Sorry, you need to enable JavaScript to visit this website.

വെറുക്കപ്പെട്ട പയ്യൻ 

വിമാനത്താവളത്തിൽ ഇറങ്ങി മണിക്കൂറൊന്നായിട്ടും മൽബുവിന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ഫൈനൽ എക്‌സിറ്റിൽ പോയ ഒരു വർഷം കൊണ്ട് കാര്യങ്ങളൊക്കെ മാറിയെന്ന് കേട്ടിരുന്നു. പക്ഷേ വലിയ മാറ്റമൊന്നുമില്ല. കാത്തിരിപ്പ് പഴയതു പോലെ തന്നെ. 
എമിഗ്രേഷൻ കഴിഞ്ഞ് കൺവെയർ ബെൽറ്റിനു സമീപം പെട്ടിക്കു കാത്തുനിൽക്കുകയാണ് മൽബു. പിക്ക് ചെയ്യാനെത്തിയ സുഹൃത്തിന്റെ മകന് ക്ഷമ കെട്ടുകാണും. എങ്ങനെയെങ്കിലും പയ്യനെ വിവരമറിയിക്കണം. 
തൊട്ടടുത്ത് ഒരു ന്യൂ ജനറേഷൻ പയ്യൻ ഫോൺ ചെയ്യുന്നുണ്ട്. അവന്റെ ഫോണിൽനിന്ന് മിസ്ഡ് കോളടിച്ചാൽ പുറത്തുള്ള പയ്യൻ തിരിച്ചു വിളിച്ചോളും. പയ്യന്റെ അടുത്തേക്ക് നീങ്ങി ഒന്ന് ഫോൺ തരുമോ എന്ന് ആംഗ്യത്തിൽ ചോദിച്ചു. മുഖത്തേക്കു നോക്കിയതല്ലാതെ അവന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമില്ല.
എന്റെ ഫോണിൽ സിമ്മില്ല. പുറത്തൊരാൾ കാത്തിരിപ്പുണ്ട്. ഒന്നു ഫോൺ തരുമോ?
ബുദ്ധിമുട്ടാണ്... കൂസലില്ലാതെ അവന്റെ മറുപടി. 
മിസ്ഡ് കോൾ മതി അവൻ തിരിച്ചുവിളിച്ചോളും: മൽബു വീണ്ടും പറഞ്ഞു.
അയ്യോ ഫോൺ തരാൻ പറ്റില്ല. ബുദ്ധിമുട്ടാണ്. 
മൽബു ഞെട്ടിപ്പോയി. എത്രയോ തവണ തന്റെ ഫോൺ ആളുകൾക്ക് നൽകിയിരിക്കുന്നു. മിസ്ഡ് കോൾ അടിക്കാനല്ല. വിളിക്കാൻ തന്നെ. അതൊക്കെ ചെറിയ ഉപകാരമാണ്. 
കോഴിക്കോട് എയർപോർട്ടിൽ കാത്തിരിക്കുമ്പോൾ ഒരു ചെറുപ്പക്കാരന് ഫോൺ കൊടുത്തിരുന്നു. ഒരു മിസ്ഡ് കോൾ അടിച്ചോട്ടെ എന്നാണ് അവൻ ചോദിച്ചത്. വിവാഹത്തിനു ശേഷം ഗൾഫിലേക്ക് മടങ്ങുന്ന അവൻ അര മണിക്കൂറാണ് ഫോണിൽ സല്ലപിച്ചത്. പ്രണയത്തിന്റെ അര മണിക്കൂർ. 
മിസ്ഡ് കോൾ ആക്കേണ്ട, വിളിച്ചോളൂ. ഫോൺ ഫ്രീയാണ് എന്നാണ് അവനോട് പറഞ്ഞത്. ഭാര്യക്കു ശേഷം അവൻ ഉമ്മയേയും വിളിച്ചു. 
വലിയ ഉപകാരമായെന്നു പറഞ്ഞാണ് ഫോൺ തിരികെ നൽകിയത്. നെറ്റും കോളും ഫ്രീയായ ഓഫർ കയറ്റിയതുകൊണ്ട് ഇനിയും കോൾ ബാക്കി കിടപ്പാണ്. 
ഇവിടെ ഇപ്പോൾ ഒരു മിസ്ഡ് കോൾ അടിക്കാൻ ചോദിച്ചിട്ട് ന്യൂജൻ ചെറുപ്പക്കാരനിൽനിന്ന് ലഭിച്ച മറുപടി മൽബുവിന്റെ മുഖത്തേറ്റ അടിയായി. 
അവനു വേറെ ആളുകളെ വിളിക്കാനുള്ളത് കൊണ്ടാകും ബുദ്ധിമുട്ടെന്ന് പറഞ്ഞതെന്നാണ് കരുതിയത്. പക്ഷേ അവൻ ആർക്കും വിളിക്കുന്നുമില്ല. 
