Sorry, you need to enable JavaScript to visit this website.

ലാറി ബേക്കറും ഗാഡ്ഗിലുമാണ് ശരി

ഒ.വി. വിജയന്റെ 'തലമുറകൾ' എന്ന നോവൽ (1997)  ജാതീയതയെ പുതിയ തലത്തിൽ സമീപിക്കുന്ന കൃതിയാണ്. ബ്രാഹ്മണ്യം നേടിയെടുക്കാനുള്ള ശ്രമവും അത് നേടിയപ്പോൾ തോന്നുന്ന നിഷ്പ്രയോജനതയും പറയവേ ഒരു കഥാപാത്രമായ മാണികോര ചാരുപടിയുടെ അരികിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച വിജയൻ ഇങ്ങനെ എഴുതുന്നു '...നാട്ടുമക്കളുടെ കൈ വീണിട്ടില്ലാത്ത, തങ്ങളുടെ വിസ്തൃതി കൊണ്ട് കുടിയേറ്റക്കാരനെ മാടിവിളിച്ച സുഫല സ്ഥലികൾ, വരും കാലങ്ങൾ. പടുമരവും കായ്മരവും, കാട്ടു തീയിൽ എരിഞ്ഞ് കരിയാവുന്നു! വിൽപനച്ചരക്കാവുന്നു! ആ തീ ഒരു ജൈവ പന്ഥാവാണ്. എന്നാൽ തങ്ങളുടെ അന്തിമ വരൾച്ചയെ സ്വപ്‌നം കണ്ട് ഈ വരവൃക്ഷങ്ങളിൽ ഭയം നിറഞ്ഞു. മാണി കോരയുടെ കൺമുന്നിൽ മറ്റൊരു കാടിന്റെ ദൃശ്യം ഉയർന്നു. കറുത്ത നിഴൽ വീഴ്ത്തുന്ന, കാറ്റിലെ ഈർപ്പത്തെ ഊതി വരട്ടുന്ന റബർ മരങ്ങൾ. ഒരു പുതിയ കോയ്മയുടെ പട്ടാളക്കാരെപ്പോലെ മാണി കോരയുടെ തന്മാത്രകളിൽ അച്ചടക്കത്തോടെ നിന്ന റബർ മരങ്ങൾ. ആ വിനാശ ദൃശ്യം കണ്ട് തൃപ്തിപ്പെട്ട്, സ്വന്തം വീട്ടിലെന്ന പോലെ സ്വന്തം ആധിപത്യത്തിന്റെ കൊറ്റക്കുടക്ക് കീഴിൽ മാണികോര ചാരുപടിയിൽ വിശ്രമം കൊണ്ടു...' 
കേരളത്തിന്റെ ഭാവുകത്വത്തെ മാത്രമല്ല പരിസ്ഥിതി ആഘാതത്തെയും അദ്ദേഹത്തെപ്പോലുള്ളവർ അവരുടേതായ ഉയർന്ന ബൗദ്ധികാവസ്ഥയിൽ പല ഘട്ടങ്ങളിലും പറഞ്ഞു വെച്ചിട്ടുണ്ട് -ഇതൊക്കെ തെരുവിലെ രാഷ്ട്രീയ മുദ്രാവാക്യമാക്കിയില്ലെന്ന് മാത്രം. കേരളത്തിൽ വീട് നിർമാണത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന്  നിയമസഭാ പരിസ്ഥിതി സമിതി കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ട് വിജയനെപ്പോലുള്ളവർ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതുമായി ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു. പശ്ചിമ ഘട്ടവും മറ്റു മലകളും ഇടിഞ്ഞിടിഞ്ഞു വീഴുമ്പോൾ വീണ്ടും വീണ്ടും ഓർക്കേണ്ട പാഠങ്ങൾ.
