മക്ക - ആഭ്യന്തര ഹജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും തമ്പുകളിൽ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും സാറ്റലൈറ്റ് ടി.വി ചാനലുകൾ പ്രദർശിപ്പിക്കുന്നതും ഹജ്, ഉംറ മന്ത്രാലയം വിലക്കി. ഹജ് സർവീസ് സ്ഥാപനങ്ങൾക്ക് വിതരണം ചെയ്ത, മാർഗനിർദേശങ്ങൾ അടങ്ങിയ ഗൈഡിൽ ഇക്കാര്യം പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. ഹജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിൻതൻ ഗൈഡ് അംഗീകരിച്ചു. ഹജ്, ഉംറ മന്ത്രാലയത്തിൽ നിന്ന് സീസൺ ലൈസൻസ് ലഭിക്കുന്നതിനു മുമ്പായി സർവീസ് കമ്പനികൾ പരസ്യം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. സർവീസ് കമ്പനികളുടെ പേര്, ലൈസൻസ് നമ്പർ, മിനായിലെ വിലാസം എന്നിവ പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കണം. വി.ഐ.പി സേവനം നൽകുമെന്ന് തോന്നിപ്പിക്കുന്ന വാചകങ്ങളും ഫോട്ടോകളും പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന് പാടില്ല. പ്രാദേശിക ചാനലുകളും അൽഇഖ്ബാരിയ ചാനലും ഒഴികെയുള്ള ചാനലുകൾ തമ്പുകളിൽ പ്രദർശിപ്പിക്കുന്നതിന് പാടില്ലെന്നും നിർദേശമുണ്ട്.
അൽമുയസ്സർ ഹജ് പാക്കേജിൽ ദുൽഹജ് 9, 11, 12, 13 തീയതികളിൽ ഹജ് തീർഥാടകരെ മിനാക്കു സമീപമുള്ള കെട്ടിടങ്ങളിൽ പാർപ്പിക്കണം. താമസ സ്ഥലങ്ങളിൽ തീർഥാടകരിൽ ഒരാൾക്ക് നാലു ചതുരശ്ര മീറ്റർ സ്ഥലം എന്ന തോതിൽ നീക്കിവെക്കണം. കല്ലേറ് കർമം നിർവഹിക്കുന്നതിനുള്ള നിശ്ചിത സമയക്രമം അൽമുയസ്സർ പാക്കേജ് നടപ്പാക്കുന്ന സർവീസ് കമ്പനികളും കർശനമായി പാലിക്കണം. കല്ലേറ് കർമം പൂർത്തിയാക്കിയ ശേഷം തീർഥാടകരെ മുസ്ദലിഫയിൽ നിന്ന് സർവീസ് കമ്പനികൾ താമസ സ്ഥലത്ത് എത്തിക്കലും നിർബന്ധമാണ്. പൊതുസേവനങ്ങൾക്കും ഓരോ സർവീസ് കമ്പനിക്കും ക്ലിനിക്കുകൾക്കും ഓഫീസുകൾക്കും മൂന്നു തമ്പുകൾ വീതം നീക്കിവെക്കും.
ലൈസൻസ് പ്രകാരം ഓരോ സർവീസ് കമ്പനികൾക്കും അനുവദിക്കുന്ന ക്വാട്ടയുടെ 92 ശതമാനം സീറ്റുകളിലേക്ക് ഇ-ട്രാക്ക് വഴിയാണ് രജിസ്‌ട്രേഷൻ നടത്തുക. അവശേഷിക്കുന്ന എട്ടു ശതമാനം തീർഥാടകരെ സ്വന്തം നിലക്ക് തെരഞ്ഞെുക്കുന്നതിന് സർവീസ് കമ്പനികളെ അനുവദിച്ചിട്ടുണ്ട്. ദുൽഖഅദ് ഒന്നിന് ആഭ്യന്തര ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. ജനറൽ കാറ്റഗറി, കുറഞ്ഞ ചെലവിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കുന്ന കാറ്റഗറി, മിനാക്ക് പുറത്ത് താമസ സ്ഥലം നൽകുന്ന കാറ്റഗറി, മിനായിലെ മലമുകളിൽ നിർമിച്ച ബഹുനില കെട്ടിടങ്ങളിൽ താമസം നൽകുന്ന കാറ്റഗറി എന്നിങ്ങനെ ആഭ്യന്തര ഹജ് തീർഥാടകർക്ക് വ്യത്യസ്ത കാറ്റഗറികളാണുള്ളത്. മിനാക്ക് പുറത്തെ കെട്ടിടങ്ങളിൽ താമസസ്ഥലം നൽകുന്ന കാറ്റഗറിയിലാണ് നിരക്ക് ഏറ്റവും കുറവ്. മറ്റു മൂന്നു വിഭാഗങ്ങളിലും ജംറയിൽ നിന്ന് തമ്പുകളിലേക്കുള്ള ദൂരത്തിനനുസരിച്ച് നിരക്കുകളിൽ ഏറ്റക്കുറച്ചിലുണ്ടാകും.
ഇ-ട്രാക്ക് വഴി ഏറ്റവുമാദ്യം രജിസ്റ്റർ ചെയ്ത് പണമടയ്ക്കുന്നവർക്കാണ് ഹജിന് അവസരം ലഭിക്കുക. മുൻ കാലങ്ങളിൽ ചില സർവീസ് കമ്പനികൾ സമ്പന്നരായ ഹജ് തീർഥാടകർക്ക് തമ്പുകളിൽ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒരുക്കിയിരുന്നു. മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന് ഏറെ സ്ഥലം ആവശ്യമായതിനാൽ വളരെ കുറച്ച് തീർഥാടകർക്കു മാത്രമാണ് ഈ സർവീസ് കമ്പനികൾ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കിയിരുന്നത്. നിരവധി പേർക്ക് ഹജിന് അവസരം നിഷേധിക്കുന്നതിന് പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഇടയാക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരം സൗകര്യങ്ങൾ തമ്പുകളിൽ ഹജ്, ഉംറ മന്ത്രാലയം വിലക്കിയത്. ലൈസൻസ് പ്രകാരമുള്ള ക്വാട്ട അനുസരിച്ച് അനുവദിക്കുന്ന തമ്പുകളിൽ പാർപ്പിക്കുന്ന തീർഥാടകരുടെ എണ്ണത്തിന് ഹജ്, ഉംറ മന്ത്രാലയം അടുത്ത കാലത്ത് മിനിമം പരിധി നിശ്ചയിച്ചിട്ടുണ്ട്. തമ്പുകളുടെ ശേഷി അനുസരിച്ച മിനിമം ശതമാനം തീർഥാടകർക്ക് സേവനങ്ങൾ നൽകാത്ത സർവീസ് കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നുണ്ട്.






