Sorry, you need to enable JavaScript to visit this website.

സത്യവാന്മാരുടെ സുതാര്യ പുണ്യകാലം

'എമ്പ്രാനൽപം കട്ടുഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും' എന്ന നമ്പ്യാരാശാന്റെ വരികൾ എപ്പോഴും ചെവിയിൽ മുഴങ്ങുന്ന ഒരു പാർട്ടിയുള്ളത് സി.പി.ഐ മാത്രമാണ്. അവർക്കു കള്ളവും ചതിയുമൊന്നും പണ്ടേ ഇഷ്ടമല്ല. മഹാബലിയുടെ നേരവകാശികളാണ് സി.പി.ഐ സഖാക്കൾ. ഇടതു പാർട്ടി മുമ്പ് അവരെ 'കള്ളന്മാർ, ചതിയന്മാർ, വർഗ വഞ്ചകന്മാർ' എന്നൊക്കെ നേരമ്പോക്കിനായി വിളിച്ചിരുന്നു. കാലം മാറി. സി.പി.ഐക്കു തല്ലുകൊണ്ടാൽ അതു തങ്ങൾക്കു കിട്ടുന്ന തല്ലാണ് എന്നു കോടിയേരി സഖാവ് കഴിഞ്ഞ മാസം വ്യക്തമാക്കിയിട്ടുണ്ട്. തെളിവായി, സഖാവ് തന്റെ ഷർട്ടൂരി പുറം കാട്ടിക്കൊടുത്തു. മുതുകു നിറയെ ലാത്തിയടിയുടെ പാടുകൾ. അവ അടിയന്തരാവസ്ഥ കാലത്തേതോ, പുന്നപ്ര - വയലാർ സമര ഫലമോ അല്ല. എന്തൊരു അദ്ഭുത പ്രതിഭാസം! ഇന്ന് ഒരു കള്ളമോ ചതിയോ ശ്രദ്ധയിൽ പെട്ടാൽ അത് ഇടതുമുന്നണിയുടെ പ്രതിഛായയെ തന്നെ തുരങ്കം വെയ്ക്കാനുള്ള ഗൂഢാലോചനയായി ഇരുപാർട്ടികളും വിലയിരുത്തുന്നു. ദുരിതാശ്വാസ ക്യാമ്പു തന്നെയാണ് വീണ്ടും പ്രശ്‌നം. കഴിഞ്ഞ വർഷത്തെ ക്യാമ്പിൽ ഒരു വില്ലേജ് ഓഫീസർ ഫുഡ് പാക്കറ്റുകളും തുണിത്തരങ്ങളും അടിച്ചു മാറ്റിയത്രേ! (അതല്ലേ ശരി? അവനവൻ നന്നാകണമെന്ന് എല്ലാവരും തീരുമാനിച്ചാൽ പിന്നെ നാടു നന്നാകാതിരിക്കുമോ?) ഈയിടെ ചില വിളഞ്ഞ വിത്തുകൾ- അസുരവിത്ത് എന്നു സിനിമാ ഭാഷ- പ്രളയ ബാധിതരുടെ ഇടയിൽ കയറി പട്ടികയിൽ സ്ഥാനം പിടിച്ചു.
ഏതു കല്യാണ സദ്യക്കുമുണ്ടാകും ക്ഷണിക്കാതെ എത്തുന്ന ചില 'കല്യാണ ഉണ്ണികൾ. അവർ ആദ്യ പന്തിയിൽ തന്നെ ഉണ്ണും. ആദ്യമേ പതിനായിരം രൂപ അടിച്ചെടുക്കാനുള്ള അവരുടെ നീക്കമാണ് സി.പി.ഐ മന്ത്രിമാരെ മന്ത്രിസഭാ യോഗത്തിനിടക്ക് വേദനിപ്പിച്ചത്. രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി, ദുരിത ബാധിതരുടെ പട്ടികയുടെ ചുമതല വില്ലേജ് ആപ്പീസറന്മാർക്കു പതിച്ചു നൽകണമെന്ന് മേൽപടി മന്ത്രിമാരും നേതാക്കളും വാദിച്ചു. എല്ലാവരും കഴിഞ്ഞ കൊല്ലത്തെ വില്ലേജാപ്പീസറെ പോലെയല്ല. സി.പി.ഐ പൊട്ടിച്ച വെടിക്ക് രണ്ടു പക്ഷി. ഒരു പൈസ പോലും മുതൽമുടക്കില്ലാതെ തങ്ങൾക്ക് നീതിമാന്മാരായി ചാനൽ കാമറകൾക്കു മുന്നിൽ ഞെളിഞ്ഞു നിൽക്കാം. വില്ലേജ് ആപ്പീസർ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനാണ്. വകുപ്പ് താൽക്കാലം സി.പി.ഐയുടെ മന്ത്രിക്കു സ്വന്തവും. പിന്നെന്തു വേണം!
