Sorry, you need to enable JavaScript to visit this website.

ഗാഡ്ഗിൽ വീണ്ടും ചർച്ചയാകുമ്പോൾ

രണ്ടാം പ്രളയം മൂലം ഉണ്ടായ ഒരു ഗുണം ഗാഡ്ഗിൽ റിപ്പോർട്ട് വീണ്ടും ചർച്ചാവിഷയമായി എന്നതാണ്. റിപ്പോർട്ടിനോടുള്ള നിഷേധാത്മക സമീപനം പുനഃപരിശോധിക്കാൻ പലരും തയാറായി. ഗാഡ്ഗിൽ റിപ്പോർട്ട് പുറത്തു വന്ന സമയത്ത് അതിനെതിരെ നിലപാടെടുത്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം അതേക്കുറിച്ച് വീണ്ടും ചർച്ചയാകാമെന്ന നിലപാട് പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. എല്ലാ പാർട്ടികളിലും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്നുണ്ട്. ഗാഡ്ഗിലിനെതിരെ അണിനിരക്കുന്നവരുടെ വോട്ട് ബാങ്കിനെ ഭയപ്പെട്ട് പലരും ഉറക്കെ വിളിച്ചുപറയാൻ തയാറാകുന്നില്ല എന്നതാണ് വസ്തുത. അതിനെ ഭയപ്പെടാത്ത വി.എസ്. അച്യുതാനന്ദനെ പോലുള്ളവർ പക്ഷേ ശക്തമായി തന്നെ രംഗത്തു വന്നത് ശുഭപ്രതീക്ഷ നൽകുന്നു. 
സ്വാഭാവികമായും ഒരു വിഭാഗം റിപ്പോർട്ടിനെതിരെ ശക്തമായി തന്നെ രംഗത്തുണ്ട്. എന്നാൽ എന്തുകൊണ്ടാണ് റിപ്പോർട്ടിനെ എതിർക്കുന്നതെന്ന് കേരളീയ സമൂഹത്തിനു മുന്നിൽ വ്യക്തമായി അവതരിപ്പിക്കാൻ അവർക്കാകുന്നില്ല. മരമുണ്ടായിട്ടാണോ അറബിക്കടലിൽ മഴ പെയ്യുന്നതെന്ന പ്രശസ്തമായ ആ യുക്തയിലാണ് അവരിൽ ബഹുഭൂരിപക്ഷവും. ഡാമുകളുടെ ഡീ കമ്മീഷനിംഗ് ഒഴികെ ഗാഡ്ഗിൽ റിപ്പോർട്ടിലെ ഏതൊക്കെ നിർദേശങ്ങളെയാണ് എതിർക്കുന്നതെന്ന് കൃത്യമായി അവർ അവതരിപ്പിച്ചിട്ടില്ല. 
പരിസ്ഥിതി ദുർബല പ്രദേശം എന്ന സംജ്ഞയെന്താണെന്നു പോലും മനസ്സിലാക്കാൻ ഇവരാരും ശ്രമിക്കുന്നില്ല. പരിസ്ഥിതിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി നശീകരണം തടയുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരം ലഭിച്ച അധികാരത്തിന്റെ ഭാഗമായാണ് ഈ ആശയം രൂപം കൊണ്ടത്.  കേന്ദ്ര സർക്കാരിന്, ചില പ്രത്യേക പ്രദേശങ്ങളിൽ, വ്യവസായമോ, നിർമാണ പ്രവൃത്തികളോ നിരോധിക്കാവുന്നതാണ്. 1989 ൽ മഹാരാഷ്ട്രയിലാണ് ഈ നിയമങ്ങൾ ആദ്യമായി പ്രാബല്യത്തിൽ വന്നത്. 
