Thursday , February   27, 2020
Thursday , February   27, 2020

കഠിനാധ്വാനത്തിന്റെ യാസ്മിൻ ബ്രാൻഡ്

പതിനാറാം വയസ്സിൽ പത്താം ക്ലാസ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുമ്പോൾ യാസ്മിന് സ്വപ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. സ്‌കൂളിൽ പോകുന്ന പെൺകുട്ടികളെ ഞാൻ കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്ന് യാസ്മിൻ തന്നെ പറയും. സാമ്പത്തിക പരാധീനതയെന്ന കുടുംബത്തിന്റെ അന്നത്തെ സാഹചര്യത്തിൽ മറിച്ചു ചിന്തിക്കുക പ്രയാസം. 
ജീവിതം ഇരുളടഞ്ഞതാണെന്ന് തോന്നിപ്പോയ നിമിഷങ്ങൾ. ദീർഘ നിശ്വാസങ്ങളും ദൈവത്തോടുള്ള പ്രാർത്ഥനകളും മാത്രമായിരുന്നു ആശ്വാസം. വീട്ടിലെ അടുക്കളയിൽ മാത്രമായി ഒതുങ്ങിയ ജീവിതം. ഒരിക്കലും കരകയറുമെന്ന് തോന്നിയിരുന്നില്ല. സ്‌കൂളിലോ നാട്ടിലോ ഒരു തരത്തിലുമുള്ള പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നിട്ടില്ലാത്ത കാര്യമായ വികസനം ഇന്നും കടന്നു ചെന്നിട്ടില്ലാത്ത ഒരു കുഗ്രാമത്തിലെ പെൺകുട്ടിക്ക് എന്ത് പ്രതീക്ഷിക്കാൻ. ഇത് പറയുമ്പോൾ യാസ്മിന്റെ കണ്ഠമിടറിയിരുന്നു. 2006 ൽ കുടുംബശ്രീ അയൽക്കൂട്ടം രൂപികരിച്ചപ്പോൾ കൂട്ടത്തിൽ അത്യാവശ്യം എഴുത്തും വായനയും അറിയുന്നയാളെന്ന നിലയിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് യാസ്മിൻ പറയുന്നു. നാലു വർഷത്തോളം മറ്റു വിഷയങ്ങളിലൊന്നും ഇടപെട്ടിരുന്നില്ല. ദരിദ്രമായ ചുറ്റുപാടിലെ ഒട്ടേറെ കഥന കഥകൾ കേട്ട് മനസ്സ് നീറിയപ്പോഴാണ് 2010 ൽ ആദ്യമായി മറ്റുള്ളവരുടെ പ്രശ്‌നങ്ങളുടെ പരിഹാരം തേടി വീട് വിട്ടിറങ്ങുന്നത്. പിന്നെ പ്രശ്‌നങ്ങൾക്ക് മേൽ പ്രശ്‌നങ്ങൾ. തങ്ങളുടെ കാര്യം പറയാൻ തങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെ ഒരാളുണ്ടെന്ന തോന്നലിൽ ആളുകൾ ഒഴുകിയെത്തിയതോടെ തന്നെ തിരക്കുള്ള പൊതുപ്രവർത്തകയാക്കി മാറ്റിയെന്ന് യാസ്മിൻ പറഞ്ഞു. പ്രവർത്തനത്തിന്റെ ഫലമായി 2011 ൽ സി.ഡി.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യാസ്മിൻ എന്ന ബ്രാൻഡ് അംബാസഡർ അവിടം മുതലാണ് ജനിച്ചത്. പാതി മുറിഞ്ഞുപോയ സ്വന്തം പഠനം മുഴുമിപ്പിക്കലായിരുന്നു ആദ്യ പടി. ഒപ്പം തന്നെ പോലെ പഠനം സ്വപ്‌നമായ ഒരു കൂട്ടം സ്ത്രീകളെയും സാക്ഷരതാ മിഷന്റെ 4, 7, 10 ക്ലാസുകളിലെ അതുല്യം തുല്യതാ പരീക്ഷയെഴുതിച്ചു. ഇത് നൽകിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നുവെന്ന് യാസ്മിൻ പറഞ്ഞു. ഒരു വരുമാനവുമില്ലാത്ത സ്ത്രീകൾക്ക് വരുമാനമെന്ന ചിന്തയിൽ നിന്നാണ് കൃഷിയെന്ന ആശയം മുള പൊട്ടുന്നത്. 


യഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലെ പെണ്ണുങ്ങൾ പാടത്തും പറമ്പിലും പണിക്കിറങ്ങുന്നുവെന്ന വാർത്ത പലരുടെയും കുരു പൊട്ടിച്ചു. നഷ്ടവും പണിക്ക് ആളെ കിട്ടാത്തതും കാരണം പാടശേഖരങ്ങളിൽ കൃഷി അവസാനിപ്പിച്ചവർ കളിയാക്കി ചിരിച്ചു. 
അവരൊക്കെ ഒരു അത്ഭുത ജീവിയെന്ന പോലെ പിന്നീട് തന്നെ നോക്കുന്നത് കണ്ടിട്ടുണ്ടെന്ന് യാസ്മിൻ ചിരിയോടെ പറയുന്നു. പുതിയ സീസണിലെ നെല്ല് ഫെബ്രുവരി, മാർച്ച് മാസങ്ങളോടെ കൊയ്യാനാകും. അവിലും ഡ്രൈ ഫ്രൂട്ട്‌സും അടങ്ങുന്ന കോൺഫഌക്‌സ്  പോലുള്ള പുതിയ ഉൽപന്നമാണ് ഇത്തവണത്തെ പ്രതീക്ഷയെന്ന് യാസ്മിൻ ചൂണ്ടിക്കാട്ടുന്നു. ആരുടെയും സഹായമില്ലാതെ ഭിന്നശേഷിക്കാരായ തന്റെ 36 മക്കളെ സ്വയം പര്യാപ്തതയിലെത്തിക്കണം. അവരെ തൊഴിൽ പഠിപ്പിച്ച് അവരുടെതായ ഒരു ഉൽപന്നം പുറത്തിറക്കലാണ് അടുത്ത ലക്ഷ്യമെന്ന് പറയുമ്പോൾ യാസ്മിന്റെ മുഖത്ത് വിരിയുന്നത് നിശ്ചയദാർഢ്യത്തിന്റെ കരുത്ത്. ഗ്രാമത്തിലെ അവസ്ഥ വെച്ച് നോക്കുമ്പോൾ കുട്ടികളെ രാത്രി കൂടി സംരക്ഷിക്കേണ്ട ഷെൽട്ടർ ആവശ്യമാണ്. ഭൂമിയുണ്ടെങ്കിൽ കെട്ടിടം വെച്ചുനൽകാൻ സർക്കാർ തയാറാണ്. അതിൽ തന്റെ കുട്ടികളുടേതായി ഒരു വിപണന കേന്ദ്രം തുറക്കണം. അവർക്കായി സ്പീച്ച്, ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കണം. പറഞ്ഞു നിർത്തുമ്പോൾ യാസ്മിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരായിരം തിരികൾ തെളിഞ്ഞത് കാണാമായിരുന്നു.

Latest News