കുല്‍ഭൂഷണ്‍ ജാദവിന്‍റെ മാതാവിന് വിസ: മറുപടി നല്‍കാതെ പാക്കിസ്ഥാന്‍

ന്യൂദല്‍ഹി- പാക്കിസ്ഥാനികള്‍ക്ക് മെഡിക്കല്‍ വിസ നല്‍കാമെന്ന് അറിയിച്ചിട്ടും പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസ് മര്യാദ കാണിക്കുന്നില്ലെന്ന് വിദേശകാര്യ സുഷമാ സ്വരാജ്.
ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ച് ജയിലിലടച്ച ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവിന് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്തിന് സര്‍താജ് അസീസ് മറുപടി പോലും അയച്ചില്ലെന്ന് സുഷമ പരിതപിച്ചു. നിരാശാജനകമാണ് ഈ നടപടി. എന്നാല്‍ ചികിത്സക്കായി ഇന്ത്യയിലേക്ക് വരുന്നതിന് മെഡിക്കല്‍ വിസ നല്‍കാന്‍ ശുപാര്‍ശ ചെയ്താല്‍ ഉടന്‍ തന്നെ അനുവദിക്കുമെന്ന് അവര്‍ സര്‍താജ് അസീസിന് ഉറപ്പു നല്‍കി.
മെഡിക്കല്‍ വിസക്കുവേണ്ടി കാത്തിരിക്കുന്ന പാക്കസ്ഥാനികളുടെ കാര്യത്തില്‍ സഹതാപമുണ്ട്. പാക് പൗരന്മാര്‍ക്ക് വിസ അനുവദിക്കാന്‍ സര്‍താജ് അസീസിന്റെ ശുപാര്‍ശ മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് സുഷമ ട്വിറ്ററില്‍ പറഞ്ഞു.
കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവ് അവാന്തിക ജാദവിന്റെ വിസാ അപേക്ഷ പാക്കിസ്ഥാന് അയച്ചിരിക്കയാണെന്നും സുഷമ പറഞ്ഞു. ഇക്കാര്യത്തില്‍ ഞാന്‍ സര്‍താജ് അസീസിന് വ്യക്തിപരമായി കത്തെഴുതി. പക്ഷേ മറുപടി അയക്കേണ്ട മര്യാദപോലും കാണിച്ചില്ല- അവര്‍ ട്വീറ്റ് ചെയ്തു.

Latest News