കുവൈത്തിലേക്ക് നഴ്‌സ്: ഓണ്‍ലൈനില്‍ വീണ്ടും വ്യാജപ്രചാരണം

കുവൈത്ത് സിറ്റി- വ്യാജ റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നവംബര്‍ രണ്ടാം വാരം ബംഗളൂരുവില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് ദല്‍ഹി ആസ്ഥാനമായുള്ള സി.എ.ഇന്റര്‍നാഷനല്‍ എന്ന ഏജന്‍സിയുടെ പേരിലാണ് ഓണ്‍ലൈന്‍ പ്രചാരണം. പരസ്യം വ്യാജമാണെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യന്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് തീരുമാനമായിട്ടില്ലെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ഇന്ത്യയില്‍നിന്നുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങളും എത്ര പേരെ ആവശ്യമായി വരും എന്നത് സംബന്ധിച്ചും വിവരം നല്‍കണമെന്ന് ഇന്ത്യന്‍ എംബസി ഈയിടെ കുവൈത്ത് ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍  അന്തിമ തീരുമാനമായിട്ടില്ല. ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍നിന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്കു നഴ്‌സ് റിക്രൂട്ട്‌മെന്റ് നടക്കുന്നില്ല.
ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യത്തിന്റെ സ്വഭാവം തന്നെ തട്ടിപ്പിനുള്ളതാണെന്ന് വ്യക്തമാക്കുന്നതാണെന്ന് എംബസി അധികൃതര്‍ പറഞ്ഞു. ഇത് ശ്രദ്ധിക്കാതെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പരസ്യങ്ങളില്‍ കുടുങ്ങരുതെന്നു എംബസി അഭ്യര്‍ഥിച്ചു.

 

Latest News