Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ എംബസിയും തൊഴിൽ മന്ത്രാലയവും കൈത്താങ്ങായി; ജെ ആന്റ് പി തൊഴിലാളികൾ നാട്ടിലെത്തി

റിയാദ്- സാമ്പത്തിക പ്രതിസന്ധി മൂലം ഒരു വർഷത്തിലധികമായി ശമ്പളമില്ലാതെ ദുരിതത്തിലായ ജെ ആന്റ് പി കമ്പനി തൊഴിലാളികൾക്ക് ഇന്ത്യൻ എംബസിയും തൊഴിൽമന്ത്രാലയവും കൈത്താങ്ങായി നിന്നതോടെ ഭൂരിഭാഗം പേരും നാട്ടിലെത്തി. പാസ്‌പോർട്ട് സംബന്ധമായ പ്രശ്‌നങ്ങളിൽപെട്ട് എട്ട് പേർ മാത്രമാണ് ഇപ്പോൾ ക്യാമ്പിൽ അവശേഷിക്കുന്നത്. ഇവർ അടുത്താഴ്ച നാട്ടിലേക്ക് തിരിക്കും. ഇതോടെ കമ്പനിയുടെ എല്ലാ ക്യാമ്പുകളും അടച്ചുപൂട്ടുകയും വസ്തുവകകൾ വിൽപന നടത്തി നഷ്ടപരിഹാരം നൽകുന്ന നടപടികളിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഇതിനാവശ്യമായ 25 ഓളം തൊഴിലാളികൾ കമ്പനി ആസ്ഥാനത്തുണ്ടാകും.
ഇഖാമ കാലാവധി അവസാനിച്ച് ഫൈനൽ എക്‌സിറ്റ് ലഭിക്കാൻ പ്രയാസം നേരിട്ട 500 ലേറെ പേർക്ക് തൊഴിൽമന്ത്രാലയം തന്നെ നേരിട്ട് ഫൈനൽ എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കി ടിക്കറ്റ് നൽകുകയായിരുന്നുവെന്ന് ക്യാമ്പിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പറഞ്ഞു. ഇഖാമ കാലാവധിയുള്ളവരിൽ ഫൈനൽ എക്‌സിറ്റിൽ പോകാൻ താൽപര്യപ്പെട്ട 500 ഓളംപേർക്ക് ഇന്ത്യൻ എംബസിയും ടിക്കറ്റ് നൽകി. കമ്പനിയിലുണ്ടായിരുന്ന 2,600 ഓളം ഇന്ത്യക്കാരിൽ ബാക്കിയുള്ളവർ വിവിധ കമ്പനികളിലേക്ക് സ്‌പോൺസർഷിപ് മാറുകയും ചെയ്തു. ഒരിടത്തേക്കും സ്‌പോൺസർഷിപ് മാറാൻ സാധിക്കാത്തവരും നാട്ടിൽ പോകാൻ ആഗ്രഹിച്ചവരും മാത്രമാണ് ഫൈനൽ എക്‌സിറ്റിൽ പോയത്.
സൈപ്രസ് ആസ്ഥാനമായി നിർമാണ, എഞ്ചിനീയറിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ഈ ബഹുരാഷ്ട്ര കമ്പനി കഴിഞ്ഞ വർഷം ജനുവരി മുതലാണ് സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെതടക്കം വൻകിട പദ്ധതികൾ ഏറ്റെടുത്തിരുന്ന കമ്പനിയിൽ സൗദിയിലെ വിവിധ ക്യാമ്പുകളിലായി 7,000 ത്തോളം തൊഴിലാളികളുണ്ടായിരുന്നു. 1,200 ഓളം പേരാണ് റിയാദ് എക്‌സിറ്റ് 16 ലും 18 ലും അൽഖർജിലുമുള്ള ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. നിലവിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദും മുൻ അംബാസഡർ അഹമ്മദ് ജാവേദും ജെ ആന്റ് പി വിഷയത്തിൽ സജീവമായി ഇടപെട്ടത് കൊണ്ടാണ് തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായത്. ശമ്പളം മുടങ്ങിയ പരാതി 2018 ജൂലൈ 18 ന് ഇന്ത്യൻ എംബസിയിൽ ലഭിച്ചപ്പോൾ അന്നത്തെ അംബാസഡർ അഹമ്മദ് ജാവേദ് വിഷയം സൗദി തൊഴിൽ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നിർദേശപ്രകാരം മന്ത്രി വി.കെ.സിംഗ് റിയാദിലെത്തി ക്യാമ്പുകൾ സന്ദർശിക്കുകയും സൗദിയധികൃതരെ കണ്ട് പ്രശ്‌ന പരിഹാരത്തിന് വേഗത കൂട്ടുകയും ചെയ്തു.
ആരും തിരിഞ്ഞു നോക്കാതിരുന്ന ക്യാമ്പുകൾ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സാമൂഹിക സന്നദ്ധ പ്രവർത്തകർ ശുചീകരിക്കുകയും തൊഴിലാളികൾക്കുള്ള പവർ ഓഫ് അറ്റോർണിയടക്കമുള്ള രേഖകൾ ശരിയാക്കി അവരോടൊപ്പം നിൽക്കുകയും ചെയ്തു. തൊഴിൽമന്ത്രാലയത്തിലെയും എംബസിയിലെയും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും അവിടെ ക്യാമ്പ് ചെയ്തു പ്രവർത്തനങ്ങൾ ഏകീകരിച്ചു.
ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് വേണ്ടി തൊഴിൽമന്ത്രാലയം ചുമതലപ്പെടുത്തിയ അഭിഭാഷകർക്ക് പവർ ഓഫ് അറ്റോർണി ഒപ്പിട്ട് നൽകിയാണ് തൊഴിലാളികളെല്ലാം കമ്പനി വിട്ടിരിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ തീർപ്പായാൽ സ്വന്തം അകൗണ്ടുകളിലേക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യവും അയച്ചുകിട്ടും.


 

Latest News