~
****         ****        ****                      
കൊച്ചിയിലെ സീനിയർ വക്കീലായ വേലപ്പൻ നായരെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി നിയമിച്ചതിൽ ആർക്കാണിത്ര നിദ്രാഭംഗം? എക്കാലവും അങ്ങനെ ചിലതൊക്കെ വേണ്ടിവരും. ഒരു വൈദ്യരെയോ പണിക്കരെയോ നിയമിക്കുമ്പോൾ കണിച്ചുകുളങ്ങരക്കാർക്ക് ഒന്നടങ്കടം രോമാഞ്ചമുണ്ടാകും. ഇവിടെ ഒറ്റ നിയമനം കൊണ്ട് പെരുന്നയിലെ പോപ്പിനും സഹപടയാളികൾക്കും അന്തരംഗം അഭിമാന പൂരിതമാകുകയും ചോര ഞരമ്പുകളിൽ തിളയ്ക്കുകയും ചെയ്യുന്നുവെങ്കിൽ (ഇവിടെ ലേശം വള്ളത്തോളിനോടു കടപ്പാടുണ്ട്) അവയൊക്കെ വോട്ടായി മാറ്റുവാൻ ഇനിയൊരു അങ്കം വരെ കാത്തിരിക്കേണ്ടതില്ല. ഒരു പഞ്ചായത്ത് വാർഡിലെ ഉപതെരഞ്ഞെടുപ്പായാലും മതി. ഒന്നും കാണാതെയല്ല, മുഖ്യമന്ത്രി ഓരോന്നു പ്രവർത്തിക്കുന്നത്. മുമ്പ് എ.കെ.ജിയെന്ന ആരാധ്യ പുരുഷ സഖാവിന്റെ ഒരു ബന്ധുവിനെ ഉപദേശിയായി നിയമിച്ചു. കേരളത്തെയും കെ.എസ്.ആർ.ടി.സിയെയും കരകയറ്റുകയായിരുന്നു ലക്ഷ്യം. അതിനു ശേഷമാണ് ഒരിക്കലും ഉണ്ടാകാത്ത വിധം പ്രളയമുണ്ടായതെന്നാണ് ശത്രുക്കളും ശത്രുപാളയത്തിലെ വി.എസും പറയുന്നത്. അടുത്ത പ്രളയം മുൻകൂട്ടി കണ്ട ഗീതാ ഗോപിനാഥ് സ്ഥലം കാലിയാക്കി അമേരിക്കക്കു വെച്ചുപിടിച്ചു. ഇപ്പോൾ സംസ്ഥാന സർക്കാർ കക്ഷിയാക്കുന്ന കേസുകളിൽ മേൽനോട്ടം മാത്രമാണ് വേലപ്പൻ വക്കീലിന്റെ ചുതമല. മേൽനോട്ടമെന്നാൽ മുമ്പ് കേസുകൾ തോറ്റു കൊടുത്തുകൊണ്ടേയിരുന്നതിന്റെ പിന്തുടർച്ചയാണെന്നു ദോഷൈക ദൃക്കുകൾ പറഞ്ഞേക്കാം. ടെറസിൽ നിന്നുകൊണ്ട് താഴെ കേസ് ഫയലുകളുമായി പോകുന്ന ജൂനിയർ വക്കീൽ പിള്ളേരെ വീക്ഷിക്കുന്നതും മേൽനോട്ടം തന്നെയാണ്. വെറും 1.10 ലക്ഷം രൂപ മാത്രമേ ശമ്പളമായി വാങ്ങുകയുള്ളൂ. കൂടുതൽ വാങ്ങാൻ മന്ത്രിസഭ ഒറ്റക്കെട്ടായി ആവശ്യപ്പെടണം. 
ഈ പ്രളയ കാലത്ത് ഇത്രയും തുക ചെലവഴിച്ച്, അല്ല, ധൂർത്തടിച്ച് ഒരു അഡൈ്വസറെ നിയമിച്ചതു തെറ്റായിപ്പോയി എന്നു ചെന്നിത്തലയും മുല്ലപ്പള്ളിയും ഒന്നിച്ചു പറഞ്ഞെന്നിരിക്കും. അവർക്ക് കണക്കറിയില്ല. സർക്കാർ ചിട്ടിക്കമ്പനിയിലെ ഒരു ബ്രാഞ്ച് മാനേജർ പോലും അതിലധികം തുക മാസം തോറും എണ്ണിവാങ്ങുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ലീഗൽ അഡൈ്വസർ അത്ര കുറഞ്ഞ വ്യക്തിയാണോ?

