പ്രധാനമന്ത്രി മോഡി ഇന്ന് യു.എ.ഇയില്‍

അബുദാബി- ത്രിദിന യു.എ.ഇ, ബഹ്‌റൈന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാത്രി 10 ന് യു.എ.ഇയിലെത്തും. പ്രത്യേക വിമാനത്തില്‍ എത്തുന്ന മോഡിക്കും സംഘത്തിനും അബുദാബി വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കും. നാളെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മോഡിക്കു സമ്മാനിക്കും. തുടര്‍ന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി മോഡി ചര്‍ച്ച നടത്തും. എമിറേറ്റ്‌സ് പാലസില്‍ നടക്കുന്ന ചടങ്ങില്‍ ഗാന്ധി സ്മാരക സ്റ്റാംപ് പ്രധാനമന്ത്രിയും ഷെയ്ഖ് മുഹമ്മദും ചേര്‍ന്നു പുറത്തിറക്കും. മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രത്യേക സ്റ്റാംപ് ഇറക്കുന്നത്. മധ്യപൂര്‍വദേശത്ത് ഇതാദ്യമായി റുപേ കാര്‍ഡ് കാര്‍ഡിന്റെ ഉദ്ഘാടനവും മോഡി നിര്‍വഹിക്കും. സിംഗപ്പൂരിലും ഭൂട്ടാനിലുമാണ് ഇതിന് മുന്‍പ് റുപേ കാര്‍ഡ് പുറത്തിറക്കിയത്.
ഉച്ചയ്ക്കുശേഷം യു.എ.ഇ പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ബഹ്‌റൈനിലേക്ക് പോകും. ബഹ്‌റൈനിലേത് മോഡിയുടെ ആദ്യ സന്ദര്‍ശനമാണ്. സ്വീകരണങ്ങള്‍ക്കും ഭരണകര്‍ത്താക്കളുമായുള്ള കൂടിക്കാഴ്ചകള്‍ക്കും ശേഷം പൊതു സമ്മേളനത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.

 

Latest News