Sorry, you need to enable JavaScript to visit this website.

കുറ്റകൃത്യങ്ങൾ തടയാൻ  കേരള പോലീസിന്റെ കേന്ദ്രീകൃത സി.ഐ.എം.സി സംവിധാനം വരുന്നു 

കാസർകോട് - കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരള പോലീസ് സെൻട്രലൈസ്ഡ് ഇന്റിവിജ്വൽ മോണിറ്ററിങ് സിസ്റ്റം (സി.ഐ.എം.സി) സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കുന്നു. പോലീസിനെ കൂടുതൽ ജനകീയവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ഇരുന്നുകൊണ്ട് കേരളത്തിലെ മുഴുവൻ നഗരങ്ങളും ഗ്രാമങ്ങളും നിരീക്ഷിക്കുന്ന പുതിയ സംവിധാനം കൊണ്ടുവരുന്നത്. 
പദ്ധതിയുടെ ലോഞ്ചിംഗ് ഉടനെ നടത്താമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ഇതിനായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഐ.ടി അധിഷ്ഠിത ഡിജിറ്റൽ സി.സി.ടി.വികൾ സ്ഥാപിക്കാൻ ആവശ്യപ്പെടും. ഇങ്ങനെ സ്ഥാപിക്കുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ കേന്ദ്രീകൃതമായി നിരീക്ഷിക്കും. തിരുവനന്തപുരത്തായിരിക്കും ഇതിന്റെ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക. പ്രത്യേകം വികസിപ്പിച്ചെടുത്ത ഇന്റലിജന്റ് സോഫ്ട്‌വെയർ ഇതിനായി ഉപയോഗിക്കും. നാട്ടിലെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ഈ സംവിധാനം ഉപകരിക്കുമെന്നാണ് ആഭ്യന്തര വകുപ്പ് പ്രതീക്ഷിക്കുന്നത്. 
വിദേശ രാജ്യങ്ങളിലെല്ലാം ഈ സംവിധാനം നിലവിലുണ്ട്. സദാ സമയവും നിരീക്ഷണ സംവിധാനം പ്രവർത്തിക്കുന്നതിനാൽ കേരളത്തിൽ എവിടെയും അടിയന്തര ഘട്ടങ്ങളിൽ പോലീസ് സഹായം എത്തും. കൃത്യം നടത്തി രക്ഷപ്പെടുന്നതും ഒളിവിൽ കഴിയുന്നവരുമായ കുറ്റവാളികളെ പിടിക്കാനും പോലീസ് മിന്നൽ വേഗത്തിൽ എത്തിച്ചേരും. സംസ്ഥാനത്ത് മുഴുവൻ ക്യാമറകൾ സ്ഥാപിക്കാൻ പോലീസിന് വഴിയില്ലാത്തതിനാലാണ് ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നത്. റോഡ് സുരക്ഷക്ക് വേണ്ടി ക്യാമറ സ്ഥാപിക്കാൻ മാത്രമേ നിലവിൽ പോലീസിന് അനുമതിയുള്ളൂ. 
നഗരങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നത് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് നിലവിൽ പോലീസ് ചെയ്തു വരുന്നത്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ മുഴുവൻ ഇപ്പോൾ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം മുഴുവൻ നഗരങ്ങളിലും ക്യാമറകൾ സ്ഥാപിക്കാൻ നിർവാഹമില്ലെന്ന നിലപാടാണ് പോലീസിനുള്ളത്.

 

Latest News