു സംഘത്തിന് വേണ്ടി സ്വർണ്ണവുമായാണ് എത്തിയത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്ത് കടന്ന ഇയാളെ വയനാട്ടിൽ നിന്ന് എത്തിയ ക്വാട്ടേഷൻ സംഘം കരിപ്പൂരിൽ എത്തി തെറ്റിദ്ധരിപ്പിച്ച് തട്ടികൊണ്ടു പോവുകായിരുന്നു. േദശീയപാത ഐക്കരപ്പടിയിൽ വെച്ച് യുവാവ് ശരീരത്തിൽ മൂന്ന് ക്യാംപ്‌സ്യൂളായി ഒളിപ്പിച്ച സ്വർണം കൈക്കലാക്കിയ സംഘം രാമനാട്ടുകര അറപ്പുഴ പാലത്തിന് സമീപം ഇയാളെ ഉപേക്ഷിച്ച് വയനാട്ടിലേക്ക് മടങ്ങി. ഇയാളുടെ കൈവശമുണ്ടായിരുന്ന സിംകാർഡും ഇവർ നശിപ്പിച്ചിരുന്നു. എന്നാൽ യുവാവ് സ്വർണം മറിച്ചുവിറ്റതാണെന്ന ധാരണയിൽ കൊടുവള്ളി സ്വർണക്കടത്ത് സംഘം വീണ്ടും മറ്റൊരു വാഹനത്തിൽ ഇയാളെ കയറ്റികൊണ്ടു പോയി തമിഴ്‌നാട്ടിലേയും കർണ്ണാടകയിലേയും വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് യുവാവ് വീട്ടിൽ തിരിച്ചെത്തിയത്. ഈ കേസ് ഫറോക്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. 
   സ്വർണ്ണ മാഫിയയുടെ ഭീഷണി മൂലം പോലീസിൽ പരാതിപ്പെടാൻ ഭയന്ന യുവാവ് പിന്നീട്  മലപ്പുറം എസ്.പിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് കൊണ്ടോട്ടി സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പ്രതികളെ വാഹന സഹിതം വയനാട്ടിൽനിന്ന് പിടികൂടി. പ്രതികൾ വധശ്രമം ഉൾപ്പെടെ  നിരവധി കേസുകളിൽ ഉൾപ്പെട്ട ക്വട്ടേഷൻ സംഘമാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 10 ഓളം പേരടങ്ങുന്ന സംഘം ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.
   സ്വർണക്കടത്ത് കരിയർമാരെ തട്ടിയെടുത്ത് സമാന രീതിയിൽ നിരവധി സ്വർണ്ണം കവർച്ച സംഘം നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു. എന്നാൽ അനധികൃതമായി കൊണ്ടു വരുന്ന സ്വർണ്ണമായതിനാൽ ആരും പരാതിപ്പെടാൻ തയ്യാറാകാത്തതാണ് ഇവർക്ക് അനുഗ്രഹമാകുന്നത്. കുഴൽപ്പണ, സ്വർണ്ണമാഫിയകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതികൾ വയനാട്ടിൽ അനധികൃത റിസോട്ടുകൾ നടത്തിയിരുന്നതും അന്വോഷിക്കുന്നുണ്ട്.പ്രതികളെ പിന്നീട് മഞ്ചേരി കോടതിയിൽ ഹാജരാക്കി.കൂടുതൽ അന്വേഷണത്തിന് വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

Latest News