1991 ലാണ് രാജ്യത്ത് ആദ്യമായി പാരിസ്ഥിതിക ദുർബ്ബല പ്രദേശം (ഋരീഹീഴശരമഹഹ്യ ടലിശെശേ്‌ല അൃലമ, ഋടഅ) എന്ന സംജ്ഞ ഉപയോഗപ്പെടുത്തിയത്. പരിസ്ഥിതി ദുർബല പ്രദേശം കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡം അവിടെയുള്ള സ്പീഷീസുകളെ അടിസ്ഥാനപ്പെടുത്തിയും ജൈവ ആവാസ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയും ഭൗമബാഹ്യ സ്വഭാവങ്ങളുടെ അടിസ്ഥാനത്തിലുമാണ്. പരിസ്ഥിതി ലോല പ്രദേശത്തിന്റെ പ്രധാന മാനദണ്ഡം തനതു സ്ഥലത്തു മാത്രമുള്ള ജീവജാലങ്ങളുടെ (ലിറലാശര ുെലരശല)െ സാന്നിധ്യമാണ്. കൂടാതെ മറ്റനേകം മാനദണ്ഡങ്ങളും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. പശ്ചിമഘട്ട പ്രദേശം ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്നതിനാൽ ഇത് ഒട്ടാകെ പരിസ്ഥിതി ദുർബല പ്രദേശമായി കരുതപ്പെടേണ്ടതാണെന്നാണ് ഗാഡ്ഗിൽ സമിതിയുടെ കാഴ്ചപ്പാട്.
അതേസമയം പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ യാതൊരു നിർമാണ പ്രവർത്തനവും പാടില്ലെന്നാണ് ഗാഡ്ഗിൽ പറയുന്നതെന്ന യാഥാർത്ഥ്യ വിരുദ്ധമായ പ്രചാരണമാണ് നടക്കുന്നത്. വാസ്തവത്തിൽ പശ്ചിമഘട്ടത്തെ മൂന്നായാണ് തരം തിരിച്ചിരിക്കുന്നത്. 1. പാരിസ്ഥിതികമായി അതീവ ലോലപ്രദേശം (ഋടദ1), 2. പാരിസ്ഥിതികമായി ലോലപ്രദേശം (ഋടദ2), 3. താരതമ്യേന പാരിസ്ഥിതിക ലോലത കുറഞ്ഞ പ്രദേശം (ഋടദ3). ഈ മൂന്നു മേഖലകളിലും ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഗാഡ്ഗിൽ വശദമായി തന്നെ പറയുന്നുണ്ട്. അവ ഏകദേശം ഇങ്ങനെയാണ്.
* ജനിതക മാറ്റം വരുത്തിയ വിത്തുകൾ പാടില്ല.
* പ്ലാസ്റ്റിക് ഉപയോഗം മൂന്നു വർഷം കൊണ്ട് നിർത്തണം.
* മേഖല 1 അഞ്ചു വർഷം കൊണ്ടും, മേഖല 2 എട്ടു വർഷം കൊണ്ടും, മേഖല 3 പത്തു വർഷം കൊണ്ടും ജൈവ കൃഷിയിലേക്ക് മാറണം.
* പ്രത്യേക സാമ്പത്തിക മേഖലയോ പുതിയ ഹിൽ സ്റ്റേഷനോ പാടില്ല.
* പൊതുഭൂമി സ്വകാര്യവൽക്കരിക്കാൻ പാടില്ല.
* മേഖല 1 ലും 2 ലും വനഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.  
* കൃഷിഭൂമി കൃഷിയൊഴികെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.  
* മേഖല 3 ൽ പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് കൃഷി ഭൂമി മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാം.
* പഞ്ചായത്ത് തലത്തിലുള്ള വികേന്ദ്രീകൃത ജലവിഭവ പരിപാലന പദ്ധതികൾ ഉണ്ടാക്കണം.
* തനതു മത്സ്യങ്ങളെ സംരക്ഷിക്കുന്നതിന് സാമ്പത്തിക പ്രോത്സാഹനം കൊടുക്കണം.
* ഏകവിളത്തോട്ടങ്ങൾ പാടില്ല.
* മേഖല 1 ലും 2 ലും പുതിയ ഖനനം അനുവദിക്കരുത്. 2016 ഓടെ മേഖല 1 ലെ ഖനനം നിർത്തണം. നിയന്ത്രണ വിധേയമായി മേഖല 2 ൽ ഇപ്പോഴുള്ള ഖനനവും മേഖല 3 ൽ പുതിയ ഖനനവും ആവാം.
* വികേന്ദ്രീകൃത സൗരോർജ പദ്ധതികൾ തുടങ്ങുക.
* റോഡ് വികസനം പരിസ്ഥിതി ആഘാത പഠനങ്ങൾക്കു ശേഷമേ ആകാവൂ. ഇവയിൽ പരിസ്ഥതി നാശത്തിന്റെ മൂല്യം കണക്കാക്കണം.
