Sorry, you need to enable JavaScript to visit this website.

നടി മഞ്ജുവും സംഘവും സുരക്ഷിതര്‍; ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങും

ന്യൂദല്‍ഹി- ഹിമാചല്‍പ്രദേശിലെ മലയോരഗ്രാമത്തില്‍ കുടുങ്ങിയ നടി മഞ്ജു വാരിയരും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും ഉള്‍പ്പെടുന്ന സിനിമാ സംഘം ഉടന്‍ മടങ്ങുന്നില്ല. എല്ലാവരും സുരക്ഷിതരാണ്. ഇവര്‍ കുടുങ്ങിയ ഛത്രു ഗ്രാമത്തിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചതിനാലാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം മടങ്ങാനുള്ള തീരുമാനം. ഇവര്‍ക്കു മണാലിയിലെത്താനുള്ള സൗകര്യം ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു.

സനല്‍കുമാര്‍ ശശിധരന്റെ 'കയറ്റം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുമ്പാണ് സംഘം ഹിമാചലിലെത്തിയത്. മണാലിയിലെ ഷൂട്ടിങ്ങിനു ശേഷം കഴിഞ്ഞ 12 നാണ് 30 അംഗ സംഘം 100 കിലോമീറ്റര്‍ അകലെ ഛത്രുവിലേക്കു പോയത്. മഴക്കെടുതി കാരണം ഭക്ഷണം പോലും കിട്ടാതായതിനെ തുടര്‍ന്ന്  മഞ്ജു സാറ്റലൈറ്റ് ഫോണില്‍ സഹോദരന്‍ മധു വാരിയരെ വിളിച്ചതോടെയാണ് വിവരമറിഞ്ഞ് അധികൃതര്‍ ഇടപെട്ടത്.


റോഹ്തങ് ചുരം, ഹംത ചുരം, സ്പിതി എന്നിവിടങ്ങളിലേക്കുള്ള വഴി സംഗമിക്കുന്ന സ്ഥലമാണ് ഛത്രു. ഛത്രു ഉള്‍പ്പെടുന്ന ജില്ലയില്‍ നിന്നു വിദേശികളടക്കം നാനൂറോളം പേരെയാണ് രണ്ടു ദിവസങ്ങളിലായി രക്ഷപ്പെടുത്തിയത്.  കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറുമായി ബന്ധപ്പെട്ടിരുന്നു.

 

 

Latest News