അഴിമതിക്കേസില്‍ ഉമര്‍ അല്‍ ബശീറിനെ കോടതിയില്‍ ഹാജരാക്കി

ഖാര്‍ത്തൂം- അഴിമതി ആരോപണങ്ങളില്‍ വിചാരണ നേരിടുന്നതിന് പുറത്താക്കപ്പെട്ട സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബശീറിനെ കോടതിയില്‍ ഹാജരാക്കി. മൂന്ന് പതിറ്റാണ്ട് ഭരണം തുടര്‍ന്ന 75 കാരനായ ഉമര്‍ ബശീറിനെ മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ 11 നാണ് പുറത്താക്കിയത്. പ്രോസിക്യൂട്ടര്‍ മുമ്പാകെ കഴിഞ്ഞ 16 ന് ഹാജരായിരുന്നു.
നിയമവിരുദ്ധമായി സമ്മാനങ്ങള്‍ സ്വീകരിക്കല്‍, വിദേശ കറന്‍സി കൈവശം വെക്കല്‍, അഴിമതി തുടങ്ങിയ ആരോപണങ്ങളാണ് ഉമര്‍ ബശീര്‍ നേരിടുന്നതെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. വലിയ സൈനിക സന്നാഹത്തോടെയാണ് ഉമര്‍ ബശീറിനെ ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിച്ചത്.
മുന്‍ പ്രസിഡന്റിന്റെ വസതിയില്‍നിന്ന് 113 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന വിദേശ കറന്‍സികള്‍ പിടിച്ചെടുത്തതായി സൈനിക ഭരണാധികാരി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ കഴിഞ്ഞ ഏപ്രിലില്‍ വെളിപ്പെടുത്തിയിരുന്നു. ഭരണകൂടത്തിനെതിരായ സമരത്തില്‍ പ്രക്ഷോഭകരെ കൊലപ്പെടുത്തിയ കുറ്റവും ബശീറിനെതിരെ ചുമത്തിയതായി പ്രോസിക്യൂട്ടര്‍ പിന്നീട് അറിയിച്ചു. റൊട്ടിയുടെ വില മൂന്നിരട്ടിയായി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 19 നാണ് ഉമര്‍ ബശീറിനെതിരെ പ്രതിഷേധം ശക്തമായതും ജനാധിപത്യ പ്രക്ഷോഭമായി മാറിയതും. 1989 ല്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ച ബശീറിനെതിരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയിലും കേസുണ്ട്. ദാര്‍ഫൂറില്‍ യുദ്ധക്കുറ്റം നടത്തിയെന്നാണ് മുഖ്യ ആരോപണം. ദാര്‍ഫൂര്‍ സംഘര്‍ഷത്തില്‍ മൂന്ന് ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നും 25 ലക്ഷമാളുകള്‍ ഭവന രഹിതരായെന്നും യു.എന്‍ പറയുന്നു. ബശീറിനെ വിചരണ ചെയ്യണമെന്ന് ആവര്‍ത്തിക്കുന്ന ഹേഗ് കോടതി സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷവും ഇക്കാര്യം ഉന്നയിച്ചു. സുഡാനിലെ അഴിമതിക്കേസിലെ വിചാരണ അന്താരാഷ്ട്ര കോടതിയില്‍നിന്ന് രക്ഷപ്പെടാനകരുതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കഴിഞ്ഞയാഴ്ച മുന്നറിപ്പ് നല്‍കിയിരുന്നു.

 

Latest News