* പരിസ്ഥിതിക്ക് കോട്ടം പറ്റാത്ത രീതിയിലാവണം കെട്ടിട നിർമാണം. സിമന്റ്, കമ്പി, മണൽ എന്നിവയുടെ ഉപയോഗം പരമാവധി കുറക്കണം. എല്ലാ മേഖലകളിലും മഴവെള്ള ശേഖരണം, ആധുനിക ഊർജത്തിന്റെ ഉപയോഗം, മാലിന്യ സംസ്‌കരണം എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കണം.
* പുഴകളുടെ തിരിച്ചുവിടൽ അനുവദിക്കരുത്.
* വനാവകാശ നിയമം കണക്കിലെടുത്ത് കമ്യൂണിറ്റി ഫോറസ്റ്റ് റിസർവ് എന്ന സംവിധാനം നടപ്പാക്കുക.
* മേഖല 1 ൽ മണൽ വാരലിനും പാറ പൊട്ടിക്കലിനും പുതിയ അനുമതി നൽകരുത്.
* മേഖല 1 ലും 2 ലും പരിസ്ഥിതി മലിനമാക്കുന്ന റെഡ് ഓറഞ്ച് കാറ്റഗറി വ്യവസായങ്ങൾ പുതുതായി അനുവദിക്കരുത്.
* മേഖല 1 ൽ 10 മെഗാവാട്ടിൽ കുറഞ്ഞുള്ള ജലവൈദ്യുതി പദ്ധതികളാവാം. വലിയ കാറ്റാടി പദ്ധതികൾ പാടില്ല. മേഖല 2 ൽ 15 മീറ്റർ കവിയാത്ത അണക്കെട്ടുകൾ ആവാം. 10-25 മെഗാവാട്ട് വരെയുള്ള ജലവൈദ്യുത പദ്ധതികൾ ആവാം.
* കാലാവധി കഴിഞ്ഞ ജലവൈദ്യുത പദ്ധതികൾ 30-50 വർഷമെടുത്ത് ഡീക്കമ്മീഷൻ ചെയ്യണം.
ഇവയ്ക്കു പുറമെ തനതു മൃഗങ്ങളെ വളർത്തുന്നവർക്ക് പരിരക്ഷണ സേവനത്തിനുള്ള കൂലി (രീിലെൃ്മശേീി ലെൃ്ശരല രവമൃഴല) നൽകണമെന്നും കാവുകളും കണ്ടൽകാടുകളും സംരക്ഷിക്കുന്നതിന് സഹായധനം കൊടുക്കണമെന്നും പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങൾക്കായി സ്‌കൂളുകളിലെയും കോളേജുകളിലെയും പരിസ്ഥിതി ക്ലബ്ബുകളുടെ സേവനം മുതലെടുക്കണമെന്നും സമിതി നിർദേശിക്കുന്നു. അതിരപ്പിള്ളി, ഗുണ്ടിയ അണക്കെട്ടുകൾ വേണ്ട എന്നും ഗോവയിലും മഹാരാഷ്ട്രയിലും പുതിയ ഖനനം നിയന്ത്രണ വിധേയമായേ ആകാവൂ എന്ന നിലപാടാണ് സമിതി എടുത്തത്. 
ഈ നിർദേശങ്ങളിൽ ഏതിനെയൊക്കെയാണ് എതിർക്കുന്നതെന്ന് വ്യക്തമായി പറയാൻ ഗാഡ്ഗിൽ വിരുദ്ധർക്കാകുന്നില്ല. എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത് ഗ്രാമസഭകളാണെന്ന് വളരെ കൃത്യമായി ഗാഡ്ഗിൽ പറയുമ്പോൾ എന്തിനാണ് അനാവശ്യമായ ആശങ്ക എന്നതും വ്യക്തമല്ല. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാമെന്ന് ചൂണ്ടിക്കാട്ടുന്ന ജെ.എൻ.യു പഠന സംഘത്തിന്റെ കാഴ്ചപ്പാടുകളും ഗാഡ്ഗിലിനു സമാനമാണ് എന്നതും ശ്രദ്ധേയമാണ്. ഇനിയെങ്കിലും ഗാഡ്ഗിലിനു നേരെ വാതിൽ കൊട്ടിയടക്കുന്ന സമീപനം മാറ്റാൻ തയാറാകുന്നില്ലെങ്കിൽ കേരളം തന്നെ ഇല്ലാതാകുന്ന മഹാദുരന്തത്തിനായിരിക്കും നാം സാക്ഷികളാകാൻ പോകുന്നത്.  

Latest News