Sorry, you need to enable JavaScript to visit this website.

രണ്ട് ലക്ഷത്തിലേറെ ട്വിറ്റർ അക്കൗണ്ടുകൾ റദ്ദാക്കി  

  • വ്യാജ അക്കൗണ്ടുകൾക്ക് പിന്നിൽ ചൈന
  •  ഹോങ്കോംഗ് പ്രതിഷേധക്കാരെ ഭീകരരും പാറ്റകളുമാക്കി 

ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭത്തിനെതിരായ ചൈനീസ് കാമ്പയിന്റെ ഭാഗമായി രംഗത്തു വന്നതെന്ന് കരുതന്ന രണ്ട് ലക്ഷത്തിലേറെ ട്വിറ്റർ അക്കൗണ്ടുകൾ സസ്പൻഡ് ചെയ്തായി ട്വിറ്റർ അറിയിച്ചു. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന മാധ്യമ കമ്പനികളുടെ പരസ്യങ്ങൾ നിരോധിക്കുമെന്നും കമ്പനി അറിയിച്ചു. 2017 ൽ രണ്ട് റഷ്യൻ സ്ഥാപനങ്ങൾക്ക് ഫേസ് ബുക്ക് ഏർപ്പെടുത്തിയ വിലക്കിനു സമാനമായ വിലക്കാണ് ട്വിറ്റർ വ്യാപിപ്പിക്കുന്നത്.

ജനപ്രിയ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം ക്ഷുദ്രരാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തുന്നത് തടയുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് ട്വിറ്റർ അവകാശപ്പെടുന്നു. ലോകമെമ്പാടും തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടതിനും സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങളിൽനിന്ന് പരസ്യങ്ങൾ സ്വീകരിച്ച് പ്രചാരണം നടത്തിയതിനും ട്വിറ്റർ അടക്കം എല്ലാ സമൂഹ മാധ്യമങ്ങളും വിമർശനം നേരിടുകയാണ്. 
സോഷ്യൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമിലെ സേവന നിബന്ധനകൾ ലംഘിച്ചതിനാലാണ് അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവെച്ചതെന്നും ജനങ്ങളെ ബോധവൽക്കരിക്കാൻ ഈ വഴിയല്ല സ്വീകരിക്കേണ്ടതെന്നും ട്വിറ്റർ പ്രതിനിധി അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2016 ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയിലൂടെ ഇടപെടാൻ റഷ്യ നടത്തിയ ശ്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന എഫ്.ബി.ഐയെ ചൈനീസ് നീക്കത്തെ കുറിച്ച് അറിയിച്ചതായും സുരക്ഷാ കാരണങ്ങളാൽ പേരു വെളിപ്പെടുത്താത്ത ട്വിറ്റർ വക്താവ് പറഞ്ഞു. 
ട്വിറ്റർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും സ്വന്തം അന്വേഷണത്തിലും സംശയം തോന്നിയ ഏഴ് ഫേസ്ബുക്ക് പേജുകളും മൂന്ന് ഗ്രൂപ്പുകളും അഞ്ച് അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ടെന്ന് ഫേസ് ബുക്കും വ്യക്തമാക്കിയിട്ടുണ്ട്. ഹോങ്കോംഗിലെ പ്രക്ഷോഭകരെ പാറ്റകളായും ഭീകരരായുമാണ് ഈ അക്കൗണ്ടുകളിൽ വിശേഷിപ്പിച്ചിരുന്നത്. 
ഹോങ്കോംഗിൽ വ്യാപകമായി ഉപയോഗിക്കുന്ന ഫേസ്ബുക്കിനെ ചൈനയുടെ താൽപര്യത്തിനായി ദുരുപയോഗം ചെയ്തതിന്റെ കൂടുതൽ വിവരങ്ങൾ ഫേസ് ബുക്ക് അധികൃതർ പുറത്തു വിട്ടിട്ടില്ല. 
ഹോങ്കോംഗ് ആസ്ഥാനമായുള്ള മീഡിയാ സ്ഥാപനങ്ങളെന്ന പേരിൽ ട്വിറ്ററിൽ കയറിയ രണ്ട് വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള അന്വേഷണമാണ് കൂടുതൽ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യുന്നതിലേക്ക് നയിച്ചത്. സമ്പൂർണ ജനാധിപത്യം ആവശ്യപ്പെട്ട് ജൂൺ ആദ്യമാണ് ഹോങ്കോംഗിൽ പ്രതിഷേധം ശക്തമായത്. സമരക്കാർക്ക് നേരെ പോലീസ് നടത്തിയ ബലപ്രയോഗം അന്വേഷിക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു. 
ചൈനയിൽ ട്വിറ്റർ നിരോധിച്ചിട്ടുണ്ടെങ്കിലും, അർധ സ്വയംഭരണ പ്രദേശമായ ഹോങ്കോംഗിൽ ലഭ്യമാണ്. @ എച്ച്.കെ.പൊളിറ്റിക്കൽ ന്യൂ എന്ന ചൈനീസ് ഭാഷയിലുള്ള അക്കൗണ്ടും @ സിടിസിസി 507 എന്ന ഇംഗ്ലീഷ് അക്കൗണ്ടും ഹോങ്കോംഗ് പ്രതിഷേധക്കരെ അക്രമികളായ ക്രിമിനലുകളെന്നാണ് വിശേഷിപ്പിച്ചിരുന്നുത്. പൊതുജനങ്ങളെ സ്വാധീനിക്കാനായിരുന്നു ഈ പ്രചാരണം. 
ഹോങ്കോംഗ് പ്രതിഷേധ പ്രസ്ഥാനത്തിന്റെ നിയമ സാധുതയെയും രാഷ്ട്രീയ നിലപാടുകളെയും ദുർബലപ്പെടുത്തി ഹോങ്കോംഗിൽ രാഷ്ട്രീയ ഭിന്നത വിതക്കാനുള്ള ചൈനയുടെ ആസൂത്രിത ശ്രമങ്ങൾക്ക് ട്വിറ്റർ ഉപയോഗപ്പെടുത്തിയെന്നാണ് കമ്പനി ആരോപിക്കുന്നത്. 936 ട്വിറ്റർ അക്കൗണ്ടുകൾ ചൈനയിൽനിന്ന് തന്നെയാണ് ക്രിയേറ്റ് ചെയ്‌തെതന്നും പറയുന്നു. 
അന്വേഷണം തുടരുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നാണ് ട്വിറ്റർ അറിയിച്ചിരിക്കുന്നത്. 

 

Latest News