Sorry, you need to enable JavaScript to visit this website.

സൗദി വനിതകള്‍ക്ക് രക്ഷാകര്‍ത്താവിന്റെ അനുമതി വേണ്ട: വിശദാംശങ്ങൾ പ്രഖ്യാപിച്ചു 

റിയാദ് - ഇരുപത്തിയൊന്ന് വയസ്സിൽ കൂടുതൽ പ്രായമുള്ള സൗദി വനിതകൾക്ക് വിദേശയാത്രാ സ്വാതന്ത്ര്യം നൽകുന്നതിനുള്ള മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ജവാസാത്ത് ഡയറക്ടറേറ്റ് പരസ്യപ്പെടുത്തി. എല്ലാ സൗദി പൗരന്മാരെയും പോലെ സൗദി വനിതകൾക്കും സ്വന്തം നിലക്ക് പാസ്‌പോർട്ട് നേടുന്നതിനും ഇരുപത്തിയൊന്നു വയസ്സും അതിൽ കൂടുതലും പ്രായമുള്ള സൗദി വനിതകൾക്ക് വിദേശയാത്രാ സ്വാതന്ത്ര്യം നൽകുന്നതിനും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളുമാണ് ജവാസാത്ത് ഡയറക്ടറേറ്റ് പരസ്യപ്പെടുത്തിയിരിക്കുന്നത്. 


ഇതു പ്രകാരം ഇരുപത്തിയൊന്നു വയസ്സിൽ കുറവ് പ്രായമുള്ളവർക്ക് പാസ്‌പോർട്ട് അനുവദിക്കുന്നതിന് രക്ഷാകർത്താവിന്റെ അനുമതി ആവശ്യമാണ്. ഇരുപത്തിയൊന്ന് വയസ്സിൽ കുറവ് പ്രായമുള്ളവരുടെ വിദേശ യാത്രക്കും രക്ഷാകർത്താവിന്റെ അനുമതി നിർബന്ധമാണ്. എന്നാൽ ഇരുപത്തിയൊന്നിൽ കുറവ് പ്രായമുള്ള വിവാഹിതർ, സർക്കാർ സ്‌കോളർഷിപ്പോടെ വിദേശത്ത് ഉപരിപഠനം നടത്തുന്നവർ എന്നിവർക്ക് ഈ വ്യവസ്ഥ ബാധകമല്ല. വിദേശത്ത് ഉപരിപഠനം നടത്തുന്നവർ ഇക്കാര്യം തെളിയിച്ച് വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന കത്ത് ഹാജരാക്കണം. ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായി വിദേശങ്ങളിലേക്ക് പോകുന്നവർക്കും ഈ വ്യവസ്ഥ ബാധകമല്ല. ഇതിന് സ്വന്തം വകുപ്പിൽ നിന്നുള്ള കത്ത് ഇവർ ഹാജരാക്കിയിരിക്കണം. 
നഴ്‌സറി പ്രായം കഴിഞ്ഞ് 21 ൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് പിതാവിന്റെ അനുമതിയോടെ വിദേശ യാത്ര നടത്താവുന്നതാണ്. പിതാവ് മരണപ്പെട്ടിട്ടുണ്ടെങ്കിൽ മാതാവാണ് യാത്രാ അനുമതി നൽകേണ്ടത്. മാതാപിതാക്കൾ മരണപ്പെട്ടവരാണെങ്കിൽ ഇരുപത്തിയൊന്നും അതിൽ കൂടുതലും വയസ്സായ സഹോദരങ്ങളിൽ ഒരാളാണ് കുട്ടികളുടെ വിദേശ യാത്രക്ക് അനുമതി നൽകേണ്ടത്. നഴ്‌സറി പ്രായം കഴിഞ്ഞ് 21 ൽ കുറവ് പ്രായമുള്ള കുട്ടികളുടെ പാസ്‌പോർട്ടിനു ഇതേ വ്യവസ്ഥയാണ് ബാധകം. 
പതിനഞ്ചും അതിൽ കൂടുതലും പ്രായമുള്ളവരുടെ പാസ്‌പോർട്ട് പുതുക്കുന്നതിന് വിരലടയാളവും കണ്ണടയാളവും സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിറിലും ദേശീയ അഡ്രസ് സേവനത്തിലും രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. 21 ൽ കുറവ് പ്രായമുള്ളവരുടെ പാസ്‌പോർട്ടിന് രക്ഷാകർത്താവിന്റെ അനുമതിയും വേണം. 
പതിനഞ്ചു വയസ്സിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് പാസ്‌പോർട്ട് ലഭിക്കുന്നതിന് അവരെ ഫാമിലി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ പാസ്‌പോർട്ടിന് രക്ഷാകർത്താവിന്റെ അനുമതിയും വേണം. ഇരുപത്തിയൊന്നു വയസ്സിൽ കൂടുതൽ പ്രായമുള്ള വനിതകളുടെ വിദേശ യാത്രക്ക് രക്ഷാകർത്താവിന്റെ അനുമതി ആവശ്യമില്ല. ഇവർക്ക് രക്ഷാകർത്താവിന്റെ അനുമതിയില്ലാതെ സ്വന്തം നിലക്ക് പാസ്‌പോർട്ട് നേടുന്നതിനും സാധിക്കും. 

 

Latest News