വ്യക്തിയുടെ വരുമാന സ്രോതസ്സിന് ആനുപാതികമായ നിർമാണച്ചെലവ്, ഭൂമിയുടെ അളവിനനുസരിച്ചുള്ള പരമാവധി തറ വിസ്തൃതി, വലിപ്പം, ഉപയോഗിക്കേണ്ട നിർമാണ വസ്തുക്കൾ എന്നിവ സംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നാണ് സമിതിയുടെ നിർദേശം. പ്രളയാനന്തര പരിസ്ഥിതി ആഘാത റിപ്പോർട്ടിലാണ് മുല്ലക്കര രത്‌നാകരൻ അധ്യക്ഷനായ സമിതിയുടെ ശുപാർശ. 
മോഡുലാർ വീടുകൾ, പ്രകൃതി സൗഹാർദ നിർമാണ രീതികൾ എന്നിവ നിർബന്ധമാക്കണമെന്നാണ് സമിതി കർശനമായി നിർദേശിക്കുന്നത്. കല്ല്, സിമന്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള നിർമാണ രീതികളിൽനിന്ന് മാറി ജൈവ നിർമിതിയിലേക്ക് കടക്കേണ്ടിയിരിക്കുന്നു. വീടുകളുടെ അനുബന്ധ നിർമിതിക്കും പരിസ്ഥിതി സൗഹൃദ രീതി പിന്തുടരേണ്ടതുണ്ട്. സമഗ്രമായ പാർപ്പിട നയമാണ് സമിതി ശുപാർശ ചെയ്യുന്നത്. കുറഞ്ഞ സ്ഥലം ഉപയോഗിച്ചുള്ള ഭവന സമുച്ചയങ്ങൾ, ഒരാളും താമസമില്ലാതെ കാലങ്ങളായി ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പുനർവിതരണം, ഒന്നിലധികം വീടുള്ളവരിൽനിന്ന് അധിക നികുതി ഈടാക്കൽ തുടങ്ങി പാർപ്പിട രംഗത്തെയാകെ ഉടച്ചുവാർക്കാൻ പറ്റുന്ന നിർദേശങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയനും അനുകൂല സമീപനമാണ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം നടന്ന പാർപ്പിട ദിന പരിപാടികളിലും മറ്റും അദ്ദേഹം ഇക്കാര്യം ആവർത്തിക്കുകയുണ്ടായി. ഭവന നിർമാണത്തിനുള്ള പൊതുശീലങ്ങളിൽ മാറ്റം വരണമെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ തവണത്തെ പാർപ്പിട ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്. യുക്തിരഹിതമായ നിർമാണങ്ങൾ നമ്മുടെ ആവാസ വ്യവസ്ഥയെപ്പോലും അട്ടിമറിക്കുന്നു. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്തുള്ള  അനിയന്ത്രിതമായ നിർമാണങ്ങൾക്ക് ഇനി അനുമതി നൽകാനാവില്ലെന്ന് പ്രളയാനന്തര കേരളത്തിന്റെ മുഖ്യമന്ത്രി അന്ന് (2018) ഉറപ്പിച്ചു പറയുകയുണ്ടായി. വീടുകൾ നിർമിക്കുന്നത് അവരവരുടെ ആവശ്യത്തിനും സൗകര്യത്തിനുമായിരിക്കണം. അല്ലാതെ ആർഭാടവും പൊങ്ങച്ചവും കാട്ടാനാകരുത്. 
ആകാശ സൗധങ്ങൾ മാത്രമല്ല, അടച്ചുറപ്പുള്ള ഒറ്റ മുറിയും വീടാണെന്ന തിരിച്ചറിവ് വേണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഒന്നാന്തരം ഓർമപ്പെടുത്തലായിരുന്നു. അതിനു ശേഷവും കാര്യങ്ങൾക്കൊന്നും ഒരു മാറ്റവുമുണ്ടാകാത്ത സാഹചര്യത്തിൽ വേണം നിയമസഭാ സമിതിയുടെ നിർദേശത്തെ നോക്കിക്കാണേണ്ടത് -പ്രത്യേകിച്ച് കടുത്ത പരിസ്ഥിതി വാദിയായ മുല്ലക്കരയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ.
