Sorry, you need to enable JavaScript to visit this website.

അല്ല ചെരുവിൽ, നിങ്ങൾ ഓമനക്കുട്ടനൊപ്പമല്ല

യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണടക്കുന്ന അശോകൻ തന്റെ കൃതികളോടു പോലും അനീതിയാണ് ചെയ്യുന്നത്. അല്ലെങ്കിൽ പാർട്ടി നേതൃത്വത്തെയും സർക്കാരിനെയും അദ്ദേഹം ശക്തമായി വിമർശിക്കുമായിരുന്നു. എന്നാൽ അദ്ദേഹവും അതുപോലുള്ള ആയിരങ്ങളും വിമർശിച്ചത് സ്വകാര്യ സ്ഥാപനങ്ങളായ മാധ്യമങ്ങളെയാണ്.

'കുട്ടിക്കാലം മുതലേ നിരവധി പൊക്കന്മാരെയും ഓമനക്കുട്ടന്മാരെയും കണ്ടു വളർന്നു എന്നതു മാത്രമാണ് എഴുത്തുകാരൻ എന്ന നിലക്ക് എന്റെ കൈ മുതൽ. പിന്നീട് പത്തു വർഷക്കാലം പാർട്ടി പ്രവർത്തകനായിരുന്ന സമയത്ത് അവരെയെല്ലാം അടുത്തറിഞ്ഞു. അവർക്കൊപ്പം അലഞ്ഞു. അവരുടെ വീടുകളിൽ താമസിച്ചു. ബീഡിത്തൊഴിലാളിയായിരുന്ന സഖാവ് മൊയ്തീൻ കുഞ്ഞിനെപ്പറ്റി ഞാൻ ആവർത്തിച്ച് എഴുതിയിട്ടുണ്ട്. കാട്ടൂർ മധുരംപുള്ളിയിലെ സഖാവ് സി.ജി. രാമൻ, താമി സഖാവ്, ഹോച്ചിമിൻ കുമാരേട്ടൻ, കെ.ആർ. വാസുവേട്ടൻ, ശിവരാമേട്ടൻ, ടി.കെ. ബാലൻ... എന്നിങ്ങനെ പറഞ്ഞാൽ തീരാത്തത്ര സഖാക്കൾ. പല രൂപത്തിൽ പല ഭാവത്തിൽ അവർ എന്റെ കഥകളിലേക്ക് കയറി വന്നിട്ടുണ്ട്. 'കറപ്പൻ' എന്ന നോവൽ. 'കാട്ടൂർക്കടവിലെ കൽപണിക്കാരൻ' എന്ന കഥ. 'മലമുകളിലെ വെളിച്ച'ത്തിലെ ചന്തുക്കുട്ടി തുടങ്ങി 'ജലജീവിത'ത്തിലെ ചെത്തുതൊഴിലാളി കുമാരേട്ടൻ, 'അർജന്റിനാ ഫാൻസി'ലെ വാള വേട്ടക്കാരനും പാർട്ടി സെക്രട്ടറിയുമായ കെ.ആർ. എന്ന കരുവാറെ രാമേട്ടൻ വരെ. അവരുടെയൊക്കെ ജീവിതം പകർത്തുന്നതിനു വേണ്ടിയാണ് നിലപാടിന്റെ പേരിലുള്ള അവഗണനകൾ സഹിച്ചും ബഹിഷ്‌കരണങ്ങളെ അതിജീവിച്ചും ഞാൻ എഴുത്തിന്റെ രംഗത്ത് തുടരുന്നത്.'
എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയുമായ അശോകൻ ചെരുവിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിന്നുള്ള ഭാഗമാണിത്. ഒറ്റ നോട്ടത്തിൽ ശരിയെന്നു തോന്നുന്ന അഭിപ്രായം. പക്ഷേ യാഥാർത്ഥ്യമെന്താണ്? നിങ്ങൾ ഓമനക്കുട്ടന്മാർക്കൊപ്പമോ ജി. സുധാകരന്മാർക്കൊപ്പമോ എന്ന ഏറ്റവും പ്രസക്തമായ ചോദ്യത്തെ അഭിമുഖീകരിക്കാൻ അശോകൻ തയാറാകുന്നില്ല. 
