Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ നാലര കോടിയുടെ സ്വർണവുമായി നാലുപേർ പിടിയിൽ

കണ്ണൂർ - കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. പതിനൊന്ന് കിലോ സ്വർണം സഹിതം 4 പേർ പിടിയിലായി. കണ്ണൂരിൽ നടക്കുന്ന ഏറ്റവും വലിയ സ്വർണ വേട്ടയാണിത്. രഹസ്യ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഇന്റലിജന്റ്‌സ് നടത്തിയ ഓപ്പറേഷനിലാണ് കണ്ണൂർ സ്വദേശി അടക്കം കുടുങ്ങിയത്.
ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഗോ എയർ, എയർ ഇന്ത്യ വിമാനങ്ങളിലെ യാത്രക്കാരായ വയനാട്, കോഴിക്കോട്, ബംഗളൂരു, കണ്ണൂർ സ്വദേശികളിൽ നിന്നാണ് അനധികൃതമായി കടത്തിയ സ്വർണം പിടിച്ചത്. ബിസ്‌ക്കറ്റ് രൂപത്തിലായിരുന്നു സ്വർണം കൊണ്ടുവന്നത്. ഇതിന് നാലര കോടിയിലേറെ രൂപ വില വരും. ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന സന്ധ്യ വരെ നീണ്ടു. റവന്യൂ ഇന്റലിജന്റ്‌സിലെ കൊച്ചി, കോഴിക്കോട്, കണ്ണൂർ ഓഫീസുകളിലെ ഉദ്യോഗസ്ഥർ സ്വർണ വേട്ടക്കു നേതൃത്വം നൽകി. രണ്ടു പേരിൽ നിന്നാണ് ആദ്യം സ്വർണം കണ്ടെടുത്തത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് മറ്റു രണ്ടു പേരെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിനകം ഇവർ പരിശോധന പൂർത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണക്കടത്ത് റാക്കറ്റിലെ അംഗങ്ങളാണ് ഇവരെന്നാണ് സൂചന. സ്വർണം ആർക്കു നൽകാനായാണ് കൊണ്ടുവന്നതെന്ന് അന്വേഷിച്ചു വരികയാണ്.
കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 37.25 കിലോ സ്വർണമാണ് കഴിഞ്ഞ എട്ടു മാസത്തി നിടെ പിടികൂടിയത്. ഇതിന് 13.41 കോടി രൂപ മൂല്യം വരും. 33 തവണകളിലായാണ് സ്വർണം കടത്തിയത്. ഇതിൽ 26 തവണ എയർ കസ്റ്റംസും, 6 തവണ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ് സുമാണ് സ്വർണം പിടിച്ചത്.

Latest News