****         ****        ****                           
പിണറായി സർക്കാർ ദുരിതാശ്വാസമായി ചോദിച്ചതെല്ലാം കൊടുത്തുവെന്നാണ് കേന്ദ്ര മലയാളി മന്ത്രി വി. മുരളീധരന്റെ സമാധാനം. 'ഒന്നും തന്നില്ല' എന്ന് പിണറായി മറുപടി പറയുമ്പോൾ ആ സ്വരത്തിന് കട്ടി പോരാ. പഴയ പിണറായി തന്നെയാണോ ഇത്? കഴിഞ്ഞ പ്രളയത്തിനു നൽകിയതിൽ രണ്ടായിരം കോടി ചെലവഴിക്കാതെ ബാക്കിയുണ്ടെന്നു മുരളീധർജി. ഉത്തരം മൗനം. അങ്ങനെയെങ്കിൽ അതെടുത്തു ചെലവാക്കരുതോ? ഇല്ല. ആർക്കും അടിച്ചു മാറ്റാനാകാത്തതാണ് മുഖ്യമന്ത്രിയുടെ ആ നിധി. അതിനു 'പാമ്പൻ പാലത്തിന്റെ ഉറപ്പുണ്ട്. സർക്കാർ അതിനു വേണ്ടി ദൃഢമായ സിമന്റ് കൊണ്ട് ഒരു സ്‌ട്രോംഗ് റൂം തന്നെ പണി കഴിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ ആർക്കു വേണമെങ്കിലും കാണാനും പരിശോധിക്കാനും കഴിയുമെന്ന് ആഴ്ച തോറും മുഖ്യൻ ഓർമപ്പെടുത്തുമുണ്ട്. എന്നിട്ടും ആരും ഇതേവരെ തിരിഞ്ഞുനോക്കിയിട്ടില്ല. സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ മുഖ്യന്റെ മുറിക്കു മുന്നിലായി ചങ്ങമ്പുഴയുടെ ശവകുടീരം പോലെ ഒരു അസ്ഥിമാടം പണിഞ്ഞിട്ടുണ്ട്. ചെവി ചേർത്തുപിടിച്ചാൽ അതിനകത്ത് കേന്ദ്രം നൽകിയ രണ്ടായിരം കോടിയുടെ സ്പന്ദനം കേൾക്കാം. ഈ ഇടപാട് കൂടുതൽ സുതാര്യമാകുന്നതിലേക്കായി സിമന്റ് പാളികൾ മാറ്റി, വെടിയുണ്ട കയറാത്ത കണ്ണാടിപ്പാളികൾ ഘടിപ്പിക്കാനുള്ള ജോലി ഉടൻ തുടങ്ങും.

****         ****        ****
തിരുവനന്തപുരത്ത് പത്രലേഖകനെ കാറിടിച്ചു കൊന്ന കേസ് ഇനിയും സങ്കീർണമാകുമോ എന്നും സംശയിക്കണം. കാറോടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നുവെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല. കക്ഷിയാണ് വണ്ടി ഓടിച്ചിരുന്നതെന്ന് ഇനിയും ശാസ്ത്രീയമായി തെളിയിക്കണം. ഇതെല്ലാം കഴിഞ്ഞ് മറ്റൊരു ചോദ്യം ഉയർന്നു വരാം- ശ്രീറാം വെങ്കട്ടരാമൻ ഒറ്റ വ്യക്തിയാണോ? അതോ ശ്രീറാമും വെങ്കട്ടരാമനും സുഹൃത്തുക്കൾ മാത്രമാണോ? ഇവരിൽ ആരായിരുന്നു സംഭവ സമയത്ത് ഡ്രൈവറുടെ പണി നോക്കിയിരുന്നത്? ആലോചിച്ചാൽ അന്തമില്ല.
 

Latest News