തന്റെ പല കഥകേെളയും കഥാപാത്രങ്ങളെയും അശോകൻ ഉദ്ധരിക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ഉദ്ധരിക്കാത്ത കഥകളും കഥാപാത്രങ്ങളും ഒരുപാടുണ്ട്. ആ കഥകളിൽ ഓമനക്കുട്ടന്മാർ മാത്രമല്ല, സുധാകരന്മാരുമുണ്ട്. അതേക്കുറിച്ച് പറയാതെ എങ്ങനെയാണ് ഓമനക്കുട്ടനുമായുണ്ടായ വിവാദത്തിന് മറുപടിയാകുക? മലമുകളിലെ വെളിച്ചം എന്ന ചെറുകഥയിലെ പാർട്ടി ചിന്തകനും പ്രസംഗകനും ട്രേഡ് യൂനിയൻ നേതാവുമായിരുന്ന റിട്ടയേർഡ് രജിസ്ട്രാറിനെ ഓർമയുണ്ടോ? സർക്കാർ ജീവനക്കാർ കൂടിയായ പാർട്ടി ബുദ്ധിജീവികൾക്ക് വന്നുകൊണ്ടിരിക്കുന്ന പരിണാമമാണ് കഥയുടെ പ്രമേയം. രജിസ്ട്രാർ ഓഫീസിൽ ജീവനക്കാരനായിരുന്ന അശോകനു അത് കൃത്യമായി അറിയാം. കാറും സുഖസൗകര്യങ്ങളും ക്ഷേത്രദർശനവുമൊക്കെ കോളേജ് അധ്യാപികയായ ഭാര്യയുടെ നിർബന്ധത്തിന്റെ പേരിൽ അയാൾക്ക് പഥ്യമാകുന്നു. അതിനെല്ലാം തടസ്സമായിരുന്നത് കറകളഞ്ഞ പാർട്ടി വിശ്വാസിയും ഇ.എം.എസ് അടക്കമുള്ളവരെ ഒളിവിൽ പാർപ്പിച്ചിട്ടുമുള്ള ഡ്രൈവറായിരുന്നു. ഭാര്യയുടെ നിർബന്ധത്തിൽ അയാളെ കൂടി പിരിച്ചുവിട്ടതോടെ അയാൾ തികച്ചും സ്വതന്ത്രനാകുന്നു. ഈ ചിന്തകനും ഡ്രൈവറും തന്നെയല്ലേ സുധാകരനും ഓമനക്കുട്ടനും?
പ്ലാശ്ശേരിയിലെ കടവ് എന്ന ചെറുകഥയോ? പാർട്ടിയുടെ ഇപ്പോഴത്തെ ഒരു ടിപ്പിക്കൽ നേതാവിന്റെ രാഷ്ട്രീയ ഗുരുവാണ് മാഷ്. നിരവധി തവണ ജയിൽ വാസമനുഭവിക്കുകയും മർദനങ്ങളെ നെഞ്ചുവിരിച്ച് സ്വീകരിക്കുകയും ചെയ്ത, പാർട്ടിക്കു വേണ്ടി മാത്രം ജീവിച്ച മുൻതലമുറയിലെ ധീരനായ സഖാവ്. തിരിച്ചുവന്ന നേതാവ്, മാഷെ തേടിയെത്തുന്നതാണ് കഥയുടെ പ്രമേയം. അയാൾ കാണുന്നത് തകർന്നു തരിപ്പണമായ മാഷിന്റെ കുടുംബമാണ്. പാർട്ടിയുടെയും സമൂഹത്തിന്റെയും മൂല്യത്തകർച്ചയെ മാഷ് അതിജീവിക്കുന്നത് മദ്യപാനത്തിലൂടെയാണ്. പ്രസ്ഥാനത്തിനു വേണ്ടി തകർന്ന മാഷുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരമില്ലാതെ നിൽക്കുന്നു നേതാവ്. ഇവരിരുവരും ആരുടെയൊക്കെ പ്രതീകങ്ങളാണ്? 