പുറത്തു കാത്തുനിൽക്കുന്ന പയ്യനെ ലഗേജിനായി കാത്തിരിക്കുകയാണെന്ന വിവരം എങ്ങനെയങ്കിലും അറിയിക്കണമല്ലോ? 
മൽബു കൺവെയർ ബെൽറ്റിന്റെ അങ്ങേത്തലക്കലേക്ക് നീങ്ങി. അവിടെ ഒരു ബംഗാളി നിൽപുണ്ടായിരുന്നു. കുറച്ചു പ്രായമുള്ളയാൾ. ട്രോളി സർവീസുകാരനാണ്. വിവരം പറഞ്ഞപ്പോൾ അയാൾ ഉടൻ തന്നെ ഫോൺ നൽകി. മിസ് കോളാക്കേണ്ട, വിളിച്ചോളൂ എന്നു പറയുകയും ചെയ്തു. 
ഒരു പത്ത് മിനിറ്റ് കൂടി വേണ്ടിവരും: ലഗേജിനു വെയ്റ്റ് ചെയ്യുകയാണെന്ന് പയ്യനോട് പറഞ്ഞു. പോക്കറ്റിലുണ്ടായിരുന്ന അഞ്ച് റിയാലെടുത്ത് ഫോണിനോടൊപ്പം ബംഗാളിക്ക് നൽകി. 
നേരത്തെ നാട്ടിൽ പോകുമ്പോഴൊന്നും ട്രോളി തള്ളാൻ ബംഗാളികളെ വിളിക്കാറുണ്ടായിരുന്നില്ല. എന്തിനു പത്ത് റിയാൽ കൊടുക്കണം. നമുക്ക് തന്നെ തള്ളാമല്ലോ എന്നതായിരുന്നു പോളിസി. ഇപ്പോൾ ഇതാ ബംഗാളിയാണ് ഉപകാരത്തിനെത്തിയത്. 
ബംഗാളിയോട് ഫോൺ വാങ്ങി വിളിക്കുന്നത് മലയാളിപ്പയ്യൻ നോക്കുന്നുണ്ടായിരുന്നു. 
മൽബുവിന് വെറുപ്പാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ. മനുഷ്യർക്ക് ചെറിയ ഉപകാരം പോലും ചെയ്യാത്തവർ. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ? 
മൽബുവിന്റെ ഉള്ളിലെ സന്നദ്ധ പ്രവർത്തകൻ ഉണർന്നു. ഒട്ടും നഷ്ടമില്ലാത്ത ഉപകാരം പോലും ചെയ്യാൻ മടിക്കുന്നവരെക്കൊണ്ട് സമൂഹത്തിന് എന്തു ഗുണം. ഒരുമയുടേയും സഹായ മനസ്‌കതയുടേയും മറുപേരുകളായി മാറിയ എത്രയോ പ്രവാസികളുണ്ട്. കനിവിന്റെ തണൽ മരമൊന്നും ആകേണ്ട. നിസ്സാര സഹായം പോലും ചെയ്യാൻ പാടില്ലേ? അവനോട് ചോദിക്കണം.
പെട്ടി വരുന്ന ലക്ഷണമൊന്നുമില്ല. മൽബു വീണ്ടും ന്യൂജൻ പയ്യന്റെ അടുത്തെത്തി. 
അതേയ്, ബംഗാളിയുടെ ഫോണിൽനിന്ന് വിളിച്ചു.
മൽബു പറഞ്ഞത് കേട്ടെങ്കിലും അവൻ ചിരിക്കുക പോലും ചെയ്തില്ല. 
മോൻ എത്ര വർഷമായി ഇവിടെ?
ഫസ്റ്റ് വെക്കേഷൻ കഴിഞ്ഞ് മടങ്ങുകയാണ് -അവന്റെ മറുപടി.
അപ്പോൾ പുതിയാപ്പിളയാണ് അല്ലേ. ഞാൻ ഒരു കാര്യം പറഞ്ഞാൽ വെറുപ്പൊന്നും തോന്നരുത്.
ഫോൺ വിളിക്കാൻ തരാത്ത കാര്യമല്ലേ: അവന്റെ മറുപടി. 
അതെ, ചെറിയ ഉപകാരമല്ലേ അതൊക്കെ. നമ്മൾ പ്രവാസികൾ ഒരിക്കലും ഇങ്ങനെയാകാൻ പാടില്ല. പ്രവാസത്തിന്റെ ചരിത്രം അറിയാത്തതുകൊണ്ടാണ്. പരസ്പരം സ്‌നേഹിച്ചും കൊടുത്തും വാങ്ങിയുമാണ് നമ്മൾ ഇവിടെ ഒരുമയോടെ കഴിയുന്നത്. ജാതിയും മതവും രാഷ്ട്രീയവുമൊന്നും നോക്കാറില്ല. ഒരാളുടെ വേദന മറ്റൊരാൾ ഏറ്റുവാങ്ങും. 
