Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനിലേക്ക് അനധികൃത ടാക്‌സി; മലയാളികളടക്കം നിരവധി പേർ കുരുക്കിൽ

ദമാം- രാജ്യത്ത് അനധികൃത ടാക്‌സി സർവീസ് നടത്തുന്നവർക്കെതിരെ സൗദി സർക്കാർ ശക്തമായ നടപടി തുടങ്ങി. ബഹ്‌റൈനിലേക്ക് അനധികൃതമായി ടാക്‌സി സർവീസ് നടത്തിയ കുറ്റത്തിനു അടുത്തിടെ 150 പരം പേരെ കിംഗ് ഫഹദ് കോസ്‌വേയിൽ പോലീസ് പിടികൂടിയിരുന്നു. ഇവരുടെ ഇഖാമ പുതുക്കൽ, എക്‌സിറ്റ്,എക്‌സിറ്റ് റീ എൻട്രി തുടങ്ങിയ സർക്കാർ സേവനങ്ങളല്ലാം നിർത്തിവെക്കുന്നതോടൊപ്പം മൻഉസ്സഫർ (യാത്ര വിലക്ക്) രേഖപ്പെടുത്തുകയും ചെയ്തു.

ഇവരോട് ദമാം തർഹീലിനെ സമീപിക്കാനാണ് നിർദ്ദേശം. യാത്രക്കാരുടെയും വാഹനത്തിന്റെയും ഡ്രൈവറുടേയും യാത്ര ചെയ്യുന്ന ചിത്രവും തർഹീലിനു കൈമാറുന്നുണ്ട്.
നിയമ വിരുദ്ധമായി ടാക്‌സി സർവീസ് നടത്തിയതിന്റെ പേരിൽ പിടികൂടുന്നവരിൽ ഏറെയും ഹൗസ് ഡ്രൈവർമാരാണ്. വാഹനത്തിലുളളവർ സ്‌പോൺസർമാരോ അവരുടെ ബന്ധപ്പെട്ട കുടുംബക്കാരോ അല്ലന്ന് ബോധ്യമാവുന്നതോടെയാണ് നടപടിയെടുക്കുക.

ഹൗസ് ഡ്രൈവർമാർക്ക് പുറമെ മറ്റു പ്രൊഫഷനുകളിലുള്ളവരും അനധികൃത ടാക്‌സി സേവനം നടത്തിയതിന്റെ പേരിൽ പിടിയിലായിട്ടുണ്ട്. ഒരു ദിവസത്തിൽ പല തവണ കോസ്‌വേ വഴി യാത്രക്കാരുമായി പോവുന്ന ഡ്രൈവർമാരെ നിരീക്ഷിച്ചാണ് നിയമലംഘനം നടത്തുന്നവരെ പിടികൂടുന്നത്. നിയമപരമല്ലാത്ത നിലയിൽ ടാക്‌സി സേവനം നടത്തിയതിന്റെ പേരിൽ ഒരു യാത്രക്കാരൻെ പേരിൽ മാത്രം പതിനയ്യായിരം റിയാൽ പിഴ ചുമത്തും.

സ്‌പോൺസറുടെ കുടുംബത്തിലുള്ള നാലു വനിതകളുമായി ബഹ്‌റൈനിലേക്കു പോവുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ ഹൗസ് ഡ്രൈവറെ അടുത്തിടെ പിടികൂടിയിരുന്നു. തനിക്കെതിരെ നാലു പേരുടെ പേരിൽ അറുപതിനായിരം റിയാൽ പിഴ ചുമത്തിയതായാണ് തർഹീലിൽ നിന്നും വിവരം ലഭിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.

നിയമ പരമായി ടാക്‌സി സേവനം നടത്തുന്നവർ തങ്ങളുടെ യാത്രക്കാർക്ക് കൃത്യമായ രേഖയുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സാമൂഹ്യ പ്രവർത്തകനായ നാസ് വക്കം അഭിപ്രായപ്പെട്ടു. കൃത്യമായ രേഖയില്ലാതെ യാത്രക്കാരെ കൊണ്ടുപോയതിൻെ പേരിൽ ഒരു മലയാളി കസ്റ്റഡിയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അനധികൃത ടാക്‌സി സേവനം നടത്തുന്നവരെ ശിക്ഷാനടപടികൾക്ക് ശേഷം നാടു കടത്തുമെന്ന് ദമാം തർഹീലിലെ ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇവർക്ക് സൗദിയിലേക്കു പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്യും.
 

Latest News