റിയാദ്- കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ 4,22,000 വാഹനങ്ങൾ വിറ്റതായി കണക്ക്. വാഹന വിപണിയിൽ രൂക്ഷമായ മാന്ദ്യം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്. 3,40,000 സ്വകാര്യ കാറുകളും വാണിജ്യാവശ്യത്തിനുള്ള 82,000 വാഹനങ്ങളുമാണ് കഴിഞ്ഞ വർഷം സൗദിയിൽ വിൽപന നടത്തിയത്. മധ്യപൗരസ്ത്യ ദേശത്ത് പ്രതിവർഷം 23 ലക്ഷത്തോളം വാഹനങ്ങളുടെ വിൽപനയാണ് നടക്കുന്നത്. ഇതിൽ 40 ശതമാനത്തോളം സൗദി അറേബ്യയുടെ വിഹിതമാണ്.
ആഗോള വിപണിയിൽ എണ്ണ വില ഇടിഞ്ഞതിന്റെയും സമീപ കാലത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെയും ഫലമായി സൗദിയിൽ വാഹന വിൽപന കുത്തനെ കുറഞ്ഞിട്ടുണ്ട്. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി അടക്കമുള്ള സാമ്പത്തിക, സാമൂഹിക പരിഷ്‌കാരങ്ങൾ വരുന്ന രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ വാഹന വിപണിയിൽ വലിയ തോതിൽ ഉണർവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക, സാമൂഹിക പരിഷ്‌കരണങ്ങളുടെ ഫലം വാഹന വിപണിയിൽ ഇതുവരെ കാര്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ ഭാവിയിൽ എണ്ണ വില വർധിക്കുന്നതോടൊപ്പം സൗദിയിൽ വാഹന വിൽപനയിലും വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. 2023 വരെയുള്ള കാലത്ത് സൗദിയിലെ വാഹന വിപണിയിൽ പ്രതിവർഷം 3.6 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
എണ്ണ വില വർധിക്കുന്നതോടെ ട്രക്കുകൾക്കും ബസുകൾക്കും മറ്റു പരമ്പരാഗത വാഹനങ്ങൾക്കുമുള്ള ആവശ്യം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ജിദ്ദ, ദമാം തുറമുഖങ്ങൾ വഴിയാണ് എത്തുന്നന്നത്. അടുത്ത വർഷം സൗദിയിൽ സ്‌പെയർപാർട്‌സ് വിപണി 365 കോടി ഡോളറായി ഉയരുമെന്ന് കണക്കാക്കുന്നു. 2014 ൽ രാജ്യത്തെ സ്‌പെയർ പാർട്‌സ് വിപണി 200 കോടി ഡോളറായിരുന്നു. സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളിൽ നാൽപതു ശതമാനത്തോളം ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും അമേരിക്കയിൽ നിന്നുമാണ്.