പ്രസംഗം ക്ഷമയോടെ അവൻ കേൾക്കുമെന്ന് വിചരിച്ചതല്ല. പക്ഷേ, ന്യൂജൻ പയ്യൻ മൽബുവിന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടു. 
എന്നിട്ട് അവൻ പറഞ്ഞു തുടങ്ങി. 
ഒരാളെ ഒരിക്കൽ മാത്രമേ ഒരു മാളത്തിൽനിന്ന് പാമ്പ് കടിക്കൂ എന്ന് കേട്ടിട്ടുണ്ടോ?
ഉണ്ട്. 
അങ്ങനെയൊരാളെ കണ്ടിട്ടുണ്ടോ? 
മൽബു ഇല്ല എന്നു പറയാൻ തുടങ്ങുന്നതിനുമുമ്പേ അവൻ പറഞ്ഞു.
അത് ഞാനാണ്. 
ഒരാൾക്ക് ഫോൺ വിളിക്കാൻ കൊടുത്തതിന്റെ പേരിൽ ഒരാഴ്ച ഉള്ളിൽ കിടന്നിട്ടുണ്ട് ഞാൻ. നല്ലോണം കിട്ടുകയും ചെയ്തു.
എന്താണ് സംഭവം? 
അതൊരു വലിയ കഥയാണ്. 
പറയൂ. പെട്ടി ഇപ്പോഴൊന്നും ഇങ്ങെത്തുമെന്ന് തോന്നുന്നില്ല.
അവൻ പോക്കറ്റിൽനിന്ന് ഫോണെടുത്ത് അതിലൊരു വാർത്താ കട്ടിംഗ് കാണിച്ചു. 
നിരപരാധിക്ക് ഒടുവിൽ മോചനം എന്നായിരുന്നു അതിന്റെ തലക്കെട്ട്. 
തരൂ, വായിച്ചു നോക്കട്ടെ. 
ഫോൺ കൈമാറില്ല എന്നു പറഞ്ഞു പോക്കറ്റിലിട്ട ശേഷം അവൻ കഥ പറഞ്ഞു. 
നാട്ടിൽനിന്ന് വന്നയുടൻ ഒരു ഇലക്ട്രിക് ഷോപ്പിലാണ് ജോലിക്ക് നിന്നത്. ജ്യേഷ്ഠന്റെ സുഹൃത്തിന്റെ കടയായിരുന്നു. തൽക്കാലം ഭാഷ പഠിക്കാമല്ലോ? പിന്നെ ഡ്രൈവിംഗ് സ്‌കൂൾ അടുത്തായതിനാൽ ഡ്രൈവിംഗ് ക്ലാസിനു പോകാനും എളുപ്പം. പ്രതീക്ഷിച്ചതുപോലെ ഡ്രൈവിംഗ് ടെസ്റ്റിൽ പൊട്ടുകയും മദ്രസ വിധിക്കുകയും ചെയ്തു. ഒരു ദിവസം ഡ്രൈവിംഗ് സ്‌കൂളിൽ പോയപ്പോൾ ഒരു പാക്കിസ്ഥാനി ഫോൺ വാങ്ങി വിളിച്ചതായിരുന്നു. അന്നു വൈകിട്ട് അയാളെ അന്വേഷിച്ച് പോലീസ് വന്നു. ഒന്നും അറിയില്ലെന്ന് പറഞ്ഞപ്പോൾ വണ്ടിയിൽ കയറ്റിക്കൊണ്ടു പോയി ശരിക്കും പെരുമാറി. ഒരാഴ്ച കഴിഞ്ഞ് നിരപരാധിയാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് വിട്ടയച്ചത്. 
ഇനി നിങ്ങൾ പറയൂ. ഫോൺ അപരിചിതർക്ക് കൊടുക്കാമോ? 
അപ്പോഴേക്കും കൺവെയർ ബെൽറ്റിലൂടെ പെട്ടികൾ ഒഴുകിത്തുടങ്ങിയിരുന്നു. അതു കൊണ്ട് മൽബുവിന് ന്യൂജെൻ പയ്യനോട് മറുപടി പറയേണ്ടി വന്നില്ല. എന്നാലും ഉത്തരം മനസ്സിലുണ്ടായിരുന്നു. 
കൊടുക്കുന്നതത്ര പന്തിയല്ല. 
വെറുക്കപ്പെട്ട പയ്യാ മാപ്പ് നൽകുക...
ആദ്യം തെറ്റിദ്ധരിക്കുക, പിന്നെ വെറുക്കുക, ഒടുവിൽ സത്യം ബോധ്യപ്പെടുമ്പോൾ മാപ്പ് ചോദിക്കുക. ഇത് മലയാളികളുടെ പുതിയ രീതിയൊന്നുമല്ല.

Latest News