Sorry, you need to enable JavaScript to visit this website.

സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉടന്‍ വിസ; പുതിയ പോര്‍ട്ടല്‍ തുടങ്ങി

റിയാദ്- ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിക്കുന്ന സ്ഥാപനങ്ങൾക്ക് വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഉടൻ വിസ അനുവദിക്കുന്ന പുതിയ സേവനം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. ഖിവ പോർട്ടൽ വഴിയാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉടനടി വിസ അനുവദിക്കുക. ഉയർന്ന തോതിൽ സൗദിവൽക്കരണം നടപ്പാക്കുകയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ നിയമങ്ങൾ പാലിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇനി മുതൽ 'ഖിവ' പോർട്ടൽ വഴി ഉടൻ തൊഴിൽ വിസകൾ ലഭിക്കും. 
നേരത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിസ ലഭിക്കാൻ എട്ടു മാസം വരെ എടുത്തിരുന്നു. വിസ അപേക്ഷകൾ നൽകുന്നതിനു മുമ്പായി സ്ഥാപനങ്ങളിൽ ലഭ്യമായ തൊഴിലവസരങ്ങളെ കുറിച്ച് താഖാത്ത് പോർട്ടലിൽ നിശ്ചിത കാലം പരസ്യപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. സ്ഥാപനങ്ങളുടെ വിസ്തീർണം, സൗദി, വിദേശ തൊഴിലാളികളുടെ എണ്ണം അടക്കമുള്ള വ്യവസ്ഥകളും വിസ അപേക്ഷ അംഗീകരിക്കുന്നതിന് പരിഗണിച്ചിരുന്നു. 
'ഉടനടിയുള്ള റിക്രൂട്ട്‌മെന്റിനു പകരം സൗദിവൽക്കരണം' എന്ന സമവാക്യം നടപ്പാക്കുന്നതിലൂടെ സ്വദേശിവൽക്കരണത്തിൽ വലിയ വളർച്ച കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥാപനങ്ങളിലെ സൗദിവൽക്കരണ അനുപാതം ഉയരുന്ന പക്ഷം, എത്ര തൊഴിലാളികളെയാണ് ആവശ്യമെന്ന് നിർണയിച്ച് മറ്റു ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് സമ്മതപത്രം നേടാതെ തന്നെ എത്ര വിസ നേടുന്നതിനും പുതിയ സേവനത്തിലൂടെ തൊഴിലുടമക്ക് സാധിക്കും. 


വാർത്തകൾ തത്സമയം വാട്‌സ്അപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


സൗദിവൽക്കരണ സംവിധാനം നവീകരിക്കുന്നതിനും സേവനങ്ങളും നടപടിക്രമങ്ങളും എളുപ്പമാക്കുന്നതിനും സ്വകാര്യ കമ്പനികളുമായും സ്ഥാപനങ്ങളുമായും പങ്കാളിത്തം സ്ഥാപിക്കുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുമായി പുതിയ സേവനം ഒത്തുപോകുന്നു. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ അഭിവൃദ്ധിയുടെ അടിസ്ഥാന ഘടകമായി സ്വകാര്യ മേഖലയെ പരിവർത്തിപ്പിക്കുന്നതിനും നിക്ഷേപകർക്കും ഉദ്യോഗാർഥികൾക്കും ആകർഷകമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് മന്ത്രാലയം ശ്രമിക്കുന്നത്. 
ഉടൻ വിസകൾ ലഭിക്കാൻ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഇടത്തരം പച്ചയും അതിനു മുകളിലുമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സ്ഥാപനങ്ങൾ വേതന സുരക്ഷാ പദ്ധതി പാലിക്കണം. തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ കാലാവധി അവസാനിച്ചവ ആകാനും പാടില്ല. തുടർച്ചയായി 13 ആഴ്ചക്കാലമോ അവസാനത്തെ 52 ആഴ്ചക്കിടെ പല തവണയായി 26 ആഴ്ചക്കാലമെങ്കിലുമോ സ്ഥാപനം ഇടത്തരം പച്ചയിൽ നിലനിൽക്കണമെന്നും വ്യവസ്ഥയുണ്ട്. തൽക്ഷണ വിസ സേവനം ലഭിക്കുന്നതിന് (വേേു:െ//ംംം.ൂശംമ.മെ/) എന്ന ഏകീകൃത ലിങ്ക് വഴി സ്ഥാപന ഉടമകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

Latest News