കാര്യങ്ങൾ വളരെ വ്യക്തമാണ്. മറ്റെല്ലായിടത്തുമെന്ന പോലെ കമ്യൂണിസ്റ്റ് പാർട്ടിയിലും രണ്ടു വിഭാഗം പ്രവർത്തകരുണ്ട്. ഒരു വിഭാഗം ഓമനക്കുട്ടനെ പോലെ എല്ലാം പാർട്ടിക്ക് നൽകി, പാർട്ടിയുടെ മാറ്റങ്ങളൊന്നും കാണാതെ, പാർട്ടിയാണ് തന്റെ എല്ലാമെന്നു വിശ്വസിക്കുന്ന കുറെ പേർ. മറുവശത്ത് സമൂഹത്തിലെന്ന പോലെ പാർട്ടിക്കകത്തും തടിച്ചു കൊഴുത്ത അധികാരി വർഗം. സ്വാഭാവികമായും ആദ്യവിഭാഗം ഭൂരിഭാഗവും ദരിദ്രരും ദളിതരും തന്നെ. രണ്ടാം വിഭാഗം ഭൂരിഭാഗവും മറിച്ചും. കേരളത്തിൽ പാർട്ടി വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകത്തിൽ ഞാൻ മുന്നിൽ നിൽക്കാമെന്നു പറഞ്ഞ് ദളിത് സ്ത്രീയായ മാലയിൽനിന്ന് കൊടി പിടിച്ചുവാങ്ങി മുന്നിൽ നിന്നവരുടെ തുടർച്ചക്കാരാണ് ഇന്നു പാർട്ടിയെ നിയന്ത്രിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. അതിനാലാണ് എത്രയോ രൂക്ഷമായ വാർത്തകളുണ്ടായിട്ടും രണ്ടാം വിഭാഗത്തിൽ പെട്ടവർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ എന്തു തന്ത്രവും മെനയാറുള്ള പാർട്ടി മാധ്യമ വാർത്തയുടെ പേരിൽ വിശദീകരണം പോലും ചോദിക്കാതെ ഓമനക്കുട്ടനെ സസ്‌പെൻഡ് ചെയ്തതും പാർട്ടി നേതൃത്വം നൽകുന്ന സർക്കാർ അദ്ദേഹത്തിനെതിരെ കേസെടുത്തതും. എന്നിട്ടും നിസ്വാർത്ഥനായ ഓമനക്കുട്ടൻ പറയുന്നു, പാർട്ടി പറയുന്നതിനപ്പുറം തനിക്കൊന്നുമില്ലെന്ന്. പാർട്ടിയെ നയിക്കുന്നത് തന്റെ വർഗമല്ല എന്നതു പോലും ഓമനക്കുട്ടൻ തിരിച്ചറിയുന്നില്ല. ഈ യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണടക്കുന്ന അശോകൻ തന്റെ കൃതികളോടു പോലും അനീതിയാണ് ചെയ്യുന്നത്. അല്ലെങ്കിൽ പാർട്ടി നേതൃത്വത്തെയും സർക്കാരിനെയും അദ്ദേഹം ശക്തമായി വിമർശിക്കുമായിരുന്നു. എന്നാൽ അദ്ദേഹവും അതുപോലുള്ള ആയിരങ്ങളും വിമർശിച്ചത് സ്വകാര്യ സ്ഥാപനങ്ങളായ മാധ്യമങ്ങളെയാണ്. മാത്രമല്ല, സമാന രീതിയിൽ ക്യാമ്പിലേക്ക് അടിവസ്ത്രം വേണമെന്നാവശ്യപ്പെട്ട ദളിത് പ്രവർത്തകൻ രഘു ഇരവിപുരത്തിനോ അട്ടപ്പാടിയിൽ ദുരിതാശ്വാസ പ്രവർത്തങ്ങൾ ഊർജിതമല്ലെന്നു പറഞ്ഞതിനു കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സുരേഷ് ലിങ്കനെന്ന ആദിവാസി വിദ്യാർത്ഥിക്കോ വേണ്ടി ഇവരിൽ ബഹുഭൂരിഭാഗവും ശബ്ദിച്ചില്ല. 
വലിയൊരു തമാശ കൂടി കൂട്ടിച്ചേർത്താണ് അശോകൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇവരുടെയൊക്കെ ജീവിതം പകർത്തുന്നതിനു വേണ്ടിയാണ് നിലപാടിന്റെ പേരിലുള്ള അവഗണനകൾ സഹിച്ചും ബഹിഷ്‌കരണങ്ങളെ അതിജീവിച്ചും ഞാൻ എഴുത്തിന്റെ രംഗത്ത് തുടരുന്നതെന്നാണത്. എന്തു ബഹിഷ്‌കരണമാണ് അശോകൻ നേരിടുന്നതെന്നറിയില്ല. പാർട്ടിക്കാരനായതിനാൽ മാത്രം അഞ്ച് വർഷം പി.എസ്.സി അംഗമായ അദ്ദേഹം ഇന്ന് പു.ക.സ സെക്രട്ടറിയാണ്. 
തന്റെ കഥകളിൽ പലപ്പോഴും സൂചന നൽകുന്ന, പാർട്ടിക്കകത്തെ ഈ രണ്ടു ധാരകളെ കുറിച്ച്, വളരെ പ്രസക്തമായ ഈ സമയത്തെങ്കിലും പരസ്യമായി പറയാൻ അശോകന് ധൈര്യമുണ്ടോ? എങ്കിൽ ചിലപ്പോൾ ബഹിഷ്‌കരണം ഉണ്ടായെന്നു വരാം. എന്നാൽ അവിടെയൊന്നും എത്താൻ അശോകനും കൂട്ടർക്കുമാവില്ല, ഉറപ്പ്.

Latest News