Sorry, you need to enable JavaScript to visit this website.

പാതാറിൽ പുനർനിർമാണം ആരംഭിച്ചു

ഉരുൾപൊട്ടലിൽ പാതാറിൽ ഗതിമാറിയൊഴുകിയ തോട് മുൻ അവസ്ഥയിലേക്കു മാറ്റുന്നു.

നിലമ്പൂർ-ഉരുൾപൊട്ടലിൽ ഒരു പ്രദേശം ഉൾപ്പെടെ ഒഴുകിപ്പോയ പാതാറിൽ പുനർനിർമാണ പ്രവർത്തനങ്ങൾക്കു പി.വി.അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ തുടക്കമായി. 
ഉരുൾപൊട്ടലിൽ തോട് ഗതി മാറിയൊഴുകി ഏഴു വീടുകളും കടകളും ഒഴുകിപ്പോകുകയും തോടിനു കുറുകെയുള്ള പാലം ഒലിച്ചുപോകുകയും ചെയ്തതോടെ എരുമമുണ്ട, വെള്ളിമുറ്റം ഭാഗങ്ങളിലേക്കു പോകാൻ പുളപ്പാടം ചുറ്റി പോകേണ്ട അവസ്ഥയിലാണ്. അൻവർ എം.എൽ.എയുടെ നിർദേശ പ്രകാരം വലിയ ജെ.സി.ബികൾ ഉപയോഗിച്ചു പാറക്കഷ്ണങ്ങൾ മാറ്റി. ഗതിമാറി ഒഴുകിയ തോടിലെ വെള്ളം പാതാർ അങ്ങാടിയിൽ പഴയ തോട്ടിലേക്കു തിരിച്ചുവിട്ടു. 
തുടർന്നു നാട്ടുകാർ, സന്നദ്ധ പ്രവർത്തകർ, പെരിന്തൽമണ്ണ നഗരസഭയിൽ നിന്നുമെത്തിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇവർക്കൊപ്പമെത്തിയ 150 ലേറെ സന്നദ്ധ പ്രവർത്തകരും ചേർന്നു തകർന്ന തോടിലൂടെ താൽക്കാലിക റോഡ് നിർമാണം ആരംഭിച്ചു. രണ്ടു ദിവസത്തിനുള്ളിൽ താൽക്കാലിക റോഡിലൂടെ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയുമെന്നു എംഎൽഎ പറഞ്ഞു. പ്രളയത്തിൽ നശിച്ച പാതാറിലെ ചായക്കട തുറന്നു പ്രവർത്തിപ്പിക്കാൻ എല്ലാ സഹായവും എത്തിച്ചിട്ടുണ്ടെന്നും ഇന്നു മുതൽ ഇവിടെത്തെ ജനങ്ങൾക്കു ഈ ചായക്കടയിൽ നിന്നു ഭക്ഷ്യവസ്തുക്കൾ ലഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
ഒറ്റപ്പെട്ടു പോയ പാതാർ മേഖലയുടെ തിരിച്ചുവരവിനു എല്ലാവരുടെയും സഹായം തേടിയിട്ടുണ്ടെന്നും നിരവധി സന്നദ്ധ സംഘടനകളും ജീവകാരുണ്യ പ്രവർത്തകരുമടക്കം  സഹകരണം നൽകുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു. തോടിനു കുറുകെ താൽക്കാലിക റോഡ് യഥാർഥ്യമാകുന്നതോടെ എരുമമുണ്ട, വെള്ളിമുറ്റം ഭാഗത്തേക്കു എളുപ്പത്തിലെത്താൻ പ്രദേശവാസികൾക്കു കഴിയും. പി.വി.അൻവർ എം.എൽ.എയുടെ അഭ്യർഥന പ്രകാരം പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ ഉൾപ്പെടെ ആയിരം പേരാണ് ഇന്നലെ നിലമ്പൂരിലെത്തിയത്. ഇതിൽ 150 പേരാണ് പണിയായുധങ്ങളുമായി പാതാറിൽ എത്തിയിരിക്കുന്നത്.

 

Latest News