Sorry, you need to enable JavaScript to visit this website.

അവധി ആഘോഷിക്കാന്‍ ബീച്ചില്‍ നിന്ന് മണലെടുത്തു; ഫ്രഞ്ച് ടൂറിസ്റ്റുകള്‍ ഇറ്റലിയില്‍ ജയിലിലായി

റോം- അവധി ആഘോഷിക്കാന്‍ ബിച്ചിലെത്തി തിരിച്ചു പോകുമ്പോള്‍ ഓര്‍മ്മയ്ക്കായി 14 കുപ്പികളിലായി മണല്‍ നിറച്ചു കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ ഇറ്റലിയില്‍ രണ്ട് ഫ്രഞ്ച് ടൂറിസ്റ്റുകളെ അധികൃതര്‍ അറസ്റ്റ് ചെയ്തു. മെഡിറ്ററേനിയന്‍ കടലിലെ ഏറ്റവും വലിയ ദ്വീപും ഇറ്റലിയുടെ ഭാഗവമായ സ്വയംഭരണ പ്രദേശവുമായ സാര്‍ഡീന്യയിലെ ചിയ ബീച്ചില്‍ നിന്നാണ് ഫ്രഞ്ചു സന്ദര്‍ശകരായ രണ്ടു പേര്‍ 40 കിലോയോളം മണലെടുത്ത് നാട്ടിലേക്കു കൊണ്ടു പോകാന്‍ ശ്രമിച്ചത്. പോര്‍ടോ ടോറസ് വഴി ഫ്രാന്‍സിലേക്കു പോകുന്ന ചെറു ബോട്ടില്‍ മണല്‍ കടത്തുന്നതിനിടെയാണ് അധികൃതരുടെ കണ്ണില്‍പ്പെട്ടത്.

അവധിയാഘോഷത്തിന്റെ ഓര്‍മയ്ക്കായി സൂക്ഷിക്കാനാണ് മണലെടുത്തതെന്നും ഇതു നിയമ വിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് പിടിയിലായ രണ്ടു ടൂറിസ്റ്റുകള്‍ പറയുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. രണ്ടു വര്‍ഷം മുമ്പ് പ്രാബല്യത്തിലായ നിയമ പ്രകാരം ആറു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 2017 ഓഗസ്റ്റിലാണ് ബീച്ചുകളിലെ മണലെടുപ്പ് വിലക്കുന്ന നിയമം വന്നത്. കല്ലുകളും ചിപ്പികളും ശേഖരിക്കുന്നതിനും വിലക്കുണ്ട്. ബീച്ചില്‍ നിന്നും ശേഖരിക്കുന്ന ഇവ ഓണ്‍ലൈനായി വില്‍ക്കുന്നുവെന്ന ആക്ഷേപങ്ങളെ തുടര്‍ന്നാണ് നിയമം കൊണ്ടുവന്നത്.
 

Latest News