കശ്മീരും മനുഷ്യാവകാശവും കൈവിടാതെ ട്രംപ്; മോഡിയുമായി ചര്‍ച്ച നടത്തും

വാഷിംഗ്ടണ്‍- കശ്മീര്‍ പ്രശ്‌നവും മനുഷ്യാവകാശങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ച ചെയ്യാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബിയറിറ്റ്‌സില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ മോഡിയുമായി ചര്‍ച്ച നടത്താനാണ് ട്രംപിന്റെ പരിപാടി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കശ്മീര്‍ പ്രശ്‌നം ഉച്ചകോടിയില്‍ ഉയര്‍ന്നുവരുമെന്ന് വൈറ്റ് ഹൗസിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാളെ നടക്കുന്ന ഉച്ചകോടിയില്‍ ട്രംപിന്റെ അജണ്ടയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയില്‍ സംഘര്‍ഷം കുറക്കുന്നതിനും കശ്മീരിലെ മനുഷ്യാവകശങ്ങള്‍ പാലിക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് മോഡിയില്‍ നിന്ന് അറിയാന്‍ ട്രംപ് ആഗ്രഹിക്കുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി ഫോണില്‍ സംസാരിച്ച ശേഷം കശ്മീര്‍ പ്രശ്‌നത്തില്‍ മാധ്യസ്ഥം വഹിക്കാനുള്ള സന്നദ്ധത ട്രംപ് ആവര്‍ത്തിച്ചിരുന്നു. തര്‍ക്കം ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി തലത്തില്‍ തീര്‍ക്കേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടു തന്നെയാണ് പ്രശ്‌നത്തില്‍ ഇടപെടാനുള്ള അമേരിക്കയുടെ ശ്രമം.

 

Latest News