കേരളത്തെ പാർപ്പിട സംസ്‌കാരം പഠിപ്പിക്കാൻ ഇംഗ്ലണ്ടിൽനിന്ന് നേരിട്ടു വന്നയാളായ ലോറൻസ് വിൻഫ്രഡ് ബേക്കർ എന്ന ലാറി ബേക്കറിന്റെ (1917-2007) നിർദേശങ്ങളെ അദ്ദേഹത്തിന്റെ ജീവിത കാലത്ത് കേരളം വേണ്ടത്ര പരിഗണിച്ചിരുന്നില്ല. എന്നിട്ടും അദ്ദേഹം നിരന്തരം ജനതയെ പാർപ്പിടങ്ങളെക്കുറിച്ച് പഠിപ്പിച്ചു. ഗാന്ധിയനായി മാറിയ അദ്ദേഹത്തിന് ശരിയായ പിന്തുടർച്ചക്കാരുണ്ടായില്ല എന്നതും ഒരു യാഥാർഥ്യമാണ്. ബേക്കർ മോഡലിൽ ആഡംബര ഭവനങ്ങൾ പണിയാൻ ആവശ്യപ്പെടുന്ന പുത്തൻ പണക്കാരുടെ താളത്തിനൊത്ത് തുള്ളുന്ന ബേക്കർ മോഡലുകാർ കേരളത്തിന് ഒരു ഗുണവും ചെയ്തില്ല. 
പ്രളയം ചാക്രികത കൈവരിച്ചത് വഴി കേരളം എല്ലാ കാര്യത്തിലും മാറിച്ചിന്തിക്കാൻ നിർബന്ധിതമാവുന്ന ഘട്ടമാണിത്. പുതിയ കാലത്ത് വന്ന നിയമസഭാ സമിതിയുടെ റിപ്പോർട്ട്  ശരിക്കു പറഞ്ഞാൽ കേരളത്തിന്റെ നാളത്തെ നിയമം തന്നെയായി മാറും എന്നുറപ്പാണ്. ജനങ്ങളും പാർട്ടികളുമൊന്നും വലിയ തോതിലുള്ള എതിർപ്പുമായി വാരാനുള്ള സാധ്യതയും കുറവാണ്. 
പ്രളയാനന്തര കേരളത്തിന്റെ ഗൃഹ നിർമാണ ഘടന ഏത് തരത്തിലകാണമെന്നാണ് അഭിപ്രായം? എന്ന്  മാധവ് ഗാഡ്ഗിലിനെ അദ്ദേഹത്തിന്റെ പുനെയിലെ വീട്ടിലെത്തി അഭിമുഖം നടത്തിയ മാധ്യമ പ്രവർത്തകൻ കെ. ഹരിനാരായണൻ ചോദിച്ചപ്പോൾ അദ്ദേഹവും മേൽപറഞ്ഞ കാര്യങ്ങൾക്ക് അടിവരയിടുകയായിരുന്നു. ബേക്കർ നിർമാണ രീതികൾ അക്കാദമിക്ക് ചർച്ചകൾക്കപ്പുറം വികസിപ്പിച്ചെടുക്കണം എന്നാണദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്. നീരൊഴുക്കിനെ തടയുന്ന, ജല സ്രോതസ്സുകളെ ഇല്ലായ്മ ചെയ്യുന്ന ഒരു തരം നിർമാണത്തിനും നിയമ സാധുത ഉണ്ടാകരുതെന്ന് ലാറി ബേക്കറിനെപ്പോലെയോ, അതിലപ്പുറമോ ഗാന്ധിയനായ മാധവ് ഗാഡ്ഗിൽ കർശന നിലപാട് പറയുന്നു. കേരളത്തിന്റെ പൊതു മനസ്സും ഇന്ന് അവർക്കൊപ്പമായിരിക്കും. കാരണം കേരളവും ഇന്ന് പഴയ കേരളമല്ല. 

Latest News