Sorry, you need to enable JavaScript to visit this website.

കശ്മീര്‍ വിഷയത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ ലഭിക്കാതെ പാക്കിസ്ഥാന്‍

പാക്കധീന കശ്മീര്‍ പതാകയുമായി കറാച്ചിയില്‍ നടന്ന പ്രകടനം.

ന്യൂദല്‍ഹി- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടി കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാട് ഏറ്റവും കടുപ്പിക്കാന്‍ കാരണമായെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ ലഭിക്കാതെ ഇംറാന്‍ ഖാന്‍.
ഇന്ത്യയില്‍ 1500 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി അറാംകോ ഒരുങ്ങുന്നതും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും പാക്കിസ്ഥാനുള്ള കനത്ത തിരിച്ചടിയാണെന്ന് വിദേശ മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്ന് നേരത്തെ പാക്കിസ്ഥാന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ലഭിച്ചിരുന്ന ധാര്‍മിക പിന്തുണ ഇപ്പോള്‍ ലഭിക്കുന്നില്ലെന്നതാണ് പാക്കിസ്ഥാനേയും പ്രധാനമന്ത്രി ഇംറാന്‍ ഖാനേയും കുഴയ്ക്കുന്നത്. കശ്മീരിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്തത്രയും കടുത്ത നിലപാടാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ അംബാസഡറെ പുറത്താക്കുകയും വ്യാപാര, ഗതാഗത ബന്ധങ്ങള്‍ വിഛേദിക്കുകയും ചെയ്തു.

വ്യാപാര പങ്കാളിത്തം ഉറപ്പാക്കിയും ശക്തമായ സൗഹൃദം വാഗ്ദാനം ചെയ്തുമാണ് ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോഡി ശനിയാഴ്ച അബുദാബിയിലെത്തുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം ബഹ്‌റൈനും സന്ദര്‍ശിക്കുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്.   

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കശ്മീരിലെ നിയന്ത്രണങ്ങളും ഗള്‍ഫ് രാജ്യങ്ങളുമായുളള ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യയും ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധം സുദൃഢമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയുടെ ഏറ്റവും വലിയ പത്ത് വ്യാപാര പങ്കാളികളില്‍ മൂന്നും ഗള്‍ഫ് രാഷ്ട്രങ്ങളാണ്. ഇന്ത്യയുടെ പെട്രോള്‍ ഇറക്കുമതിയുടെ ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗവും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ്. ഇന്ത്യയിലേക്ക് വരുന്ന വിദേശ റെമിറ്റന്‍സില്‍ പകുതിയും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കുന്നവരില്‍നിന്നാണ്.

അറബ് എണ്ണയുടേയും ഗ്യാസിന്റേയും വലിയ വിപണിയെന്നതിനപ്പുറം സൈനിക ബലത്തോടെ മേഖലയില്‍ ശാക്തിക സന്തുലനം നിലനിര്‍ത്തുന്ന സുഹൃദ് രാജ്യമെന്ന നിലയിലും ഇന്ത്യയെ അവഗണിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സാധ്യമല്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.  

 

 

Latest News