കൊളംബോ- ഈസ്‌റ്റർ ദിനത്തിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയെ തുടർന്ന് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ അവസാനിച്ചു. നാല് മാസത്തിനു ശേഷം വെള്ളിയാഴ്ച്ചയാണ് അടിയന്തരാവസ്ഥ പൂർണ്ണമായും പിൻവലിച്ചതെന്ന് എ എഫ് പി റിപ്പോർട്ട് ചെയ്‌തു. ഇക്കഴിഞ്ഞ ഈസ്‌റ്റർ ദിനത്തൽ ഐ എസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 258 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഏപ്രിൽ 21 നടന്ന ആക്രമണ പരമ്പരയെ തുടർന്ന് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ഓരോ മാസവും നിശ്ചിത തിയ്യതിക്ക് ശേഷം അടുത്ത മാസത്തേക്കായി ശ്രീലങ്കൻ സർക്കാർ നീട്ടികൊണ്ടു പോകുകയായിരുന്നു. എന്നാൽ, ഈമാസം 22 മുതൽ അടിയന്തരാവസ്ഥ അവസാനിപ്പിച്ചതായി പ്രസിഡന്റ് സിരിസേനയുടെ ഓഫീസ് സ്ഥിരീകരിച്ചു.
ഈ മാസം അടിയന്തിരാവസ്ഥ നീട്ടുന്നതിനായി പ്രസിഡന്റ് പ്രത്യേക ഉത്തരവ് നൽകിയിട്ടില്ലെന്ന് പ്രസിഡന്റിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഇ എഫ് പി റിപ്പോർട്ട് ചെയ്‌തു. ഇക്കഴിഞ്ഞ ഏപ്രിൽ 21 നു ഒമ്പത് ചാവേർ ആക്രമണങ്ങളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടന്നിരുന്നത്. രാജ്യത്തെ വംശീയ ആക്രമങ്ങൾ അവസാനിച്ച 2009 നു ശേഷം നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. തുടർ സ്‌ഫോടനങ്ങളിൽ 258 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതേ തുടർന്നാണ് ശക്തമായ സുരക്ഷ മുൻനിർത്തി സർക്കാർ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീടാണ് ഐ എസ് ഏറ്റെടുത്തത്.






